ഈയുഗം ന്യൂസ്
June 13, 2026 Saturday 01:19:42pm
ദോഹ: ഇസ്രായേൽ-അമേരിക്ക-ഇറാൻ യുദ്ധം തുടങ്ങിയതിന് ശേഷം ഇറാനെതിരെ ശക്തമായി നിലപാടെടുത്ത യൂ.എ.ഇ സമീപനത്തിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്.
അമേരിക്കയും ഇസ്രയേലുമായി ചേർന്ന് ഇറാനെ പരാജയപ്പെടുത്താൻ ശ്രമിച്ചാൽ അത് ഫലം കാണില്ലെന്ന തിരിച്ചറിവും ഇറാന്റെ ശക്തമായ ആക്രമണങ്ങളുമാണ് മാറി ചിന്തിക്കാൻ യൂ.എ.ഇ യെ പ്രേരിപ്പിച്ചത്.
മാത്രമല്ല ഇറാനുമായി ബന്ധം മെച്ചപ്പെടുത്താനും ആക്രമണം നിർത്താനും ബില്യൺകണക്കിനു ഡോളർ നൽകാമെന്ന് യൂ.എ.ഇ ഓഫർ ചെയ്തതായും റിപോർട്ടുകൾ പറയുന്നു.
ജിസിസി രാജ്യങ്ങളിൽ, ഇറാൻ ഏറ്റവും കൂടുതൽ ആക്രമിച്ചത് യുഎഇയെയാണ്.
യുഎഇ ഇറാന് ആകെ 10 ബില്യൺ ഡോളർ നൽകാൻ സമ്മതിച്ചതായും അതിൽ 3 ബില്യണിലധികം ഡോളർ ഇതിനകം കൈമാറിയതായും നാല് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎഇയ്‌ക്കെതിരായ ഇറാൻ ആക്രമണങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതിനാൽ ഇറാനും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായതായ വാർത്ത ബലപ്പെടുന്നു.
"കഴിഞ്ഞ ഒരു മാസത്തിനിടെ, യുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ ഇറാൻ കനത്ത ആക്രമണം നടത്തിയ യുഎഇ, പുതിയ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടു, അതേസമയം ഇറാൻ കുവൈറ്റിലും ബഹ്‌റൈനിലും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. യുഎഇയിൽ ഇറാൻ നടത്തിയ അവസാനത്തെ നേരിട്ടുള്ള ആക്രമണം ഒരു മാസം മുമ്പായിരുന്നു - മെയ് 4 ന് ഫുജൈറ തുറമുഖത്ത് നടത്തിയ ആക്രമണം," റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇറാനോടുള്ള നിലപാട് മാറ്റാൻ ഖത്തറും സൗദിയും യുഎഇയെ പ്രേരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പണം കൈമാറ്റം സംബന്ധിച്ച റിപ്പോർട്ടുകൾ യുഎഇ ശക്തമായി നിഷേധിച്ചു.
യുദ്ധം അവസാനിച്ചാലും യുഎഇയെ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധങ്ങളിലെ നിലവിലെ പുരോഗതി യുഎഇയിൽ ശാശ്വത സമാധാനം കൊണ്ടുവരും.
അമേരിക്കയും ഇറാനും തമ്മിലുള്ള കരാറിന് അന്തിമരൂപമായതായും ഉടൻ ഒപ്പുവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.