// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  10, 2018   Saturday  

news



സൂചിയിൽ നിന്ന് നൊബേൽ സമ്മാനവും തിരിച്ചെടുക്കണമെന്ന് മുൻ ജേതാക്കളിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

whatsapp

അടുത്ത കാലം വരെയും മ്യാൻമർ ജനതയുടെ ആശയും ആവേശവുമായിരുന്ന ആംഗ്സാങ്ങ് സൂചിക്ക് അമേരിക്കയിൽ നിന്ന് ലഭിച്ച എലി വീസൽ മെമ്മോറിയൽ ഹൊളോകോസ്റ്റ് മ്യൂസിയം അവാർഡ് തിരിച്ചു വാങ്ങുന്നു.

മ്യാൻമറിലെ പട്ടാള ഭരണകൂടം റോഹിങ്ക്യ മുസ്ലിം ന്യൂനപക്ഷത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന കിരാത നടപടിയെ അപലപിക്കാനും നരനായാട്ട് നിർത്തലാക്കാനും ശ്രമിക്കാതെ മാനം പാലിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു.

2012ലായിരുന്നു സൂചിക്ക് ഈ അവാർഡ് സമ്മാനിച്ചത്. മ്യാൻമറിലെ പട്ടാള അനീതിക്കെതിരെ മനുഷ്യാവകാശ പക്ഷത്ത് നിലയുറപ്പിച്ചതിന്റെ പേരിൽ വർഷങ്ങളോളം വീട്ടുതടങ്കലിൽ കഴിയേണ്ടിവന്ന അവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനവും കിട്ടിയിട്ടുണ്ട്.

വളരെ വിഷമത്തോടെയാണ് അവാർഡ് പിൻവലിക്കുന്നതെന്ന് മ്യൂസിയം കത്തിൽ പറയുന്നു. മാർച്ച് 6 ന് എഴുതിയ കത്തിന്റെ പകർപ്പ് അവരുടെ വെബ്സൈറ്റിലുണ്ട്. "2016, 2017 കാലഘട്ടത്തിൽ പട്ടാള അധിക്രമം എല്ലാ സീമകളും ലംഘിച്ചപ്പോള്‍ അതിനെ അപലപിക്കാനും അവരെ തടയാനും താങ്കൾ തയാറാവുമെന്നായിരുന്നു മറ്റ് പലരെയും പോലെ ഞങ്ങളും പ്രതീക്ഷിച്ചിരുന്നത്. മനുഷ്യന്റെ അന്തസും അവകാശങ്ങളും സംരക്ഷിക്കുന്ന വിഷയത്തിൽ താങ്കൾ കാണിക്കുന്ന പ്രതിബദ്ധതയെ ഞങ്ങളും ആഘോഷിച്ചിരുന്നതാണ്. പക്ഷെ, റോഹിങ്ക്യ മുസ് ലിംകളെ വേട്ടയാടുന്ന പട്ടാള അതിക്രമം പാരമ്യത്തിലെത്തിയിട്ടും ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഈ ഉന്നത വനിത മൗനം പാലിക്കുന്നു," മ്യൂസിയം കുറ്റപ്പെടുത്തി.

2017 ആഗസ്റ്റിനു ശേഷം 730 കുട്ടികളടക്കം 6,700 റോഹിങ്ക്യൻ മുസ് ലിംകളെയാണ് പട്ടാളം കൊന്നു തള്ളിയത്. 600000 പേർ നാടുവിട്ടോടാൻ നിർബന്ധിതമായി അയൽ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുകയാണ്.

"നിസ്സംഗത വേട്ടക്കാരെയാണ് സഹായിക്കുക, ഇരകളെയല്ല. മൗനം പീഠകർക്ക് പ്രോൽസാഹമേകും, പീഡിതർക്കല്ല." മ്യൂസിയം മുന്നറിയിപ്പു നൽകി. സൂചിയിൽ നിന്ന് നൊബേൽ സമ്മാനവും തിരിച്ചെടുക്കണമെന്ന് മുൻ ജേതാക്കളിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Comments


Page 1 of 0