// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 21, 2018 Wednesday
ഇസ്രായീലിന്‍റെ ഏറ്റവും വലിയ വാതക ഖനി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികള്‍ 15 ബില്യന്‍ ഡോളറിന്‍റെ പ്രകൃതി വാതകം ഈജിപ്തിന് നല്‍കാന്‍ ധാരണയായി. ഇസ്രയീലിനു കോളടിച്ചു എന്നാണ് ഒരു വിദഗ്ധന്‍ ഇതിനെ വിശേഷിപ്പിച്ചത്.
തിങ്കളാഴ്ച ഒപ്പ് വെച്ച ധാരണ അനുസരിച്ച് ഇസ്രായീല്‍ കമ്പനിയായ ദാലാക് ഡ്രില്ലിംഗ്, ടെക്സാസ് കേന്ദ്രീകരിച്ചുള്ള നോബ്ള്‍ എനര്‍ജി എന്നിവ ഈജിപ്ത് കമ്പനിയായ ഡോള്‍ഫിനാസ് ഹോള്‍ഡിംഗ്സിന് അടുത്ത പത്ത് വര്‍ഷത്തേക്ക്, ഇസ്രായീലിന്‍റെ ഏറ്റവും വലിയ വാതക ഖനിയായ ലിവ്യതന്‍, രണ്ടാമത്തെ വലിയ ഖനിയായ തമര്‍ എന്നീ ഖനികളില്‍ നിന്ന് പ്രകൃതി വാതകം നല്‍കും. കരാര്‍ "രാജ്യത്തിന്‍റെ ഖജനാവിലേക്ക് ബില്യന്‍ കണക്കിന് ഡോളര്‍" കൊണ്ടുവരുമെന്ന് ഇസ്രായീല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
2010-ല്‍ കണ്ടെത്തിയ, കടലിനടിയിലെ വാതക ഖനിയായ ലിവ്യതനു വിദേശ മൂലധനം കണ്ടെത്താന്‍ ഇതുവരെ പ്രയാസപ്പെടുകയായിരുന്നു ഇസ്രായീല്‍.
ഈ കരാര്‍ വഴി വലിയൊരു കോളാണ് അവര്‍ക്ക് കിട്ടിയതെന്ന്, വിദേശ ബന്ധങ്ങളെക്കുറിച്ച യൂറോപ്യന്‍ കൌണ്‍സിലിലെ നയവിദഗ്ധനും
ഊര്‍ജ രാഷ്ട്രീയ മേഖലയിലെ നിരീക്ഷകനുമായ താരിഖ് ബാകോണി മിഡില്‍ ഈസ്റ്റ് ഐ-യോട് പറഞ്ഞു.
"അവര്‍ക്ക് വാതകം വാങ്ങുന്നതിന് ആകെ ഉണ്ടായിരുന്നത് ജോര്‍ദാന്‍ മാത്രമായിരുന്നു. അതാകട്ടെ, താരതമ്യേനെ ഒരു ചെറിയ വിപണിയാണ്," ഇസ്രായീലില്‍ നിന്ന് പത്ത് മില്യന്‍ ഡോളറിന്‍റെ വാതകം വാങ്ങുന്നതിന് ജോര്‍ദാന്‍ 2016-ല്‍ ഉണ്ടാക്കിയ കരാറിനെ സൂചിപ്പിച്ച് ബാര്‍കോണി പറഞ്ഞു. ആ വര്‍ഷം ജോര്‍ദാന്‍ നാഷനല്‍ ഇലക്ട്രിക് പവര്‍ കമ്പനിയുമായി നോബ്ള്‍ കരാര്‍ ഒപ്പിടുന്നത് വരെയും ജോര്‍ദാനില്‍ അനവധി പ്രതിഷേദങ്ങള്‍ അരങ്ങേറുകയുണ്ടായി.
പക്ഷേ, സീനായിലെ സഹകരണം അടക്കം ഈജിപ്തിലെ അബ്ദുല്‍ ഫത്താഹ് അല്‍ സീസി സര്‍ക്കാരും നെതന്യാഹുവും തമ്മിലുള്ള അടുപ്പത്തിന്‍റെ പശ്ചാത്തലത്തില്‍, ഈജിപ്തില്‍ ഇങ്ങനെയൊരു ജനകീയ പ്രതിഷേധം ഈ കരാറിനെതിരെ ഉയരാന്‍ സാധ്യതയില്ലെന്ന് ബാര്‍കോണി പറയുന്നു. ഇനി എന്തെങ്കിലും സമ്മര്‍ദം ഉയര്‍ന്നു വന്നാല്‍ തന്നെ അല്‍-സീസിക്ക് കീഴില്‍ അതെല്ലാം സമ്പൂര്‍ണമായി അടിച്ചമര്‍ത്തപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഡിറ്റെറേനിയന്‍ മേഖലയില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ വാതക ഖനിയായി വിശേഷിപ്പിക്കപ്പെടുന്ന ഈജിപ്തിലെ സുഹ്ര ഖനിയില്‍ നിന്ന് ഇറ്റാലിയന്‍ ഊര്‍ജ ഭീമനായ ഇ.എന്‍.ഐ. വാതകം ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് ഈജിപ്ത്-ഇസ്രായീല്‍ കരാര്‍ വാര്‍ത്ത പുറത്തുവരുന്നത്. ഒരു കാലത്ത് ഈജിപ്ത് വാതകം കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു. പക്ഷേ, വര്‍ഷങ്ങളായുള്ള രാഷ്ട്രീയ അരക്ഷിതത്വവും അന്വേഷണവിധേയമായ കരാറുകള്‍ അടക്കം തികഞ്ഞ കെടുകാര്യസ്ഥതയും മൂലം വളരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ക്ക് വാതകം ഇറക്കുമതി ചെയ്യേണ്ട സ്ഥിതി വന്നു.
2020-ലോ 2021-ലോ വീണ്ടും വാതക കയറ്റുമതി രാജ്യമായി മാറും എന്ന "ശക്തമായ സൂചനകള്‍ പ്രദര്‍ശിപ്പിചു കൊണ്ടിരിക്കുകയായിരുന്നു" ഈജിപ്ത് എന്നാണ് ബാര്‍കോണി പറയുന്നത്. പക്ഷേ, ഇസ്രായീലുമായുള്ള തിങ്കളാഴ്ചയിലെ വാതക കരാര്‍ സൂചിപ്പിക്കുന്നത് ഈജിപ്ത് ഒരു വാതക ഇറക്കുമതി രാജ്യമായിത്തന്നെ തുടരുമെന്നാണ്.