PERSPECTIVES

"പകലരുത്, പലതരുത്, പതിവരുത്." മദ്യപാനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റി അമ്മാവനിൽ നിന്നും കിട്ടിയ അറിവ് അയാൾ പങ്കുവച്ചത് താര ഒരു നെടുവീർപ്പോടെ ഓർത്തു. “ഇത് എന്റെയും പോളിസിയാവുമെടോ. നമ്മുടെ പ്രിയപ്പെട്ട സിനിമ പോലെ... ഒന്നിച്ചുള്ളകറക്കം പോലെ... അത്രയേ ഉള്ളൂ. വല്ലപ്പോഴും ഒരു സോഷ്യൽ ഗാതറിംഗിൽ രണ്ട് പെഗ്ഗ്. ഏറിയാൽ മൂന്ന്.” കൈയിലടിച്ച സത്യത്തെ കാറ്റിൽ പറത്തി മദ്യപാനസദസ്സുകളിൽ സ്വരസ്ഥാനങ്ങൾ അപശ്രുതി മീട്ടി. കോമാളി കളിച്ച് ഉള്ള വില പോയി മറ്റുള്ളവരുടെ മുന്നിൽ അപമാനിതയായി നിന്ന ഓക്കാനം വരുന്ന ഓർമ്മകളെ മാടിക്കുത്തി താരയ്ക്ക് ടീംസിലെ മീറ്റിംഗ് സൈൻ ഇൻ ചെയ്യേണ്ടി വന്നു. ഇലവൻ 'സി'യാണ് . ടീച്ചർക്ക് മുന്നേ പിള്ളേര് ഹാജർ! യൂ ട്യൂബേഴ്സിന്റെ വിശേഷങ്ങളും, പ്രൈം സീരീസ് അപ്ഡേറ്റ്സും കൊണ്ട് ചാറ്റ് ബോക്സ് നിറഞ്ഞിരിക്കും. നേരെ സെറ്റിംഗ്സിൽ പോയി "ഒൺലി മീ" ആക്കി. ഹാജർ എടുക്കുമ്പോഴും ഷൂ റാക്കിന് മുകളിലത്തെ വലിയ ഹാൻഡ് സാനിറ്റൈസർ കാണാതായ അങ്കലാപ്പ് നിറഞ്ഞു അവൾക്കുള്ളിൽ. പവർ പോയിന്റ് പ്രസന്റെഷനിലൂടെയും ആംഗലേയ വ്യാകരണം പഠിപ്പിക്കാൻ ആകുമെന്ന് പുറത്തേക്ക് വന്ന കോട്ടുവായ് വിഴുങ്ങിക്കൊണ്ടവൾ ഓർത്തു. വീഡിയോ ഓൺ ആക്കാത്ത വിഹാനെയും, അക്ഷിതയെയും പേരെടുത്തു വിളിച്ച് ചീത്ത പറഞ്ഞത് എത്രാമത്തെ ആവർത്തിയാണെന്ന് താര തന്നെ മറന്നു.

മുന്നിലെ വാതിലിൽ താക്കോലിട്ട് തിരിച്ച് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഉറപ്പിച്ചു. "ഭുവന എത്തിക്കാണും''!! ഞൊടിയിടയിൽ വീഡിയോയും, ഓഡിയോയും മ്യൂട്ട് ആക്കി വാതിൽ തുറന്ന് എത്തിനോക്കി. "ഇന്നും എങ്ങനെയൊക്കെയോ പോലീസിന്റെ കണ്ണുവെട്ടിച്ച് എത്തി. നാളെ എന്താവും എന്ന് അറിയില്ല"! ഭുവനയുടെ മുഖാവരണമെവിടെ എന്ന ചോദ്യം തൊണ്ടക്കുഴിയിൽ നിന്നും പുറപ്പെടും മുന്നേ അത് നിലത്തിട്ട് ചവിട്ടിയരച്ചു കളഞ്ഞു അവൾ, “ബദ്മാശ് ലോഗ്" എന്ന ഒറ്റ അമർഷത്തിൽ!! വാറ്റുചാരായമാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഭുവന കൊണ്ടുവന്നിരിക്കുന്നത്!! ഇപ്പോഴത് വാറ്റ് ചാരായമല്ല. സന്തുവിന്റെ ഉള്ളിലെ മൃഗത്തെ ഉറക്കാനുള്ള മരുന്നാണ്. ഭുവന താരയ്ക്കിപ്പോൾ വീട്ടു സഹായി മാത്രമല്ല, ജീവൻരക്ഷക കൂടിയാണ്. അവളിപ്പോൾ കഴിച്ചുകൂട്ടുന്ന ജീവിതത്തിന് ഏക സാക്ഷി ഭുവന മാത്രമാണ്. കണ്ണു കാണാൻ വയ്യാത്ത മകളെ അനിയത്തിയുടെ വീട്ടിലാക്കിയാണ് അവൾ താരയുടെ വീട്ടിൽ ചെല്ലുന്നത്. അതിനെന്ത് കൊടുത്താലും മതിയാവില്ല. നേത്രദാന യൂണിറ്റിലെ ഡോക്ടറെ മുടങ്ങാതെ വിളിച്ച് ഭുവനയുടെ മകളുടെ കാര്യം ഓർമ്മിപ്പിക്കുമ്പോഴായിരുന്നു താര കുറച്ചെങ്കിലും ആശ്വസിച്ചിരുന്നത്. ഭുവനയ്ക്ക് വരാൻ പറ്റാത്ത ഒരു ദിവസം വീട്ടിലെ സകല സാധനങ്ങളും തല്ലിത്തകർത്ത് സന്തു കാട്ടിക്കൂട്ടിയത് കണ്ട് ഭയന്ന് ഓൺലൈൻ ക്ലാസ് എടുക്കാൻ നിൽക്കാതെ താര മദ്യം അന്വേഷിച്ചിറങ്ങി.

കോഡിനേറ്റർക്ക് ഒരു മെസ്സേജ് ഇട്ടിരുന്നു. "ഇന്റർനെറ്റ് കണക്ഷൻ ഈസ് അൺസ്റ്റേബിൾ" എന്ന്. നേരിയ പ്രതിരോധത്തിനുപോലും ശ്രമിക്കാതെയാണ് താരയുടെ മദ്യമന്വേഷിച്ചുള്ള യാത്ര. ഭുവനയുടെ ഇളയച്ഛനാണ് വാറ്റുചാരായം തരപ്പെടുത്താമെന്നുപറഞ്ഞ് ഒരു ഊടുവഴിയിൽക്കൂടി നടത്തിക്കൊണ്ട് ചെന്ന് പഴയ ബസ് സ്റ്റാൻഡിന് പുറകിലെ എ.ടി.എം.ന്റെ അടുത്ത് വെച്ച് മദ്യക്കുപ്പി കൈമാറിയത്. വഴിയിൽ തടഞ്ഞ് നിർത്തി ചോദ്യം ചെയ്ത പോലീസുകാരനോട് നുണകൾ ഒന്നിന് പിന്നാലെ മറ്റൊന്ന് കൊരുത്ത് വച്ച് ഒരുവിധം തടി തപ്പി. നഗരത്തിലെ പ്രശസ്ത സ്കൂളിലെ അധ്യാപികയെന്ന ലേബൽ അവൾ അന്ന് മന:പ്പൂർവ്വം മുതലെടുത്തു. ശിഷ്യഗണങ്ങളിൽ ഒരാളുടെ അച്ഛൻ പോലീസ് മേധാവിയായി ജോലി ചെയ്യുന്നുണ്ടെന്നതും പിടിവള്ളിയായി.

സോഷ്യൽ ഡ്രിങ്കർ - അത്രേ പരിചയപ്പെടുമ്പോൾ സന്തു പറഞ്ഞിരുന്നുള്ളൂ. പെണ്ണുകാണാൻ വന്നപ്പോഴാണ് ആ പരിചയപ്പെടൽ ഉണ്ടായത്. വീട്ടിലെ എല്ലാ ആണുങ്ങളും അത്യാവശ്യത്തിനൊക്കെ മിനുങ്ങുന്നവരായിരുന്നു. സത്യം പറഞ്ഞാൽ വല്ലപ്പോഴുമെത്തിനോക്കുന്ന വിശേഷ ദിവസങ്ങൾ താരയും, അമ്മയും, വല്യമ്മയും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. വല്ലാത്ത മുരടത്തരം കടപുഴകിവീണ് ആണുങ്ങളെല്ലാം യേശുദാസും, സാംബശിവനും, മട്ടന്നൂരും ആവേശിച്ച് വായുവിൽ ഒഴുകി നടക്കുന്ന അപൂർവ്വ കാഴ്ചകൾ കാണാം. അതുകൊണ്ടുതന്നെ മദ്യപാനം അത്ര വലിയ ക്രൂരകൃത്യമായി ഒന്നും താരയ്ക്ക് തോന്നിയിട്ടില്ല.

മദ്യമെപ്പോഴാണ് സന്തുവിനെ മുക്കിത്താഴ്ത്താൻ തുടങ്ങിയതെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. അവർക്കിടയിലെ സ്നേഹം വറ്റാൻ തുടങ്ങിയതും സന്തു തിരിച്ചറിഞ്ഞില്ല. സന്തുവിന്റെ കൂട്ടു പുരികങ്ങൾക്കിടയിൽ എന്നും വിയർപ്പുതുള്ളി ഇറ്റു വീഴാൻ കാത്തു നിന്നു. കൈവിറയൽ മാറ്റാനായി രാവിലെ തുടങ്ങിയ കുടി രാത്രിയായാലും ചിലപ്പോൾ തീരാതായി. എന്നും ജോലികഴിഞ്ഞ് വീട്ടിൽ വന്നു കയറുന്നതേ ചുവന്ന കണ്ണുകളോടുകൂടി ഇഴഞ്ഞിഴഞ്ഞ് നടന്നാണ്. അറപ്പുളവാക്കുന്ന തെറി വിളികൾ കേട്ടില്ലെന്ന് വെയ്ക്കാവുന്നതായിരുന്നു. പക്ഷേ രാത്രി അവളെ ഉറക്കാതെയുള്ള നീണ്ട ചോദ്യം ചെയ്യലാണ് സഹിക്കാൻ വയ്യാത്തത്. ഉടുത്തൊരുങ്ങി പോകുന്നത് കൂടാതെ പച്ചക്കറി കൊണ്ട്കൊടുക്കുന്ന 60 വയസ്സ് കഴിഞ്ഞ മൂസാക്കയെ തൊട്ട് , സ്കൂൾ ബസ്സിലെ ഡ്രൈവറെ വരെ ചേർത്തുള്ള വൃത്തികെട്ട കഥകളാണ് അവളെ തളർത്തിയത്. ഒരിയ്ക്കൽ അയാൾ പറഞ്ഞു - "12 B യിലെ ശിവയെ ലിഫ്റ്റിൽ കണ്ടു. നിന്റെ മണം അയാൾക്കുള്ളതായി തോന്നി" !! തൊട്ടടുത്ത ഫ്ലാറ്റിലെ ബാങ്ക് ഉദ്യോഗസ്ഥനെപ്പറ്റിയായിരുന്നു ആ കമൻറ്. അതൊട്ടും താരക്ക് ക്ഷമിക്കാനായില്ല. കിട്ടിയതൊക്കെ ബാഗിലാക്കി ഇറങ്ങി. കോളേജ് കാലത്തെ ബസ് സ്റ്റോപ്പിനടുത്ത് ക്യൂൻസ് ബാറിന്റെ റോഡ് വശത്തേക്കുള്ള വാതിൽ തുറക്കുമ്പോൾ പുറത്തേയ്ക്ക് തള്ളി വരുന്ന മണമായി സന്തുവിന് എപ്പോഴും. അങ്ങനെ ഒരു മണം അനുഭവിക്കാതെ എണീക്കാൻ പറ്റിയ ഒരു പ്രഭാതത്തിലാണ് വീട്ടിൽനിന്ന് ഇറങ്ങിയതിന്റെ കൃത്യം രണ്ടാം നാൾ താരയെത്തേടി ഒരു ഫോൺ വിളി എത്തിയത്. കാന്തിവല്ലിയിലെത്തി ആദ്യമായി പരിചയപ്പെട്ട നബീലിന്റെ ഭാര്യയായിരുന്നു അത്. അന്ധേരിയിലെ ഒരു മെഡിക്കൽ സ്റ്റോറിന്റെ താഴത്തെ പടവുകളിലൊന്നിൽ കമിഴ്ന്നു കിടക്കുന്നു സന്തു എന്ന വിവരം അവരാണ് വിളിച്ചുപറഞ്ഞത്.

അങ്കലാപ്പോടെ ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച!! സന്തു മരിച്ച് കിടക്കുകയാണ് എന്നാണ് ആദ്യം കരുതിയത്. തെരുവുപട്ടികൾക്കിടയിൽ മദ്യലഹരിയിൽ പല്ല് കാട്ടി വാ തുറന്നുള്ള കിടപ്പ് കണ്ടപ്പോൾ സഹിച്ചില്ല. സന്തുവിന്റെ അമ്മ പോലും അന്വേഷിച്ച് എത്താനിടയില്ലാത്ത വിധം അയാൾ തനിച്ചായിരിക്കുന്നു ഈ ലോകത്തിൽ. അത് മനസ്സിലാക്കിയ നിമിഷം ഇനി സന്തുവിന്റെ ജീവിത്തിലേയ്ക്ക് ഒരു തിരിച്ചു പോക്കില്ല എന്ന തീരുമാനത്തിന് വീണ്ടും പോസ് ബട്ടൺ അമർത്തേണ്ടിവന്നു.

രാത്രികളിലെ പതിവ് വഴക്കുകളിലൊന്ന് കലാശിച്ചത് ടീപ്പോയുടെ കൂർത്ത അഗ്രത്തിൽ ചെന്നിടിച്ച കൈത്തണ്ടയിലെ കഠിന വേദനയോടെയായിരുന്നു. വെളുത്ത കയ്യിലെ കറുത്ത പാട് മറയ്ക്കാൻ മറന്ന് ഉറക്കച്ചടവോടെ രാവിലെ സ്കൂൾ ബസിൽ ഓടിക്കയറുമ്പോൾ ജനലരികിലെ സീറ്റിലിരുന്ന് ഷീബ അവളെ അടിമുടി സ്കാൻ ചെയ്തു. "എന്തിനാണ് നീ വീണ്ടും ആ മൃഗത്തിനൊപ്പം കഴിയുന്നത്? അയാളെ കളഞ്ഞിട്ട് പോണം!!" അവൾ പറഞ്ഞു. "കളഞ്ഞിട്ടു പോകാൻ അതൊരു വസ്തു ഒന്നും അല്ല! ഇതീന്നൊരു രക്ഷപ്പെടലിനി ഇല്ല. ആ മൃഗത്തിന് വേറെ ആരും ഇല്ല." ഷീബയോട് ഉറച്ചു പറഞ്ഞു. അതിരാവിലത്തെ നേരിയ തണുത്തകാറ്റിൽ കണ്ണ് താനേ അടഞ്ഞു. പാതിരാത്രിയിലെ താണ്ഡവത്തിനിടയിൽ പേടിച്ച് മുറിക്കുള്ളിൽ ഇരുന്നതുകൊണ്ട് ഉറങ്ങാൻ പറ്റിയിരുന്നില്ല. എന്നത്തെയും പോലെ മുറിഞ്ഞ ഉറക്കം തുന്നിച്ചേർത്തിരുന്നത് സ്കൂൾ ബസ്സിലായിരുന്നു. ഉറക്കംതൂങ്ങി ഷീബയുടെ തോളിൽ ചാരുമ്പോൾ അവൾക്ക് ദേഷ്യം അടക്കാനായില്ല. "നീ വേദന തിന്ന് തിന്ന് നശിക്ക്! സൈക്കോയാണ് അയാൾ !! അയാൾ നിന്നെ കൊല്ലും !!! അവളെ പ്രാകിക്കൊണ്ടവൾ പല്ലിറുമ്മി.

"Never bow down, or allow others to fix your crown
Let it shine on its own, see what it has become
There is a fire that burns inside her,
One that can't put out easily"...

കവിത പഠിപ്പിക്കുമ്പോൾ ധൈര്യവതിയാകണം സ്ത്രീയെന്നും, പോരാളിയാകണം പെണ്ണെന്നും എളുപ്പം പഠിപ്പിക്കാനായി. ഭർത്താവ് ഭിത്തിയിലിടിച്ച് മുഴച്ച നെറ്റിയിലെ പാട് കാണാതെ വകച്ചിൽ മാറ്റിക്കെട്ടിയ ഹെയർസ്റ്റൈലോടു കൂടി കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ലിസ്റ്റിൽ താരയും കയറിപ്പറ്റി. കുട്ടികൾക്കു മുന്നിൽ വിപ്ലവം വിളമ്പുന്ന ടീച്ചറുടെ ദുരിതം ചിലരിൽ നടുക്കവും, സഹതാപവും സൃഷ്ടിച്ചു.

മദ്യലഹരിയിൽ കാമ വെറിപൂണ്ട സന്തു താരയെ ബലാൽക്കാരമായി കീഴ്പ്പെടുത്തിയതിന്റെ പിറ്റേന്നാണ് കഴുത്തിലും, മാറിലും ആഴ്ന്നിറങ്ങിയ പാടുകളുമായി ഡോക്ടറെ കാണാൻ വേച്ച് - വേച്ച് ഭുവനയ്ക്കൊപ്പം ഊബർ ടാക്സിയിൽ കയറിപ്പോയത് . താരയെ പരിശോധിച്ച ഡോക്ടർ അവളുടെ മുറിപ്പാടുകൾ കണ്ട് ഞെട്ടിത്തരിച്ച് കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടറെ സഹായത്തിനു വിളിച്ചു. വനിതാ ഡോക്ടർ പരിശോധന കഴിഞ്ഞ് ഒട്ടും മടിക്കാതെ പോലീസിനെ വിളിക്കുകയും ചെയ്തു. പഴുക്കാനൊരുങ്ങി നിന്ന ശരീരത്തിലെ വ്രണങ്ങളെ ആന്റിബയോട്ടിക്കിന്റെ സഹായത്താൽ പഴയ നിലയിലേക്ക് തിരിച്ചു വരാൻ താര കഷ്ടപ്പെട്ടു. പതിനാലാം ദിവസം ഡിസ്ചാർജ് കിട്ടി വീട്ടിലെത്തിയപ്പോഴേക്കും അയാൾ ജാമ്യത്തിലിറങ്ങി പതിവിൽ കൂടുതൽ മദ്യപിച്ച് കയ്യാങ്കളിക്ക് തയ്യാറെടുത്തിരുന്നു. രണ്ടാഴ്ചത്തെ ആശുപത്രി വാസം താരയെ അടിമുടി മാറ്റി. ഏറെ നനഞ്ഞാൽ കുളിരില്ലെന്ന മട്ട്!! ഇനി താഴാൻ ഭൂമിയില്ല, ഇനി അടിയേൽക്കാൻ ശരീരത്തിലൊരു ഭാഗമില്ല. കേൾക്കാനൊരു തെറി ബാക്കിയില്ല. വാരിക്കളയാൻ ഇനി ഒരിക്കലും ഛർദ്ദിലും, എച്ചിലും ബാക്കിയില്ല. ഒരു മനുഷ്യായുസ്സിലെ സകല പീഡനങ്ങളും ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു.

ആരെയോർത്താടി ഈ കണക്കുകൂട്ടല്? ആരാടി നിന്നെ സഹായിക്കാൻ വരുന്നത്? എനിക്ക് കാണണം! ചീറിക്കൊണ്ട് അയാൾ പാഞ്ഞടുത്തപ്പോൾ അവൾ ഒന്നേ പറഞ്ഞുള്ളൂ. "ഒരാളും അറിയാതെ നിങ്ങളെ കൊന്നുകളയും!” ചൂണ്ടുവിരൽ മർമ്മം പഠിച്ചവളെപ്പോൽ അയാൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു. പ്രതീക്ഷിക്കാത്ത ആ ഭീഷണിയിൽ അയാൾ പതുങ്ങി. അടപടലം അപമാനിതനായിക്കൊണ്ട്. താരക്ക് എങ്ങനെ ധൈര്യം വന്നെന്നറിഞ്ഞില്ല. പിറ്റേദിവസം ആശാരിയെ വിളിച്ച് അയാൾ വെട്ടിപ്പൊളിച്ച വാതിൽ ലോക്കുകൾ ശരിയാക്കിച്ചു. വൈകുന്നേരത്തോടെ സ്വന്തം മുറിയിൽ കയറി കതകടച്ചു കൊണ്ട് താര പുതിയൊരു ജീവിതം തുടങ്ങി.

ഏണി വച്ച് പുരപ്പുറത്ത് കയറി നീളൻ തോട്ടികൊണ്ട് ഒരു കുട്ട നിറയെ നക്ഷത്രങ്ങൾ പൊട്ടിച്ചെടുത്തതായി സ്വപ്നം കണ്ടതിന്പിറ്റേന്നാണ് മുള്ളൻ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു തുടങ്ങിയ വാർത്ത അവൾ ടിവിയിൽ കണ്ടത്. എവിടെയോ ഉണ്ടായ എന്തോ ഒരു വാർത്ത! അതിനപ്പുറം ആദ്യം ഒന്നും തോന്നിയില്ല. സന്തു ജോലിക്ക് പോകാതായതോടെ പതിവു ബഹളങ്ങൾ ഏതാണ്ടൊക്കെ നിർത്തി വന്നിരുന്ന ഒരു രാത്രിയിലാണ് പാതിരാ ട്രെയിനിന്റെ ചൂളം വിളിക്ക് പിന്നാലെ ശക്തിയേറിയ എന്തോ കൊണ്ട് ചില്ല് തകർക്കുന്ന ശബ്ദം താര കേട്ടത്. വാതിൽ തുറക്കാനോ, എത്തി നോക്കാനോ ആദ്യം പോയില്ല. പക്ഷേ "എന്നെ കൊല്ലരുത് ! നീ മാറിപ്പോ!! " എന്ന അലർച്ച കേട്ടപ്പോഴാണ് താര വാതിൽ പതിയെ തുറന്ന് ഹാളിലേക്ക് എത്തി നോക്കിയത്. ഭ്രാന്തനെപ്പോലെ അലറിവിളിക്കുന്നതിനോടൊപ്പം കൈ രണ്ടും വായുവിൽ വീശിക്കൊണ്ടിരുന്നു. പിന്നീട് ഒരു മൂലയിൽ ബോധരഹിതനായി വീണപ്പോഴാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചത് . ടെസ്റ്റുകൾക്ക് ഒടുവിൽ ഡോക്ടർ പറഞ്ഞു, "ലിവർ അരിപ്പ പോലെയായി. ഇനി ബാക്കി ഒന്നും കാര്യമായി ഇല്ല. ഇവിടെ അതല്ല പ്രശ്നം. ലോക് ഡൗൺ കാലത്തെ മറ്റൊരു വില്ലൻ - ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം . അമിത മദ്യപാനികൾ ഈ സമയത്ത് കൊലപാതകത്തിന് വരെ സാധ്യതയുണ്ട്. സൂക്ഷിക്കണം. ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം ഓരോരുത്തരിലും പ്രകടമാകുന്നത് വ്യത്യസ്ത രീതികളിലാണ്. അമിതവിയർപ്പ്, കൈവിറയൽ, ഹാലൂസിനേഷൻ , തുടങ്ങി ഏറ്റവും വലിയ രീതിയിൽ അക്രമാസക്തം ആകുന്നതുവരെ ... ഡോക്ടർ പിന്നീട് വിശദീകരിച്ചത് ഒന്നും അവൾക്ക് തലയിൽ കയറിയില്ല. നിർവികാരത ആയിരുന്നു താരക്ക്. ഇനി ഇതിലും കൂടുതൽ എന്തു സംഭവിക്കാൻ എന്ന മട്ട്.

സന്തു ഏഴു നേരം എഴുപതു ശീലം പുറത്തെടുത്തു. ചിലസമയം മൗനി. അടുത്ത നിമിഷം ആർത്തട്ടഹസിച്ച് സുനാമിയായി ആഞ്ഞടിക്കും. വീട്ടിൽ യഥാസ്ഥാനത്തിരിക്കുന്ന മുഴുവൻ ആകൃതിയിലുള്ള ഒരു ഫർണീച്ചർ പോലും ഇല്ല. അടുക്കളയിലെ പാത്രങ്ങൾ മുഴുവൻ എടുത്തെറിഞ്ഞ് ഞണുങ്ങിയത്. നിന്ന നിൽപ്പിൽ സന്തുവിനെ കാണാതാകുന്നതിന് പിന്നാലെ പലരുടെയും ഫോൺ വിളികൾ എത്തും. തെരുവിൽ തലചൊറിഞ്ഞു പൈസയ്ക്ക് ഇരക്കുന്ന സന്തുവിനെ കണ്ടെന്ന്. മദ്യവിൽപന എന്ന് തുടങ്ങുന്നു എന്നറിയാൻ പൊലീസ് ജീപ്പ് കൈകാണിച്ചു നിർത്തി തട്ടിക്കയറിയെന്ന്. മാസ്ക് ഇടാതെ എന്തിനയാളെ പുറത്തു വിട്ടെന്ന്. ഒന്നിനും താരയ്ക്ക് മറുപടിയില്ല.

ഭുവനയ്ക്ക് വരാൻ കഴിയാതിരുന്ന ഒരു ദിവസം അവൾ അനിയത്തിയെ പറഞ്ഞയച്ചിരുന്നു. പ്രഷർ കുക്കറിന്റെ വിസിൽ തന്റെ ഉറക്കത്തിന് അലോസരം ഉണ്ടാക്കി എന്ന് ആരോപിച്ച് അവളെ കുളിമുറി കഴുകുന്ന ബ്രഷിന്റെ കട്ടിയുള്ള മരത്തണ്ടുകൊണ്ട് അടിക്കാനാഞ്ഞതും അനിയത്തി ഒഴിഞ്ഞുമാറിക്കൊണ്ട് സന്തുവിനെ അടുക്കളയിൽ മണിക്കൂറുകളോളം പൂട്ടിയിട്ടു. പണിയെല്ലാം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ താരയ്ക്ക് അവൾ ഒരു ഉപായം പറഞ്ഞു കൊടുത്തു. "മേം സാബ്, ഇനി മറ്റുള്ളവരുടെ കയ്യും കാലും പിടിച്ച് അയാൾക്ക് മദ്യം വാങ്ങി കൊടുക്കരുത്. മദ്യം കിട്ടാതായാൽ അയാൾ ആത്മഹത്യ ചെയ്തു കൊള്ളും. മേം സാബ് രക്ഷപ്പെടും. താരയുടെ മനസ്സിൽ ഒരു പ്രതീക്ഷത്തിരിയാണ് അവൾ കൊളുത്തി കടന്നുപോയത്. ഇടയ്ക്ക് അത് ഒരു പന്തമായി ആളിക്കത്തും.

ഭുവനയുടെ അനിയത്തി പറഞ്ഞപോലെ താര പിന്നീട് ആരെയും വിളിച്ചില്ല. മദ്യം ആവശ്യപ്പെട്ട് എവിടേയും പോയില്ല. മദ്യം കിട്ടാതെ ഒന്നര ദിവസത്തെ ആക്രോശങ്ങൾക്കൊടുവിൽ കനത്ത നിശ്ശബ്ദത പരന്നപ്പോൾ താര തന്റെ മുറിയുടെ കതകു തുറന്ന് പുറത്തെത്തി. ഫ്ലാറ്റിൽ ആരുമില്ല. തല്ലിത്തകർത്ത പ്ലേറ്റുകളും , പൊട്ടിയ ഗ്ലാസുകളും അടിച്ചുവാരിക്കളഞ്ഞ് വലിച്ചു പൊട്ടിച്ച കർട്ടൻ പൂർവ്വസ്ഥിതിയിൽ തൂക്കിയിടാൻ ഒരു വിഫല ശ്രമം നടത്തി. രണ്ടുനാൾ മദ്യപിച്ച് മടുത്ത്, ഇഴഞ്ഞ് കേട്ടാലറയ്ക്കുന്ന വാക്കുകളുമായി കയറി വരുന്ന സന്തുവിനെ അവൾ ഓരോ നിമിഷവും പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല. ഹെൽപ്പ് ലൈൻ നമ്പർ തപ്പിയെടുത്ത് ഡയൽ ചെയ്ത് സംഭവം വിവരിച്ച് ഫോൺ വെച്ചു. ഏതു പാതിരാത്രിയിലും ആടിയാടി ഒരാൾ തന്റെ ഫ്ലാറ്റിനു മുന്നിൽ എത്തി കോളിംഗ് ബെൽ അടിക്കും എന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ താര മുൻ വാതിൽ വലിച്ചടച്ച് തന്റെ കിടപ്പുമുറി മാത്രം ഉള്ളിൽ നിന്നും കുറ്റിയിട്ടു ഭദ്രമാക്കി ഉറങ്ങാൻ പോയി. കാലത്തെണീറ്റ് വീടാകെ ദുസ്സഹമായ മദ്യത്തിന്റെ ദുർഗന്ധം വീണ്ടും നിറഞ്ഞോ എന്ന് ആഞ്ഞ് ശ്വാസം വലിച്ച് അവൾ പരിശോധിച്ചു പോന്നു.

ഒരു മനുഷ്യൻ മറ്റൊരാൾക്ക് എങ്ങനെ ശല്യം ആയി തീരുന്നു എന്ന് ചിന്തിച്ചിരുന്ന ഒരു സന്ധ്യയ്ക്കാണ് താരക്ക് പോലീസിൽ നിന്ന് ഒരു ഫോൺ വന്നത് - നിങ്ങളുടെ ഭർത്താവിനെ ചാരായ വാറ്റുകാർക്കൊപ്പം പിടിച്ചതിന് പിറ്റേന്ന് ലോക്കപ്പിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് അന്ധേരിയിലെ ഗവൺമെന്റ് ആശുപത്രിയിൽ ആക്കിയിരുന്നു. വെന്റിലേറ്ററിൽ ആണ്. പ്രതീക്ഷ തീരെ വെക്കണ്ട. ഞങ്ങളറിയിച്ചെന്ന് മാത്രം.

കണ്ടൈൻമെന്റ് സോൺ ആണെങ്കിലും ഈ നമ്പറിൽ വിളിച്ചാൽ നിങ്ങൾക്ക് ഗതാഗത സഹായം ലഭിക്കും. അയാൾ അവൾക്ക് ഒരു ഫോൺ നമ്പർ കൊടുത്തു. അവളെത്തന്നെ അതിശയിപ്പിച്ചു കൊണ്ട് അവൾ അയാളുടെ മുറിയിലെ അലമാരയിൽ നിന്നും അവയവദാന സമ്മതപത്രം തപ്പിയെടുത്ത് തയ്യാറാക്കി വച്ചു. വളരെ നാളുകൾക്ക് ശേഷം സ്വന്തം കിടപ്പുമുറി ഉള്ളിൽനിന്നും കുറ്റിയിടാതെ ഏറെ സമാധാനത്തോടെ അവൾ ഉറങ്ങാൻ പോയി.


ഈയുഗം