ഈയുഗം ന്യൂസ്
June 17, 2026 Wednesday 01:56:29pm
ദോഹ: ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക് പോയ ഖത്തറി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിച്ചതായും എയർപോർട്ടിൽ വെച്ച് അദ്ദേഹത്തെ തിരിച്ചയച്ചതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു.
ഖത്തരി ബ്ലോഗറായ ഹമദ് അൽ ഫദാലക്കാണ് ദുരനുഭവം ഉണ്ടായത്.
ഏകദേശം 30 മണിക്കൂറോളം തന്നെ തടഞ്ഞുവെച്ചതായും ഒരു ലോഹക്കസേരയിൽ ഉറങ്ങാൻ നിർബന്ധിച്ചതായും തുടർന്ന് അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കാതെ ദോഹയിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടതായും അൽ ഫദാല പറഞ്ഞു.
ഖത്തർ ഫുട്ബോൾ അസോസിയേഷൻ ആരാധകർക്കായി സംഘടിപ്പിച്ച പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.
ഹമദ് അൽ ഫദാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ഇങ്ങിനെ പറയുന്നു:
"എൻ്റെ സുഖവിവരം അന്വേഷിച്ച എല്ലാവർക്കും നന്ദി. ഞാൻ അമേരിക്കയിൽ എത്തിയപ്പോൾ ധരിച്ച അതേ വസ്ത്രമാണ് ഇപ്പോൾ ധരിക്കുന്നത്. ഞാൻ ഇപ്പോൾ അമേരിക്കയിൽ നിന്ന് തിരിച്ചുവരികയാണ്.
അമേരിക്കയിലേക്കുള്ള വിമാനത്തിൽ ഞാൻ 16 മണിക്കൂർ ചെലവഴിച്ചു, പിന്നീട് 30 മണിക്കൂർ അവർ എന്നെ തടഞ്ഞുവെച്ചു, 17 മണിക്കൂർ തിരിച്ചു ദോഹയിലേക്ക് (വിമാനത്തിൽ) ചിലവഴിച്ചു. (ഇപ്പോൾ ധരിച്ചിരിക്കുന്ന ഒരേ വസ്ത്രത്തിൽ ഞാൻ എത്ര മണിക്കൂർ ചെലവഴിച്ചുവെന്ന് നിങ്ങൾ മനസ്സിലാക്കുക. അവർ എന്റെ ഫോണുകളും ബാഗുകളും പിടിച്ചെടുത്തു.
"ഇപ്പോൾ ഞാൻ ഓക്കെയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യാത്രയായിരുന്നു ഇത്. അള്ളാഹു പറയുന്നു: നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടപ്പെടാതിരുന്നെങ്കിലും അത് നിങ്ങൾക്ക് നല്ലതായിരിക്കാം."
ഖത്തർ ഫുട്ബോൾ അസോസിയേഷന് നന്ദി, പക്ഷേ ഇത്തവണ എൻ്റെ യാത്ര സഫലമായില്ല. ദോഹയിൽ നിന്ന് അമേരിക്കയിലേക്കും, അമേരിക്കയിൽ നിന്ന് കാനഡയിലേക്കും, അമേരിക്കയിലേക്ക് തിരിച്ചും അവർ സൗജന്യ യാത്രയും, സൗജന്യ മാച്ച് ടിക്കറ്റുകളും ഞങ്ങൾക്ക് വാഗ്ദാനം ചെയ്തു, എല്ലാം QFA യുടെ പരിധിയിൽ വന്നു, പക്ഷേ യാത്ര ചെയ്ത ഖത്തറികളിൽ ഞാൻ മാത്രമാണ് ഇപ്പോൾ തിരിച്ചുവന്നത്."
അമേരിക്കയിൽ തടഞ്ഞുവെക്കാനുള്ള കാരണം ഹമദ് അൽ ഫദാല വിശദീകരിച്ചിട്ടില്ല.