ഈയുഗം ന്യൂസ്
June 09, 2026 Tuesday 11:16:56am
ദോഹ: ഫിഫ വേൾഡ് കപ്പ് സംഘാടനത്തിന്റെ പേരിൽ ഖത്തറിനെ അകാരണമായി ക്രൂരമായി വിമർശിച്ച പശ്ച്ചാത്യൻ മാധ്യമങ്ങളും സംഘടനകളും അമേരിക്കയുടെ കാര്യത്തിൽ അവലംബിക്കുന്നത് കുറ്റകരമായ മൗനം.
ലോകം കണ്ട ഏറ്റവും മികച്ച വേൾഡ് കപ്പ് എന്ന് പിന്നീട് വിധിയെഴുതപ്പെട്ട 2022 വേൾഡ് കപ്പ് പൂർത്തിയാകുന്നത് വരെ ഖത്തർ നേരിട്ടത് ക്രൂരമായ പാശ്ചാത്യൻ മാധ്യമ വിചാരണയാണ്. എന്നാൽ ജൂൺ 11 ന് തുടങ്ങാനിരിക്കുന്ന വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്ക വളരെ മോശമായ സംഘാടനത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ നിശിതമായ വിമർശനം നേരിടുകയാണ്.
ലോകം കണ്ട ഏറ്റവും മോശമായ ലോക കപ്പായിരിക്കും അമേരിക്കയിൽ നടക്കുക എന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ മുഖ്യധാരാ പാശ്ചാത്യൻ മാധ്യമങ്ങൾ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല.
സൗകര്യങ്ങളുടെ അപര്യാപ്തത, രാജ്യത്തെത്തുന്ന കളിക്കാരോടും കാണികളോടും മോശമായ പെരുമാറ്റം, വംശീയത, അകാരണമായി കളിക്കാർക്കും റഫറിമാർക്കും കാണികൾക്കും വിസ നിഷേധിക്കൽ, സൂപ്പർപവർ മനോഭാവം, ഉയർന്ന ടിക്കറ്റ് നിരക്ക് തുടങ്ങി നിരവധി വിമർശനങ്ങളാണ് അമേരിക്ക നേരിടുന്നത്.
അതേസമയം നൂറ് ശതമാനം കുറ്റമറ്റ വേൾഡ് കപ്പ് സംഘടിപ്പിച്ച ഖത്തറിനെതിരെ ഡോക്യുമെന്ററി അടക്കം തയ്യാറാക്കി വര്ഷങ്ങളോളം വിമർശനം ഉന്നയിച്ച പാശ്ചാത്യൻ മാധ്യമങ്ങൾ അമേരിക്കയുടെ പോരായ്മകൾ കാണുന്നില്ല. അമേരിക്കയുടെ സമീപനം ഫിഫ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഇറാൻ ടീം രാജ്യത്ത് താമസിക്കരുതെന്നും കളി കഴിഞ്ഞ ഉടൻ അമേരിക്ക വിടണമെന്നുമുള്ള തീരുമാനം വിവാദമായിരുന്നു.
യുഎസ് വിസ ലഭിക്കാനുള്ള ബുദ്ധിമുട്ട് കാരണം ആയിരക്കണക്കിന് മൊറോക്കൻ ആരാധകർക്ക് ലോകകപ്പിൽ പങ്കെടുക്കാൻ കഴിയുന്നില്ല. എല്ലാ നിബന്ധനകളും പാലിച്ചിട്ടും അവർക്ക് വിസ നിഷേധിക്കപ്പെടുന്നു, പലരും 500 മുതൽ 1,500 ഡോളർ വരെ വിലയുള്ള പാക്കേജുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഏഷ്യൻ-ആഫ്രിക്കൻ-അറബ് രാജ്യങ്ങളിൽ നിന്നെത്തുന്ന കളിക്കാരോട് പോലും മോശമായാണ് അമേരിക്കൻ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ പെരുമാറുന്നത്. സ്നിഫർ നായകൾ ഉപയോഗിച്ചു ഇവരിൽ ദേഹ പരിശോധന പോലും നടത്തുന്നു.
ലോകകപ്പിൽ സൊമാലിയയിൽ നിന്നുള്ള ആദ്യ റഫറിയാകാൻ പോകുന്ന സൊമാലിയൻ റഫറിക്ക് ട്രംപ് ഭരണകൂടം വിസ നിഷേധിച്ചു.
അമേരിക്കൻ വിസ ഉണ്ടായിരുന്നിട്ടും കഴിഞ്ഞയാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഒമർ അർതാന് യുഎസിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു. ഏറ്റവും പ്രശസ്തനായ ആഫ്രിക്കൻ റഫറിമാരിൽ ഒരാളാണ് ഒമർ.
ടിക്കറ്റ് നിരക്കുകളും വളരെ കൂടുതലാണ്.
"2022 ലോകകപ്പിന്റെയും 2026 ലോകകപ്പിന്റെയും ടിക്കറ്റ് നിരക്കുകൾ താരതമ്യം ചെയ്യുക. 2026 ലോകകപ്പ് മത്സരങ്ങൾ കാണാൻ വൃക്ക വിൽക്കേണ്ടി വരും. ചൂടുള്ള കാലാവസ്ഥയിൽ ഒരു മത്സരം കാണാൻ വേണ്ടി മാത്രം നിങ്ങൾ വലിയ തുകകൾ നൽകേണ്ടിവരും, കാലാവസ്ഥാ മുന്നറിയിപ്പുകൾ കാരണം മത്സരങ്ങൾ വൈകാനുള്ള സാധ്യതയുണ്ട്. അതിനുപുറമെ, നിങ്ങൾ ഒരു ടിക്കറ്റ് വാങ്ങിയാലും അമേരിക്കയിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ചേക്കില്ല," ഖത്തറിൽ നിന്നുള്ള ജാസ്സിം താനി എന്ന് പേരുള്ളയാൾ എക്സിൽ എഴുതി.
"2022-ൽ ഖത്തറിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പരസ്യ പ്രസ്താവന നടത്താൻ ജർമ്മനി മുസ്ലീമായ അവരുടെ ക്യാപ്റ്റൻ ഗുണ്ടോഗനെ നിർബന്ധിച്ചു. ലോകകപ്പ് ഇപ്പോൾ യുഎസിലാണ് നടക്കുന്നത്, അവരുടെ ടീമുകൾക്ക് അവസാന നിമിഷം വിസ ലഭിക്കുന്നു, ചില കളിക്കാർക്കും റഫറിമാർക്കും ആരാധകർക്കൊപ്പം വിസ പോലും ലഭിക്കുന്നില്ല. ടീമിന് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലെന്നാണ് അവരുടെ ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് പറയുന്നത്. ലോകത്തിലെ ഏറ്റവും കാപട്യം നിറഞ്ഞ രാഷ്ട്രമാണ് ജർമ്മനി," മറ്റൊരു ഫുട്ബോൾ ആരാധകൻ എക്സിൽ പറഞ്ഞു.
മോശം സംഘാടനത്തിന്റെ മറ്റു ഉദാഹരണങ്ങൾ:
2026 ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ്:
1- ഇറാഖി കളിക്കാരൻ അയ്മാൻ ഹുസൈനെ വിമാനത്താവളത്തിൽ 7 മണിക്കൂർ തടഞ്ഞുവച്ചു.
2- ഇറാഖി ദേശീയ ടീമിന്റെ ഫോട്ടോഗ്രാഫറെ യാതൊരു കാരണവുമില്ലാതെ പ്രവേശനം നിഷേധിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചു.
3- സ്വിറ്റ്സർലൻഡ് ദേശീയ ടീം അവരുടെ പരിശീലന ഗ്രൗണ്ടിന് സമീപം വിഷപ്പാമ്പുകളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടു.
4- ജാപ്പനീസ് ദേശീയ ടീം അവരുടെ പരിശീലന പിച്ചിന്റെ മോശം അവസ്ഥയെക്കുറിച്ച് പരാതിപ്പെട്ടു.
5- ഇംഗ്ലീഷ് ദേശീയ ടീമിന്റെ പരിശീലന ഗ്രൗണ്ടിന് സമീപം വെടിവയ്പ്പും പരിക്കുകളും ഉണ്ടായി.
7- കാലാവസ്ഥ കാരണം ചില സൗഹൃദ മത്സരങ്ങൾ രണ്ട് മണിക്കൂറോ അതിൽ കൂടുതലോ നിർത്തിവച്ചു, ഇത് ലോകകപ്പിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
8- ഇറാനിയൻ ദേശീയ ടീം അവരുടെ എല്ലാ മത്സരങ്ങളും അമേരിക്കയിൽ കളിക്കും, പക്ഷേ മത്സരം കഴിഞ്ഞയുടനെ രാജ്യം വിടേണ്ടിവരും!
"മറക്കാനാവാത്ത ഒരു അഴിമതി, മായ്ക്കാനാവാത്ത ദുരന്തം... പൂർണ്ണ പരാജയം!" സോഷ്യൽ മീഡിയ വിധിയെഴുതി.
അതേസമയം, 2022 ലോകകപ്പിന് മുമ്പ്, ലോകകപ്പ് പദ്ധതികൾക്കായി ഖത്തറിൽ ജോലി ചെയ്തിരുന്ന 6,500 കുടിയേറ്റ തൊഴിലാളികൾ മരിച്ചുവെന്ന ശുദ്ധ നുണ ഗാർഡിയൻ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഖത്തറിനെതിരെ ബി ബി സി ഡോക്യൂമെന്ററിയും നിർമ്മിച്ചിരുന്നു. ഈ മാധ്യമങ്ങളെല്ലാം ഇപ്പോൾ മൗനത്തിലാണ്.
2026 ലോകകപ്പ് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് നടക്കുന്നത്. അതേസമയം, മെക്സിക്കോ മികച്ച സേവനങ്ങൾ നൽകുകയും പ്രശംസ നേടുകയും ചെയ്യുന്നു.