PERSPECTIVES

റിങ് ചെയ്യുന്നുണ്ട്, എടുക്കുന്നില്ല.

അഞ്ചാറു വട്ടം റീഡയൽ ചെയ്തു നോക്കി.

സഫലീകരിക്കപ്പെടാത്തൊരു പ്രാർത്ഥനപോലെ മൊബൈൽ നിലച്ചു.

'അത്യാവശ്യമായി എപ്പോൾ വിളിച്ചാലും ഇതുതന്നെ അവസ്ഥ.’

ദേഷ്യം വന്നപ്പോൾ അയാൾ വലതുകൈ ഹൃദയത്തോട് ചേർത്തുവെച്ചു.

അനിയന്ത്രിതമായ കോപം വരുമ്പോൾ കൈയിലുള്ളത് താഴേയ്ക്കെറിയുകയെന്നൊരു രീതിയാണ് ഏകദേശം അഞ്ചുകൊല്ലം മുൻപുവരെ പ്രസാദ് അനുവർത്തിച്ചു വന്നിരുന്നത്.

ഇതുപോലെയൊരിക്കൽ പല പ്രാവശ്യം വിളിച്ചിട്ടും പ്രതികരണമില്ലാതായപ്പോൾ മൊബൈൽ വലിച്ചെറിയുകയാണുണ്ടായത്. സോഫയിലേയ്ക്കോ കിടക്കയിലേയ്ക്കോ എറിയുകയെന്ന സുരക്ഷിത പതിവു തെറ്റിച്ച് അന്ന് ശക്തിയായി എറിയുക തന്നെയായിരുന്നു. വൈകുന്നേരം പുതിയ മൊബൈൽ വാങ്ങി വിളിക്കുമ്പോഴാണ് അമ്മ ബാത്റൂമിൽ വീണ് കാലൊടിഞ്ഞ കാര്യമറിയുന്നത്. ഹോസ്പിറ്റലിലേയ്ക്ക് അമ്മയെ കോരിയെടുത്തോടുമ്പോൾ മൊബൈലെടുക്കാൻ മറന്നതൊരു അക്ഷന്തവ്യമായ തെറ്റല്ലെന്ന് ബോദ്ധ്യമായപ്പോൾ കുറ്റബോധം തോന്നി.

പ്രസാദിനെ അലട്ടിയിരുന്ന മറ്റൊരു ദൂഷ്യം കൂടിയുണ്ടായിരുന്നു.

മറവി!

നിന്ന നിൽപ്പിൽ കൈയിലുള്ള സാധനങ്ങൾ എവിടെ വെച്ചെന്ന് മറന്നുപോവുക.

ഐഡന്റിറ്റി കാർഡ്, പാസ്പോര്ട്ട്, കാറിന്റെ കീ, വാലറ്റ്, പേന, കണ്ണട എന്നുവേണ്ട തൊട്ടതെല്ലാം മാഞ്ഞുപോകുന്ന മറിമായം. ഒരിക്കൽ ദുബായ് എയർപോർട്ടിൽ വെച്ച് ഹാൻഡ്ബാഗ് ഡ്യൂട്ടിഫ്രീ ഷോപ്പിലെവിടെയോ മറന്നുവെച്ചു. സുഹൃത്തിന്റെ ഒപ്പിനായി നാട്ടിൽ നിന്നുമയച്ച ആധാരവും സ്വർണ്ണവുമടക്കം വിലപിടിപ്പുള്ള പലതും ഏറ്റവും സുരക്ഷിതമെന്നു കരുതി ഹാൻഡ്ബാഗിലായിരുന്നു കരുതിയിരുന്നത്.

അതാണ് നഷ്ടമായിരിക്കുന്നത്.

പ്രസാദ് വിയർത്തു, ശ്വാസോച്ഛാസം വർദ്ധിച്ചു.

ഒരു സെയിൽസ്മാൻ അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ പ്രസാദിന്റെയടുത്തു ചെന്നു. ചെറിയ കുപ്പിയിൽ വെള്ളം പ്രസാദിന് നീട്ടി, 'സാർ എന്തെങ്കിലും പ്രോബ്ളമുണ്ടോ...?'

വെപ്രാളപ്പെട്ട് പ്രസാദ് എന്തൊക്കെയോ പറഞ്ഞു. 'റിലാക്സ് സാർ. വെള്ളം കുടിക്കൂ. സാവകാശം പറഞ്ഞാൽ മതി.'

'എന്റെ ഹാൻഡ്ബാഗ് കാണുന്നില്ല.’ ഒരിറക്ക് വെള്ളം തൊണ്ട നനച്ചപ്പോൾ ആശ്വാസത്തോടെ പ്രസാദ് പറഞ്ഞു.

'സാർ എവിടെയെല്ലാം ഷോപ്പിംഗ് ചെയ്തു?'

ജാപ്പനീസ് കുഞ്ഞുങ്ങളെപ്പോലിരിക്കുന്ന ഔട്‍ലെറ്റുകളിൽ ഒരെണ്ണംപോലും തിരിച്ചറിയാൻ പ്രസാദിനായില്ല. കുറേ സ്ഥലങ്ങളിൽ തിരഞ്ഞതിനുശേഷം ഹാൻഡ്ബാഗ് കിട്ടി.

ബോർഡിങ് പാസ് ഗേറ്റ് അടക്കുന്നതിനുമുൻപായി ഒരുവിധമാണ് ഓടിയെത്തിയത്.

നാട്ടിലെത്തി അധികം വൈകാതെ പ്രസാദ് ഒരു സൈക്കോളജിസ്റ്റിനെ സന്ദർശിച്ചു. രോഗവിവരങ്ങളെല്ലാം ക്ഷമാപൂർവ്വം കേട്ടിരുന്നതിനുശേഷം ഡോക്ടർ പറഞ്ഞു.

'ഇനി മുതൽ കൈയിലെ വസ്തുക്കൾ വലിച്ചെറിയാൻ തോന്നുമ്പോൾ പതുക്കെ നെഞ്ചിന്റെ ഇടതുവശത്തേയ്ക്ക് ചേർത്തുപിടിക്കുക. ദേഷ്യം നിഷേധസ്വഭാവമുണ്ടാക്കും അതിൽനിന്ന് മറവിയും.'

'അപ്പോൾ ദേഷ്യം വരുമ്പോൾ എന്തുചെയ്യണം?' ഡോക്ടർ ഒരു കുഞ്ഞിനോടെന്നപോലെ കൊഞ്ചിക്കൊണ്ട് ചോദിച്ചു. 'കൈ ഹൃദയത്തോട് ചേർത്തുവെയ്ക്കണം!'

അതിനുശേഷം ദേഷ്യം വരുമ്പോൾ കൈയിലിരിക്കുന്ന വസ്തുക്കളൊന്നും താഴെ വീണു പൊട്ടിയില്ല. മറവി മറഞ്ഞുപോയി.

കൊച്ചിയിലേയ്ക്ക് ടിക്കറ്റ് കൺഫേം ചെയ്ത് അയാൾ ലാപ്ടോപ്പിൽ എക്സെൽ വർക് ഷീറ്റിൽ ഡിസംബർ 31 മുതൽ മാർച്ച് 12 വരെ ഓരോ കോളങ്ങളുണ്ടാക്കി, ആദ്യകോളം അപ്പോൾത്തന്നെ ചുവപ്പിച്ച് ബാക്കിയുള്ള കോളങ്ങളെണ്ണി നോക്കി. മാർച്ച് പന്ത്രണ്ടിന് രാത്രി എട്ടുമണിക്ക് ഫ്‌ളൈറ്റ്, പുലർച്ചെ കൊച്ചിയിൽ ലാൻഡിംഗ്.

പ്രസാദിന്റെ ചിന്തകൾ പച്ചപ്പു നിറഞ്ഞൊരു ഭൂപ്രദേശമായി മാറി.

സൈറ്റിലെ സിവിൽ എഞ്ചിനീയർ പാക്കിസ്ഥാനിയാണ്. താസാഗുൽ.

ഇന്റർനെറ്റിൽനിന്നും വാർത്തകൾ അരിച്ചെടുക്കുന്നതാണയാളുടെ ദിനചര്യകളിലൊന്ന്. ഒന്നാന്തരം ഇന്ത്യൻ വിരോധി.

അയാളുടെ സംസാരം കേട്ടാൽ തോന്നും ഇവരുടെയൊക്കെ രാജ്യസ്നേഹം നാക്കിൻതുമ്പത്താണെന്ന്. ഇന്ത്യക്കാരന് ഞരമ്പുകളിലാണ് ദേശസ്നേഹം. മാതൃരാജ്യത്തെ അവഹേളിക്കുമ്പോൾ രക്തമിറച്ചുകയറും.

'നിങ്ങള് പറയുന്നു ബാലക്കോട്ടിൽ തീവ്രവാദികളെ കൊന്നുതള്ളിയെന്ന്! എന്നിട്ടെവിടെ? ഒരു ബോഡിയെങ്കിലും കണ്ടെത്തിയോ? നിങ്ങള് മണ്ടന്മാരുടെ കണ്ണിൽപ്പൊടിയിടാനെളുപ്പമാണ്. ലോകജനത ഇതെല്ലാം അറിയുന്നുണ്ട്, പ്രസാദ്.'

ഒരു പ്രചോദനവുമില്ലാതെ താസാഗുൽ പറഞ്ഞുതുടങ്ങി.

'ഇന്ത്യൻസേന പാക്കിസ്ഥാൻ തീവ്രവാദികളുടെ ബോഡിയെണ്ണാനല്ല, അവരുടെ സങ്കേതങ്ങൾ തകർക്കാനാണ് ബാലക്കോട്ട് സ്ട്രൈക്ക് നടത്തിയത്.' പ്രസാദ് തിരിച്ചടിച്ചു.

'പൗരത്വ ബില്ല് ഭേദഗതി എന്തൊരു മനുഷ്യാവകാശ ലംഘനമാണ്. മതേതര രാജ്യം പോലും!'

'എടോ, സ്വന്തം രാജ്യത്തിലെ ഹിന്ദുക്കളെയും, ക്രിസ്ത്യാനികളേയും വേട്ടയാടുന്ന നിങ്ങളാണോ മനുഷ്യാവകാശത്തെക്കുറിച്ച് വീമ്പടിക്കുന്നത്! എന്തിന്, സ്വന്തം മതത്തിലെ ബംഗാളികളെപ്പോലും വെറുതെ വിടുന്നുണ്ടോ നിങ്ങൾ? അതുകൊണ്ട്, കൂടുതൽ കുരയ്ക്കണ്ട!' പ്രസാദിനൽപ്പം കടുപ്പിച്ച് പറയേണ്ടിവന്നു. അതോടെ താസാഗുലിന്റെ ഉത്തരം മുട്ടി.

ഫെബ്രുവരി പന്ത്രണ്ടിന് സ്പോർട്സ്ഡേ അവധിക്കുശേഷം സൈറ്റിലെത്തിയപ്പോൾ താസാഗുൽ ഉൽക്കണ്ഠാകുലനായിക്കണ്ടു. 'പ്രസാദ്, കൊറോണയൊരു മാരത്തോൺ റേസിലാണ്. നിയന്ത്രണ വിധേയമാക്കാൻ പാടുപെടും. ഇന്ത്യയും പാക്കിസ്ഥാനുമൊക്കെയതിന്റെ മാരക പ്രഹരശേഷിയറിയാൻ പോകുന്നേയുള്ളൂ.

'അല്ല, നിങ്ങളെന്നാണ് വെക്കേഷന് പോകുന്നത്?'

താസാഗുലിന്റെ സംസാരം ഉന്നംവെക്കുന്നതെന്താണെന്ന് പ്രസാദിന് മനസ്സിലായെങ്കിലും ഒന്നും പറഞ്ഞില്ല.

'മാർച്ച് ആദ്യവാരത്തോടെ നമ്മുടെ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്യപ്പെടും... നിങ്ങള് കണ്ടോ.'

അങ്ങിനെയൊരു സാദ്ധ്യത പ്രസാദും മനസ്സിലാക്കിയിരുന്നെങ്കിലും പ്രത്യാശ വിടാതെ പറഞ്ഞു, 'എനിക്ക് ജീവനുണ്ടെങ്കിൽ ഞാൻ പോയിരിക്കും.'

താസാഗുലിന്റെ പ്രവചനം ഫലിച്ചു.

വിമാനങ്ങൾ റദ്ദ് ചെയ്ത ദിവസം രാത്രിയേറെ വൈകിയും പ്രസാദ് ഭാര്യയുമായി സംസാരിച്ചിരിക്കുകയായിരുന്നു. വിവാഹം നീട്ടിവെയ്ക്കാമെന്ന ഭാര്യയുടെ നിലപാടിനോട് പ്രത്യക്ഷത്തിൽ യോജിച്ചെങ്കിലും എത്ര നാളത്തേയ്ക്കെന്ന ആശങ്ക അയാളെ പ്രായോഗികമായി ചിന്തിപ്പിച്ചു.

"ഏപ്രിൽ പതിനഞ്ച്, മേടം രണ്ട്.
ബുധനാഴ്ച്ച
മുഹൂർത്തം: എട്ടു മുതൽ പത്തര വരെ"
ജ്യോത്സരുടെ കുറിപ്പടിയുടെ ഇമേജ് ഒന്നുകൂടി നോക്കി.

'വിവാഹം നേരത്തേയുറപ്പിച്ച മുഹൂർത്തത്തിനുതന്നെ നടക്കട്ടെ. ഞാനില്ലെന്നല്ലേയുള്ളൂ....' അയാൾക്ക് വീർപ്പുമുട്ടി.

അലോഷി വരുമ്പോൾ പ്രസാദ് തീന്മേശമേൽ മുഖം പൊത്തിയിരിക്കുകയായിരുന്നു. ബാത്റൂമിൽ കയറി ധരിച്ച വസ്ത്രങ്ങൾ വാഷിങ് മെഷീനിലിട്ടയാൾ കുളിച്ചുവന്നു. അപ്പോഴും നിശ്ചലനായിരിക്കുന്ന പ്രസാദിനെ തോണ്ടി വിളിച്ചു.

'അണ്ണാ, ഇന്ന് രണ്ട് പുതിയ കോവിഡ് യൂണിറ്റുകൾ കൂടി തുറന്നു. ഭയാനകമായാണ് രോഗം പടരുന്നത്. ഒരു യൂണിറ്റിന്റെ ഇൻ-ചാർജ് ഞാനാണ്. ആഴ്ച്ചയിൽ ഒരു തവണയേ ഇങ്ങോട്ട് വരാനൊക്കൂ, ഹോസ്പിറ്റലിൽ താമസിക്കേണ്ടി വരും.'

'ഉം... നമുക്ക് ഭക്ഷണം കഴിക്കാം.'

മറ്റൊന്നും പ്രസാദിന് പറയാൻ തോന്നിയില്ല.

നഴ്‌സായിരുന്ന ഭാര്യയുടെ സഹപ്രവർത്തകനായിരുന്നു അലോഷി. പഠന സൗകര്യാർത്ഥം മകളെ നാട്ടിലയക്കേണ്ടിവന്നപ്പോൾ ജോലി രാജിവെച്ച് ഭാര്യ അവളുടെ കൂടെ നാട്ടിൽ സെറ്റിലായി. അന്നുമുതൽ പ്രസാദിന്റെ കൂടെയാണ് അലോഷി.

കല്യാണയൊരുക്കത്തെക്കുറിച്ച് ഭാര്യയുമായോരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് അലോഷി കടന്നുവരുന്നത്. ‘ഒരാഴ്ച്ചയെന്നു പറഞ്ഞുപോയ ആളാ... ഇപ്പോൾ മൂന്നാഴ്ച്ച കഴിഞ്ഞു.’

പ്രസാദ് ചിരി വരുത്തി.

‘ഇപ്പോൾത്തന്നെ ഒഴിവാക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്ന് പറഞ്ഞാണ് മുങ്ങിയത്. 'അണ്ണാ, നമുക്കൊന്ന് പുറത്തുപോയാലോ?' 'താനിപ്പോ പൊറത്തൂന്ന് വന്നല്ലേയുള്ളൂ!'

'അതല്ലണ്ണാ, രണ്ടു കാര്യങ്ങളുണ്ട്. നമ്മുടെ അനൂപില്ല്യോ. അവന്റെ വിവാഹവാർഷികത്തിന്റെ പാർട്ടി മറന്നോയോ?' ശരിയാണ്. പ്രസാദക്കാര്യം സൗകര്യപൂർവ്വം മറന്നിരുന്നു.

'രണ്ടാമത്തെ കാര്യമെന്താ...?'

'അതു പിന്നേ...' വാക്കുകൾക്കായി അലോഷി വിഷമിക്കുന്നതായി തോന്നി.

'മണി എക്സ്ചേഞ്ചിലൊന്ന് പോണം. ഫിലിപ്പൈൻസിലേയ്ക്ക് കുറച്ച് പണമയക്കണം.'

‘താനെന്തെങ്കിലും ഏടാകൂടമൊപ്പിച്ചോ വല്ല ഫിലിപ്പൈനിപ്പെണ്ണുമായി’ പ്രസാദ് ചോദിക്കാനാഞ്ഞെങ്കിലും ഒരു ചോദ്യഭാവത്തിൽ അലോഷിയെ വെറുതെ നോക്കിയതേയുള്ളൂ.

'അണ്ണാ, കഴിഞ്ഞയാഴ്ച്ച ഒരു ഫിലിപ്പൈനിയെ കോവിഡ് വാർഡിൽ അഡ്മിറ്റാക്കിയിരുന്നു. മൈൽഡ് ഫീവറും തൊണ്ടവേദനയും മാത്രമേയുണ്ടായിരുന്നുള്ളൂ. ഇന്നലെ അയാൾക്ക് സിവിയർ ബ്രീത്തിങ് പ്രോബ്ളമുണ്ടായി. ഉടനെ അയാളെ ഐസിയുവിലേയ്ക്ക് മാറ്റി, വെന്റിലേറ്റർ കൊടുക്കുന്നതിനുമുൻപയാൾ എന്റെ കൈയിൽ കുറേ പണവും അഡ്ഡ്രസ്സുമേൽപ്പിച്ച് പറഞ്ഞു, 'വെന്റിലേറ്ററിൽ നിന്നും ജീവിതത്തിലേയ്ക്കോ മരണത്തിലേയ്ക്കോയെന്നറിയില്ല. നാട്ടിലേയ്ക്കീ പണമയക്കാമോ?'

'അയാളിന്നു പോയണ്ണാ!'

അലോഷി കണ്ണുകൾ തുടച്ചു.

പ്രസാദിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.

വെള്ളിയാഴ്ച്ച അവധിയായതുകൊണ്ട് ഏറെ വൈകിയാണ് അനൂപിന്റെ വില്ലയിൽനിന്നും തിരിച്ചത്. റോഡ് വിജനമായിരുന്നു. എഫ്എം റേഡിയോവിൽ നിന്നും ഗുലാം അലിയുടെ ഗസൽ നേർത്ത പരിഭവം തേങ്ങി.

'ഹം തെരേ ഷെഹറ് മേ ആയേ ഹേ
മുസാഫിർ കി തർഹാ...'
ചരണത്തിലെ 'മേരി ആംഖോം കോ ഭി ബർസാത് കാ മൗകാ ദേ ദേ...'

എന്ന വരികൾ ഗുലാം അലിയ്‌ക്കൊപ്പം പ്രസാദും, അലോഷിയും ചേർന്നുപാടുമ്പോൾ വിഷാദത്തിന്റെ നനഞ്ഞൊരു ചിരിയുണ്ടായിരുന്നു രണ്ടുപേരിലും.

കഠിനമായൊരു ഡിപ്രെഷൻ പ്രസാദിനെ ഒരു പെരുമ്പാമ്പിനെപ്പോലെ വരിഞ്ഞുമുറുകി. ഒരേയൊരു സന്താനത്തിന്റെ വിവാഹത്തിൽ പങ്കുചേരാൻ കഴിയാത്ത പിതാവിന്റെ മനോവ്യഥ!

അങ്ങിനെയാണ് ആത്മഹത്യയെക്കുറിച്ച് പ്രസാദ് ആലോചിക്കുന്നത്. അനിയന്ത്രിതമായൊരു ലഹരിയായത് സിരകളിലും പ്രജ്ഞയിലും പടർന്നുകയറി.

അയാൾ ബാൽക്കണിയിലേയ്ക്കു നടന്നു. ഒറ്റക്കുതിപ്പ്! ജീവിതത്തിന്റെ എരിഞ്ഞുനീറുന്ന തുടിപ്പുകളിലേയ്ക്കുള്ള ജീവൽ പ്രവാഹത്തെ സെക്കന്റുകൾകൊണ്ട് നിശ്ചലമാക്കുന്ന വിസ്മയമാണ് ആത്മഹത്യ.

താഴെ, രക്തപുഷ്പങ്ങൾ വിതാനിച്ച ശയ്യയിൽ കമിഴ്ന്നുകിടക്കുന്ന തന്റെ ശരീരം പ്രസാദിനെ ആവേശം കൊള്ളിച്ചു. നെഞ്ചിൽ നിന്നും ശരീരത്തിന്റെ ഭാരം മുഴുവൻ ആവിയായിപ്പോയതുപോലെയും, താനൊരു വെയിൽ നിറമുള്ള ചിത്രശലഭമായി മാറിയതായും പ്രസാദിനു തോന്നി.

വായുവിലേയ്ക്ക് പടരുന്നതിനു തൊട്ടുമുൻപാണ് മൊബൈലടിച്ചത്. മരണത്തോടവിടെ നിൽക്കാൻ പറഞ്ഞയാൾ ഫോണെടുത്തു. മരുമകൾ സ്മിതയാണ്. അവൾ ചെന്നൈയിൽ ഐഐടിയിൽ കമ്പ്യൂട്ടർ സയൻസ് ഫാക്കൽറ്റി മെമ്പറാണ്.

'അങ്കിളേ, നമുക്ക് ചിന്നുവിന്റെ വെഡിങ് വെബിനാർ ചെയ്യാം... എന്താ!'

ഈയിടെയായി വെബിനാറെന്ന് കൂടെക്കൂടെ കേൾക്കുന്നുണ്ടെങ്കിലും കൃത്യമായി പ്രസാദിനറിയില്ലായിരുന്നു. സ്മിത തന്റെയൊരു വിദ്യാർത്ഥിയോടെന്ന പോലെ കാര്യങ്ങൾ വിവരിച്ചു.

'ഈ കൊറോണക്കാലത്ത് ഇങ്ങിനെയാണ്‌ അങ്കിളേ ആളുകൾ ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ പങ്കുവെക്കുന്നത്. ഈയിടെ കൊറോണ ബാധിച്ച് വിദേശത്ത് മരിച്ചൊരാളുടെ ശവസംസ്‌കാര ചടങ്ങിന് കുടുംബാംഗങ്ങൾ സാക്ഷിയായത് വെബിനാർ വഴിയാണ്. ആർക്കറിയാം, ചിലപ്പോൾ ചിന്നുവിന്റേതായിരിക്കും ചരിത്രത്തിലെ ആദ്യത്തെ വെബിനാർ വിവാഹം.'

'അതൊക്കെ നടപ്പുള്ള കാര്യമാണോ മോളെ?'

'ഞാനില്ലേ അങ്കിളേ. സൂം മീറ്റിങ്ങിൽ ഞാൻ തന്നെ ഹോസ്റ്റായി നമുക്ക് ഈ കല്യാണം വമ്പൻ ആഘോഷമാക്കണം.' അയാളിൽനിന്നും ജീവന്റെ പ്രസരിപ്പ് നിറഞ്ഞൊരു ചിരി വിരിഞ്ഞു.

വിഭ്രാന്തിയോടെയാണ് അലോഷി കതക് തള്ളിത്തുറന്നു അകത്തേയ്ക്ക് കടന്നത്.

'വേഷാ തേഞ്ഞണ്ണാ... തേഞ്ഞു.'

പ്രസാദിനെന്തെങ്കിലും മനസ്സിലാക്കുന്നതിനു മുൻപ് അലോഷി പറഞ്ഞു. 'അനൂപിനും, പെണ്ണുമ്പിള്ളയ്ക്കും കോവിഡ് സ്ഥിരീകരിച്ചെന്ന്!' ‘നമുക്ക് ക്വാറന്റൈനിൽ പോകേണ്ടി വരും. നമ്മൾ രണ്ടുപേരും മാത്രമായതിനാൽ ഫ്ലാറ്റിൽത്തന്നെ നിരീക്ഷണത്തിലിരുന്നാൽ മതിയാകും. എന്നാലും ഏതെങ്കിലുമൊരു കോവിഡ് സെന്ററിൽപ്പോയി രജിസ്റ്റർ ചെയ്യേണ്ടി വരും.'

തന്നോടുതന്നെയെന്നപോലെ അലോഷി സംസാരിച്ചുകൊണ്ടേയിരുന്നു.

വിദൂരതയിൽ നിന്നും വരുന്ന ഒരറിയിപ്പുപോലെ പ്രസാദ് കേട്ടുകൊണ്ടേയിരുന്നു.

'അനൂപും, ഭാര്യയുമെവിടെ?'

'ഉമ് സലാലയിലെ കോറന്റൈൻ സെന്ററിലെവിടെയോ ആണെത്രേ.'

അനിശ്ചിതത്വത്തിന്റെ സംഘർഷഭരിതമായ ദിവസങ്ങൾക്കൊടുവിൽ ബ്രേക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയൊന്നു ശുദ്ധിയാക്കി അലോഷി പ്രഖ്യാപിച്ചു,

'അണ്ണാ... അവൻ വന്നിട്ടുണ്ട്. ഭക്ഷണത്തിന് മണവും രുചിയുമില്ല!' ഒരു നെടുവീർപ്പിൽ മറുപടിയൊതുക്കി പ്രസാദെഴുന്നേറ്റു.

പിറ്റേന്നുതന്നെ പ്രസാദിനും ലക്ഷണങ്ങൾ കണ്ടു തുടങ്ങി.

തുടർന്നുള്ള നാല് ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കും അറിയാവുന്ന ഒരു കോവിഡ് സെന്ററിലേയ്ക്ക് പോകും നിരവധി രോഗികളുള്ളതിനാൽ ഉച്ചയോളം കാത്തുനിന്നായിരിക്കും തങ്ങളുടെ ഊഴം, അപ്പോഴായിരിക്കും കൗണ്ടറിൽ നിന്നും ഇവിടെയല്ലെന്നു പറയുക. അൽ ഗരാഫ സെന്ററിൽ ഒരു പകൽ മുഴുവൻ കാത്തുനിൽക്കേണ്ടി വന്നു. തങ്ങളുടെ നമ്പർ എത്തിയപ്പോഴേക്കും കൗണ്ടറടച്ചു. അലോഷി കൗണ്ടറിലെ സ്റ്റാഫിന്റെയടുത്തേക്കോടിച്ചെന്നു.

'നാല് ദിവസമായി എനിക്കും റൂംമേറ്റിനും കോവിഡിന്റെ ലക്ഷണങ്ങളുണ്ട്. അറ്റ്ലീസ്റ്റ്, ഞങ്ങളുടെ പേരെങ്കിലും രെജിസ്റ്റർ ചെയ്തു തരണം.' 'ഇന്നത്തെ ടോക്കൺ കഴിഞ്ഞു.'

'മാഡം, ഞാനൊരു നഴ്‌സാണ്.’

'ഡോക്ടറായാലും ശരി റെസിഡൻസ് വിസക്കാർക്കുള്ള ടോക്കൺ ഇന്നിനി കൊടുക്കുന്നില്ല.'

സഹാനുഭൂതിയില്ലാത്തൊരു റോബോട്ടിനെപ്പോലെയാണ് കൗണ്ടറിലെ ലബനോൺ സുന്ദരി സംസാരിച്ചത്.

'സായിപ്പിനോടും നിങ്ങൾ ഇങ്ങനെത്തന്നെ പറയുമോ?' അലോഷിയ്ക്ക് നിയന്ത്രിക്കാനായില്ല. അപ്പോഴേക്കും സെക്യൂരിറ്റി വന്നു.

ഒടുവിലാണ് അസീസിയയിലെ കോവിഡ് സെന്ററിലെത്തിയത്. അവിടെ രജിസ്റ്റർ ചെയ്തു. രണ്ടുപേരുടെയും കൈകളിൽ ടാഗ് കെട്ടി. ഒരു മലയാളി ഡോക്ടറായിരുന്നു.

'റൂമിൽ സൗകര്യമുണ്ടെങ്കിൽ അവിടെത്തന്നെ ക്വാറന്റൈൻ തുടർന്നുകൊള്ളൂ.' ശ്വാസതടസമോ, നെഞ്ചുവേദനയോ അനുഭവപ്പെട്ടാൽ ആംബുലൻസ് വിളിക്കാനും നിർദ്ദേശിച്ചു.

അലോഷിയ്ക്ക് ശാരീരിക ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കല്യാണമടുത്തു വരുന്നതിനാൽ പ്രസാദ് വീട്ടിലിക്കാര്യമറിയിച്ചില്ല. ശ്വാസമെടുക്കുമ്പോൾ നേരിയ അസ്വാസ്ഥ്യമുണ്ടായിരുന്നു. വല്ലപ്പോഴുമുള്ള ചുമ മൂർച്ചയില്ലാത്ത കത്തികൊണ്ട് തൊണ്ട കീറിമുറിക്കുന്നതുപോലെ. രാത്രിയായാൽ ശ്വാസതടസം കൂടുന്നതായും, നെഞ്ചിടിപ്പ് കൂടുന്നതായും തോന്നും. ഉറക്കം പ്രസാദിനെ ഭയപ്പെടുത്തി. ഉറക്കമൊരു സിംഹമായും, മരണമതിന്റെ ഇരുട്ടുമൂടിയ ഗുഹയായും, അയാൾ ഗുഹയിലകപ്പെട്ട ഇരയായും അയാളെ ഭയപ്പെടുത്തി. ഉറക്കത്തിൽ നിന്നും രക്ഷനേടാനയാൾ രാത്രികൾക്ക് കാവലിരുന്നു.

കല്യാണത്തിന് ഒരാഴ്ച്ച മുൻപൊരു അർദ്ധരാത്രിയാണ് പ്രസാദിന്റെ നില വഷളായത്. കടുത്ത ചുമയും, ശ്വാസ തടസവും. ശ്വാസം കിട്ടാതെ തറയിൽ കിടന്നുപിടഞ്ഞാണ് ഒരുവിധം അലോഷിയുടെ റൂമിലെത്തിയത്. നേരം പുലരാറായപ്പോഴേക്കും ആംബുലൻസെത്തി പ്രസാദിനെയും കയറ്റി മഞ്ഞുവീണു കുതിർന്ന വഴിയിലൂടെ മറഞ്ഞുപോകുന്നത് അലോഷി നോക്കിനിന്നു.

കോവിഡ് യൂണിറ്റിലെ സഹപ്രവർത്തകരിൽ നിന്നും പ്രസാദിന്റെ ക്വാറന്റൈൻ സെന്റർ അലോഷി മനസ്സിലാക്കി, പ്രസാദിനെ പ്രത്യേകം പരിഗണിക്കണമെന്ന് വിളിച്ചു പറഞ്ഞു.

അന്ന് വൈകുന്നേരമായപ്പോഴേക്കും അലോഷി പ്രതീക്ഷിച്ചതുപോലെ ഫോൺ വന്നു. 'അലോഷീ, ചേട്ടനെന്തുപറ്റി? ഇന്ന് വിളിച്ചതേയില്ലല്ലോ.'

'ചേച്ചീ... പേടിക്കാനൊന്നുമില്ലെന്നേ. നമ്മുടെ ഏഷ്യൻ ടൗണില്ല്യോ, അവിടെ ലോക്ക്ഡൗൺ ആയി. അണ്ണന്റെ ഓഫീസ് അവിടെയല്ല്യോ... ഇനി കോവിഡ് ടെസ്റ്റ് ചെയ്ത ശേഷം ചിലപ്പോൾ രണ്ടു ദിവസം കഴിഞ്ഞേ വരാനൊക്കത്തുള്ളൂ, അങ്ങിനാ ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞേ.'

'എടാ.. മോൾടെ കല്യാണമാണ് അടുത്ത ബുധനാഴ്ച്ച... അറിയാല്ലോ.'

'അറിയാം ചേച്ചീ, അപ്പോഴേക്കും എന്തെങ്കിലുമൊക്കെ ചെയ്യാം.'

' ഒരു വഴി കാണിച്ചു താ…, എന്റെ കർത്താവേ...'

അലോഷി ആകാശത്തിലേക്കുനോക്കി കൈകളുയർത്തി. നാളെയാണ് കല്യാണം.

പ്രസാദ് പോയതിനുശേഷം അയാളുടെ റൂമിലേയ്ക്ക് അലോഷി കയറിയില്ല. അവസാനം പ്രസാദിന്റെ വിവരങ്ങളറിയാൻ വിളിച്ചപ്പോൾ വെന്റിലേറ്ററിലാണെന്നു പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തതാണ്. പിന്നെ വിളിച്ചിട്ടില്ല. വിളിക്കാൻ ധൈര്യം കിട്ടിയില്ല.

ദിവസവും ചേച്ചി വിളിച്ചന്വേഷിക്കുമ്പോഴും കല്യാണത്തിന് മുൻപ് അണ്ണനെ ഞാനിവിടെ കമ്പ്യൂട്ടറിനു മുന്പിലിരുത്തും ചേച്ചീ... എന്നു പറയും. നാളെയെന്തു പറയും!

വിൻഡോയോടു ചാരി സൈഡ് ടേബിളിൽ വെച്ച ലക്കി ബാംബൂ ജലാംശമില്ലാതെ വാടിയിരിക്കുന്നു. അയാൾ വേസിനിൽ ഒരു കപ്പ് വെള്ളമൊഴിച്ചുകൊടുത്തു. കിടക്കവിരി കുടഞ്ഞു, ലാപ്‌ടോപ്പ് പൊടിതട്ടിവെച്ചു. രാവിലെ നേരത്തെയുണരേണ്ടതുകൊണ്ട് അലോഷിയവിടെ കിടന്നു.

അഞ്ചു മണിക്കെഴുന്നേറ്റ് ഫ്രഷായി. ജനാലയുടെ കർട്ടൻ ഇരുവശത്തേക്കും തുറന്നു. പുലരാനിനിയും സമയമുണ്ട്. അയാളൊരു ചായയിട്ടു. ലക്കി ബാംബൂ പ്രസരിപ്പോടെ തലയുയർത്തി നിൽക്കുന്നു.

ഇനിയൊരിക്കലും വിളിക്കില്ലെന്നു കരുതിയിരുന്നെങ്കിലും പെട്ടെന്ന് പ്രസാദിന്റെ വിവരമറിയണമെന്നു തോന്നി അലോഷിയ്ക്ക്. ഫോൺ റിങ് ചെയ്യുമ്പോൾ അപായമുന്നറിയിപ്പുപോലെ അലോഷിയുടെ ഹൃദയം താളം തെറ്റിയാണ് മിടിച്ചിരുന്നത്. മറുതലയ്ക്കൽ ആരുടെ ശബ്ദമായിരിക്കും? ദൈവത്തിന്റെയോ, ചെകുത്താന്റെയോ! ഒരു വാക്കിന്മേൽ അണ്ണന്റെ ജീവിതം തൂങ്ങിനിൽക്കുന്നതായി അലോഷിയ്ക്കു തോന്നി. പ്രാർത്ഥനാനിർഭരമായി കണ്ണുകളടച്ചു തുറന്നു. കണ്മുൻപിൽ ലക്കി ബാംബൂ ദൈവീകപരിവേഷത്താൽ ദീപ്തമായതുപോലെ.

'ഹലോ... ' ശബ്ദത്തിലെ വിറയൽ പരിമിതപ്പെടുത്തി അലോഷി വിളിച്ചു.

'അലോഷീ... എവിടായിരുന്നു നിങ്ങൾ! നിങ്ങടെ അണ്ണൻ ഞങ്ങളെ കുറേ വിഷമിപ്പിച്ചു കെട്ടോ.' അലോഷി നിശബ്ദനായി അയാൾക്കായി കാതോർത്തിരുന്നു.

'ഇന്നലെ അങ്ങേരെ വെന്റിലേറ്ററിൽ നിന്നും മാറ്റി...'

നെഞ്ചിൻകൂടിൽ കുടുങ്ങിക്കിടന്ന ഒരു വലിയ പാറക്കഷ്ണം ചിന്നഭിന്നമായിപ്പോയ ആശ്വാസത്തോടെ അലോഷി ചിരിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി.

'പുള്ളിയിപ്പോൾ ഞങ്ങളുണ്ടാക്കികൊണ്ടുവന്ന പൊടിയരിക്കഞ്ഞി കുടിച്ചോണ്ടിരിക്കാണ്. ഉച്ചയ്ക്ക് വിളിക്ക്, അപ്പോൾ സംസാരിക്കാം.'

സമയം നാട്ടിലെ എട്ടുമണിയായി.
അലോഷി ലാപ് തുറന്നു.
ലാപ്‌ടോപ്പിന് താഴെ പ്രസാദ് എഴുതിവെച്ച സൂം ലോഗിൻ അഡ്രസ്സിൽ ലോഗ് ചെയ്തു. കല്യാണമണ്ഡപത്തിൽ ആളുകൾ കുറവായിരുന്നു.
വെബിനാർ മണ്ഡപത്തിൽ ആളുകൾ നിറഞ്ഞുകൊണ്ടിരുന്നു.


ഈയുഗം