// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
February  09, 2018   Friday  

news



ലോകത്തിൽ പലയിടത്തുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളുടെയും അവിടങ്ങളിലെ ജീവനക്കാരുടെയും തന്ത്രപ്രധാനമായ വിവരങ്ങൾ സ്ട്രാവ എന്ന ഫിറ്റ്നസ് ട്രാക്കിംഗ് ആപ്പിലൂടെ അറിയാന്‍ പറ്റും.

whatsapp

ആരോഗ്യപരിപാലനക്രമങ്ങളെ പിന്തുടരുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം അമേരിക്കക്ക് പാരയാവുന്നതായി വാര്‍ത്തകൾ.

ലോകത്തിൽ പലയിടത്തുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളുടെയും അവിടങ്ങളിലെ ജീവനക്കാരുടെയും തന്ത്രപ്രധാനമായ വിവരങ്ങൾ സ്ട്രാവ എന്ന ഫിറ്റ്നസ് ട്രാക്കിംഗ് ആപ്പിലൂടെ അറിയാന്‍ പറ്റും എന്ന വെളിപ്പെടുത്തൽ ആശങ്ക ഉളവാക്കിയിരിക്കുന്നു. അമേരിക്ക “ആപ്പിലാ”യ മട്ടാണ്!

ഉപയോക്താക്കളുടെ ശാരീരിക പ്രവര്‍ത്തനങ്ങൾ കാണിക്കുന്ന സ്ട്രാവ ആപ്പിന്‍റെ ഡാറ്റ വിഷ്വലൈസേഷൻ മാപ്പിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ വ്യായാമമുറകൾ അതിൽ രേഖപ്പെടുത്താനും അവയൊക്കെ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും കഴിയും. കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ ഡാറ്റ വിഷ്വലൈസേഷൻ മാപ്പിലാണ്, സ്ട്രാവയിൽ അപ്‌ലോഡ്‌ ചെയ്യുന്ന ഇത്തരം ഓരോ പ്രവർത്തിയും കാണാന്‍ പറ്റുന്നത്. ഇതുവരേക്കുമായി മൂന്ന് ട്രില്യൻ ജിപി ഡാറ്റയാണ് മാപ്പിൽ അപ്‌ലോഡ്‌ ചെയ്തു കഴിഞ്ഞിരിക്കുന്നത്.

സ്മാർട്ട്ഫോണുകൾ, ഫിറ്റ്‌ബിറ്റ് പോലുള്ള ഫിറ്റ്നെസ്സ് ട്രാക്കറുകൾ എന്നിവയുൾപ്പെടെ വിവിധ ഉപകരണങ്ങളിൽ ഉപയോഗിക്കാവുന്ന ഈ ആപ്ലിക്കേഷൻ വഴി, പ്രധാന നഗരങ്ങളിലെ വ്യായാമത്തിന് ആള്‍ക്കാർ ഓടുന്ന പാതകളെ അറിയാനും, ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കൂട്ടത്തിൽ അസാധാരണ വ്യായാമ മുറകൾ പിന്തുടുരുന്ന വ്യക്തികളെ കണ്ടെത്താനും പറ്റും.

ഇതിനു പുറമെ, സ്ട്രാവ ഉപയോക്താക്കളായ സൈനിക ഉദ്യോഗസ്ഥരുടെ സ്ഥലവിവരങ്ങളും ആപ്പിന്‍റെ ഡാറ്റ വിഷ്വലൈസേഷൻ മാപ്പിൽ അടങ്ങിയിട്ടുണ്ടെന്ന് ചില വിദഗ്ദ്ധർ ഇയ്യിടെ കണ്ടുപിടിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യുനൈറ്റഡ് കോൺഫ്ലിക്റ്റ് അനലിസ്റ്റുസ് എന്ന സംഘടനയിലെ അംഗമായ നാഥന്‍ റൂസറാണ് ഈ കുഴപ്പത്തെപറ്റി ആദ്യം മനസ്സിലാക്കിയത്. ആപ്പിലെ “ഹീറ്റ് മാപ്പ്” വളരെ “സുന്ദര”മായി തോന്നിയത്രേ അദ്ദേഹത്തിന്. “അതുവഴി, അമേരിക്കന്‍ സൈന്യത്താവളങ്ങൾ വ്യക്തമായി തിരിച്ചറിയാനും മാപ്പുചെയ്യാനും കഴിയും,” എന്നാണ് അദ്ദേഹത്തിന്‍റെ നിഗമനം.

സൈനികർ വ്യായാമം ചെയ്യാൻ പോകുമ്പോൾ സാധാരണക്കാരെപ്പോലെ ഈ ആപ്പിനെ ഉപയോഗിക്കുകയാണെങ്കിൽ, അത് പ്രത്യേകിച്ചും അപകടകരമാണ് എന്ന് റൂസർ പറയുന്നു. സിറിയയിൽ, അമേരിക്ക നയിക്കുന്ന ചില കേന്ദ്രങ്ങൾ ഈ ആപ്പിലൂടെ രാത്രി പ്രകാശിച്ച് നില്‍ക്കുന്നതായി കാണാൻ പറ്റുന്നതായി മറ്റൊരു അനലിസ്റ്റും തന്‍റെ പഠനത്തിൽ വ്യക്തമാക്കി.

ഈ വെളിപ്പെടുത്തലുകളെ തുടര്‍ന്ന്, സൈനിക കേന്ദ്രങ്ങളിൽ വയർലെസ്, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾനല്‍കുമെന്ന് അമേരിക്കൻ വൃത്തങ്ങള്‍ പറഞ്ഞു.

Comments


Page 1 of 0