// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 08, 2018 Thursday
ഫേസ്ബുക്ക് അതിന്‍റെ ഉപയോക്താക്കളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിഗതികളെ സ്വയമേവ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഫേസ്ബുക്ക് പേറ്റൻറ് അപേക്ഷ കൊടുത്തിട്ടുള്ള ഒരു സാങ്കേതികവിദ്യ വഴി ഉപയോക്താക്കളെ തൊഴിലാളിവർഗം, ഇടത്തരക്കാർ, സമ്പന്നവിഭാഗത്തിൽ പെട്ടവർ എന്നീ മൂന്നു വിഭാഗങ്ങളായി വേർതിരിക്കാൻ കഴിയും.
ഉപയോക്താക്കളുടെ വിദ്യാഭ്യാസം, താമസ സൗകര്യം, ഇന്റർനെറ്റ് ഉപയോഗം എന്ന സ്വകാര്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയെ അറിയാൻ ഈ പുതിയ പേറ്റന്റ് ഫേസ്ബുക്കിനെ സഹായിക്കുമെന്ന് ലണ്ടൻ പത്രമായ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.
ഈ പുതിയ പേറ്റന്റ്, ഫെയ്സ്ബുക്കിന്‍റെ ഉപയോക്താക്കളെ കൂടുതൽ അറിഞ്ഞ്, അവര്‍ക്ക് പ്രസക്തമായ പരസ്യങ്ങൾ നൽകുന്നതിന് സഹായിക്കുന്നു.
ഉപയോക്താക്കളുടെ സാമൂഹ്യ-സാമ്പത്തിക കാര്യങ്ങൾ അറിയുന്നതിലൂടെ, പുറമെ നിന്നുളള കക്ഷികൾ സ്പോൺസർ ചെയ്യുന്ന ഉള്ളടക്കത്തെ അത് ഉദ്ദേശിക്കുന്നവരിൽ എത്തിക്കാൻ ഫെയ്സ്ബുക്കിന് കഴിയുമെന്ന് പേറ്റൻറ് അപേക്ഷയിൽ പറയുന്നു.
"മൂന്നാം കക്ഷികൾക്ക് അവരുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഇതുവഴി ഫലപ്രദമായി പ്രചരിപ്പിക്കാൻ കഴിയും; ഒപ്പം ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ രസകരമായ ഇടപെടലുകൾ നടത്തുകയും ചെയ്യാം” എന്നും അപേക്ഷയിലുണ്ട്.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രായം എന്താണെന്ന് അറിഞ്ഞതിനുശേഷം, ആ പ്രായത്തിലുള്ളവര്‍ക്ക് പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കും. ഇരുപത് മുതൽ 30 വയസ്സുവരെ പ്രായമുള്ളവരോട് എത്ര ഇന്റർനെറ്റ് ഉപകരണങ്ങൾ അവര്‍ക്ക് സ്വന്തമായി ഉണ്ടെന്നും, 30 മുതൽ 40 വർഷം വരെ പ്രായമുള്ളവരോട് അവര്‍ക്ക് സ്വന്തമായി വീടുണ്ടോയെന്നുള്ള വിവരങ്ങൾ തിരക്കും.
സന്ദര്‍ശിച്ച സ്ഥലങ്ങൾ, വിദ്യാഭ്യാസ നിലവാരം എന്നിവയും കൂടി അറിയുന്നതിലൂടെ ഉപയോക്താക്കളുടെ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയെ പറ്റിയുള്ള മുഴുവൻ ചിത്രവും, ഈ പേറ്റന്റ് വഴി ഫേസ്ബുക്കിനു ലഭിക്കും.
പക്ഷെ അപേക്ഷ കൊടുത്തിട്ടുള്ള പേറ്റന്റ് ഉപയോക്താവിന്‍റെ വിവരങ്ങള്‍ അറിയാൻ യഥാർത്ഥത്തിൽ ഉപയോഗിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.