ഈയുഗം ന്യൂസ്
July 22, 2026 Wednesday 11:19:59pm
ദോഹ: ചിത്തിര ക്രിയേഷൻസിൻ്റെ ബാനറിൽ ഉസ്മാൻ കല്ലൻ നിർമ്മിച്ച് ശ്രാവൺ സുരേഷ് ആലപിച്ച് സമർപ്പിക്കുന്ന ചിത്രാമ്മയ്ക്കൊരു പിറന്നാൾ സമ്മാനം ചൈത്ര ശ്രാവണം എന്ന ആൽബത്തിന്റെ പോസ്റ്റർ - ടീസർ ലോഞ്ച് ചെയ്തു
ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മയുടെ ഈരടികൾക്ക് ശ്രീ. വിദ്യാധരൻ മാസ്റ്റർ ഈണം നൽകി ചിത്രാമ്മയാൽ അനുഗ്രഹീതനായ ശ്രാവൺ സുരേഷ് പാടിയ ഈ ഗാനാർച്ചന ചിത്രാമ്മയുടെ ജന്മദിനമായ ജൂലായ് 27 ന് റിലീസ് ചെയ്യുന്നു.
ആൽബത്തിൻ്റെ പോസ്റ്ററിന്റെയും ടീസറിന്റെയും ലോഞ്ചിങ് ഖത്തറിലെ പ്രശസ്തമായ ഒലീവ് സുനോ നെറ്റ് വർക്കിന്റെ റേഡിയോ സുനോ 91.7 ൻ്റെ സ്റ്റുഡിയോയിൽ വെച്ച് നടത്തപ്പെട്ടു.
തുടർച്ചയായ അഞ്ചാം വർഷമാണ് ശ്രാവൺ ചിത്രാമ്മയ്ക്കായി ജൻമദിനാശംസാ ഗാനാർച്ചനകൾ സമർപ്പിക്കുന്നത്.
ചടങ്ങിൽ പങ്കെടുത്ത ഡോക്ടർ റഷീദ് പട്ടത്ത് ഈ ചെറു പ്രായത്തിൽ വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാധരൻ മാസ്റ്റർ എന്നീ മഹാരഥന്മാരുടെ ഗാനം ആലപിക്കാൻ ഭാഗ്യം ലഭിച്ച ശ്രാവണിനെ പ്രശംസിച്ചു. ഈ ആൽബത്തിന്റെ നിർമാതാവ് ഉസ്മാൻ കല്ലന്റെ മകൻ ഷഹീൻ ഉസ്മാൻ സംസ്കൃതി പ്രസിഡണ്ട് സാബിത്ത് ഷഹീർ സെക്രട്ടറി ബിജു പി മംഗലം എന്നിവർ ആൽബത്തിന് ആശംസയറിയിച്ച് സംസാരിച്ചു.
ശ്രാവണിന്റെ പിതാവും ഖത്തർ സമന്വയ പ്രസിഡണ്ടുമായ സുരേഷ് ബാബു പണിക്കർ, സെക്രട്ടറി രഞ്ജിത്ത് ദേവദാസ്, അശ്വിനി രഞ്ജിത്ത്, ഉണ്ണി കൊണ്ടോട്ടി, അനുരാജ് കളരിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.