// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 10, 2018 Saturday
ജപ്പാനിൽ വയസ്സായ ആളുകൾ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരെ ശുശ്രൂഷിക്കാനുള്ളവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കയാണ്. റോബോട്ടിക് ഉപകരണങ്ങൾ വഴി ഈ വിടവു നികത്താനാണ് ജപ്പാൻ ശ്രമിക്കുന്നത്.
2025 ആകുമ്പോഴേക്കും 370,000 പരിചരണക്കാരുടെ കുറവ് ഉണ്ടാകുമെന്ന് കരുതുന്നു.
ലളിതമായ റോബോട്ടിക് ഉപകരണങ്ങൾ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. അവശരായവരെ കിടക്കയിൽ നിന്നും വീൽചെയറിലേക്ക് കയറാൻ സഹായിക്കുന്നതോ, വയസ്സായവരെ കുളിമുറിയിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതോ ആയ ഉപകരണങ്ങൾക്ക് ആവശ്യക്കാർ ഏറെ ഉണ്ടാവും.
ജപ്പാൻ സർക്കാർ ഇത്തരം ഉപകരണങ്ങൾക്ക് ഒരുപാട് സാധ്യതകൾ കാണുന്നതുകൊണ്ട്, അവ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം കൊടുത്തുവരുന്നു.
റോബോട്ടിക് ഉപകരണങ്ങളുടെ പ്രധാന ലക്ഷ്യം നഴ്സിങ് സ്റ്റാഫിന്‍റെ ജോലിഭാരം ലഘൂകരിക്കുക എന്നതും, ഒറ്റക്ക് താമസിക്കുന്ന വയസ്സായവരെ സഹായിക്കുകയുമാണെന്ന് ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഇൻഡസ്ട്രിയൽ സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷണ വിഭാഗം മേധാവി ഡോ ഹിരോഹിസ ഹീരുക്കാവ ലണ്ടനിലെ ഗാർഡിയൻ പത്രത്തിനോട് ഒരഭിമുഖത്തിൽ പറഞ്ഞു.
പക്ഷെ ജപ്പാനിൽ ഇപ്പോൾ ഏകദേശം 8% നഴ്സിംഗ് ഹോമുകളിൽ മാത്രമാണ് റോബോട്ടിക് ഉപകരണങ്ങൾ ഉള്ളതെന്ന് ഹീരുക്കാവ പറഞ്ഞു. ഇതിന്‍റെ പ്രധാന കാരണം അവക്കുള്ള വൻചെലവുകൾ തന്നെ. പിന്നെ ആളുകളുടെ മാനസികാവസ്ഥയും മറ്റൊരു കാരണമാവുന്നുണ്ട്. യന്ത്രങ്ങളല്ല, മനുഷ്യരാകണം മറ്റു മനുഷ്യരെ നോക്കേണ്ടത് എന്നൊരു ധാരണ പൊതുവേയുണ്ട്, അദ്ദേഹം പറയുന്നു.
ഹീരുക്കാവയുടെ ഗവേഷണ കേന്ദ്രം, സർക്കാർ പിന്തുണയുള്ള പദ്ധതിയിയുടെ ഭാഗമായി, നഴ്സിംഗ്-കെയർ റോബോട്ടിക് ഉപകരണങ്ങളുടെ 98 നിർമ്മാതാക്കളെ സഹായിച്ചിട്ടുണ്ട്. അതുവഴി 15 വാണിജ്യ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
ചെലവും, സങ്കീർണതയും കുറക്കുന്നതിന് വേണ്ടി, ഇപ്പോൾ വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ മനുഷ്യരോട് സാദൃശ്യമുള്ളതോ, ഉപയോക്താക്കളോട് ആശയവിനിമയം നടത്തുവാൻ കഴിവുള്ളവയോ അല്ല. പ്രത്യേക സാഹചര്യങ്ങളിൽ കഴിയുന്ന ആളുകളെ സഹായിക്കുന്നതിന് സാങ്കേതിക വിദ്യ വിന്യസിക്കുക മാത്രമാണ് ഈ അവസരത്തിൽ ചെയ്യുന്നത്.
വികസിപ്പിച്ചെടുത്തതിലൊന്ന് വയസ്സായൊരു ആൾ ഒറ്റയ്ക്ക് പുറത്തു നടക്കുമ്പോൾ സഹായിക്കാനുള്ള ഒരു യന്ത്രമാണ്. കയറ്റത്തിലും, ഇറക്കത്തിലും ഈ ഉപകരണം വളരെ ഉപകാരപ്പെടും. ജപ്പാനിൽ 2020ഓടെ കിടപ്പിലായ അഞ്ചില്‍ നാല് പേർ സഹായത്തിനു റോബോട്ടുകളെ അശ്രയിക്കുമെന്ന് അവിടത്തെ സർക്കാർ കണക്കുകൂട്ടുന്നു.