ഈയുഗം ന്യൂസ്
October 26, 2025 Sunday 12:47:58pm
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഇന്നലെ അസാധാരണമായ കൂടിക്കാഴ്ച നടന്നു.
ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിലാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. ദോഹയിലെ അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളത്തിൽ ഇന്ധനം നിറയ്ക്കാൻ ട്രംപിന്റെ വിമാനം ലാൻഡ് ചെയ്തപ്പോഴാണ് ട്രംപിനെ കാണാൻ അമീർ വിമാനത്തിൽ കയറിയത്.
മലേഷ്യയിൽ നടക്കുന്ന ആസിയാൻ യോഗത്തിൽ പങ്കെടുക്കാൻ ട്രംപ് മലേഷ്യയിലേക്ക് പോകുന്നതിനിടെ ഇന്ധനം നിറയ്ക്കാനാണ് ദോഹയിൽ ലാൻഡ് ചെയ്തത്.
പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയും അമീറിനൊപ്പമുണ്ടായിരുന്നു.
"എയർ ഫോഴ്സ് വൺ ഇന്ധനം നിറയ്ക്കാൻ വരുന്നുണ്ടെന്ന് അറിഞ്ഞയുടനെ ഞാൻ പറഞ്ഞു - ഞാൻ വന്ന് ഹലോ പറയാതെ പ്രെസിഡന്റിനെ പോകാൻ അനുവദിക്കില്ല," മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വിമാനത്തിൽ വെച്ച് അമീർ പറഞ്ഞു.
അമേരിക്കൻ പ്രെസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിൽ നടന്ന അപൂർവ കൂടിക്കാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
അതേസമയം ട്രംപ് അമീറിനെ പ്രശംസിച്ചു.
"ഇതൊരു ബഹുമതിയാണ്. നമുക്ക് ഒരു മികച്ച സഖ്യകക്ഷിയുണ്ട് (ഖത്തർ). അദ്ദേഹം (അമീർ) ഒരു മികച്ച സുഹൃത്താണ്," ട്രൂമ്പ് പറഞ്ഞു.
"ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളാണ് അമീർ. അദ്ദേഹം തന്റെ ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. പ്രധാനമന്ത്രിയും. ഞങ്ങൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ സമാധാനം," ട്രംപ് പറഞ്ഞു.
ഇന്ധനം നിറച്ച ശേഷം വിമാനം മലേഷ്യയിലേക്ക് പറന്നു.