രണ്ടായിരത്തി ഇരുപതിലെ കൊറോണക്കാലത്തായിരുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽനിന്ന് കോവിഡ്-19 എന്ന് പേരുള്ള ഒരു കൂട്ടം സൂക്ഷ്മജീവികൾ മനുഷ്യശരീരങ്ങളിലൂടെ ലോകസഞ്ചാരത്തിനിറങ്ങിയ വാർത്തയറിഞ്ഞ്, ലോകം തന്റെ വിരൽത്തുമ്പിലാണെന്ന് അഹങ്കരിച്ച മനുഷ്യന്റെ ചിന്തയിലും പ്രവർത്തിയിലും ഭീതിയുടെ നിഴൽവീണ് ജീവിതം സ്തംഭിച്ചുപോവുന്നതിനും ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു അവർ പഴയ തറവാട് വീട്ടിൽ ഒത്തുകൂടിയത്. അപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നും ആ കുഞ്ഞുജീവികളുടെ സംഘം കേരളത്തിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു.
തങ്ങളുടെ ബാല്യകാലത്തിന്റെ കുരുത്തക്കേടുകളും തമാശയും മുതിർന്നവരോട് തോന്നിയിരുന്ന ഭയവും ആദരവും കൗമാരഹൃദയത്തിൽനിന്നും ഉയർന്നുപൊങ്ങിയ പ്രണയനെടുവീർപ്പുകളും ഒട്ടും മറന്നുപോവാതെ ആ വലിയ വീടിന്റെ ചുവരുകൾക്കുള്ളിൽ, ഓർമ്മകളൊന്നും മഴനനഞ്ഞ് അലിഞ്ഞുപോവാതെ വെയിലേറ്റ് വാടിപ്പോവാതെ ഇന്നും അതേപടി സംരക്ഷിച്ചുനിർത്തുന്ന ആ ഓടിട്ട മേൽക്കൂരയ്ക്ക് കീഴെ കുറച്ചു ദിവസങ്ങൾ... അഞ്ച് സഹോദരങ്ങൾ... അവരുടെ ഭാര്യമാർ, ഭർത്താക്കന്മാർ, മക്കളും മക്കളുടെ മക്കളും... ആറുപേർ വേണ്ടിയിരുന്നത് പാതിവഴിയിൽ എല്ലാം ഉപേക്ഷിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഒരാളുടെ കുറവ് ഉണ്ടാക്കുന്ന ഓർമ്മ സൃഷ്ടിക്കുന്ന അഞ്ചുപേരുടെയും മനസ്സിലെ നഷ്ടബോധത്തിന്റെ ഭാരം ആരുടെയെങ്കിലും മുഖത്ത് ദൃശ്യമാവുമ്പോൾ എല്ലാവരുടെയും കണ്ണുകളെ നനയിച്ചു.
പത്തുവർഷങ്ങൾക്കുശേഷമാണ് അഞ്ചുസഹോദരങ്ങളും ഇങ്ങനെ ഒത്തുചേരുന്നത്. പത്തുവർഷങ്ങൾക്ക് മുൻപ് അമ്മയുടെ മരണത്തിനു ശേഷം നാല്പത്തിയൊന്നാം ദിവസത്തെ ചടങ്ങുകഴിഞ്ഞ് ഓരോദിവസവും ഓരോരുത്തരായി പടിയിറങ്ങിയതാണ് ഈ വീട്ടിൽനിന്ന്. അവസാനം ബാക്കിയായത് ഉഷയും മകൾ മീനാക്ഷിയും ജ്യേഷ്ഠൻ ഗോപാലനും ആയിരുന്നു. ന്യൂജേഴ്സിയിയിലേക്കുള്ള വിമാനം മുംബൈയിൽനിന്നായിരുന്നതിനാൽ ഒരുമിച്ചുപോവാം എന്ന് തീരുമാനിക്കുകയായിരുന്നു ഗോപാലൻ. ഭാര്യയും മക്കളും രണ്ടുദിവസങ്ങൾക്ക് മുന്നേ പോയിരുന്നു. മനോഹരൻ തിരിച്ചെത്തിയാൽ അയാൾക്ക് കൊടുത്തേക്കൂ എന്നുപറഞ്ഞ് വീടുപൂട്ടി താക്കോൽ അയല്പക്കത്തെ കളിക്കൂട്ടുകാരൻ രാജനെ ഏൽപ്പിച്ച് ന്യൂജേഴ്‌സിയിലേക്ക് തിരിച്ചുപോവുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങലായിരുന്നു എന്നത് ഉഷ ഇപ്പോഴും ഓർക്കുന്നു. അന്നുമുതൽ താക്കോൽ സൂക്ഷിക്കുന്നതും വീട് പരിപാലിക്കുന്നതും അയാളാണ്. മനോഹരനും ഉഷയുമായിരുന്നു ചെറുപ്പം മുതലേ രാജന്റെ കൂട്ടുകാർ.
തറവാട് വീതം വയ്ക്കുമ്പോൾ വീട് എന്തുചെയ്യുമെന്ന് ചർച്ച വന്നപ്പോൾ ഈ പഴയ വീട് ആർക്കും വേണ്ടായെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്, ഉഷ ഒഴികെ. മാത്രമല്ല എല്ലാവർക്കും പലയിടങ്ങളിലായി വീടുണ്ട്. മൂത്തയാളായ ഗോപാലൻ മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്നു. രണ്ടാമത്തെയാളായ ഡോക്ടർ ദിനേശനും കുടുംബവും കുറേ മുൻപുതന്നെ സിറ്റിയിൽ പുതിയ വീടുവച്ചു താമസമാക്കിയിരുന്നു. മൂന്നാമത്തെയാൾ നളിനിക്ക് ജോലിയൊന്നുമില്ല. ഭർത്താവ് റിട്ടയേർഡ് പട്ടാളക്കാരനാണ്. അവർ ചണ്ഡീഗഡിൽ സ്ഥിരതാമസമാക്കിയതിനാൽ വല്ലപ്പോഴും മാത്രമേ കേരളത്തിലേക്ക് വരാറുള്ളു. നാലാമത്തെയാളായ സുരേഖക്കും ഭർത്താവിനും രണ്ടുപേരുടെയും ജോലി സെക്രട്ടറിയേറ്റിൽ ആയതിനാൽ തിരുവന്തപുരത്തുതന്നെ വീട് വാങ്ങിച്ചു. ആറാമത്തെയാളാണ് ഉഷ. ഉഷക്ക് മൂത്തതായിരുന്നു മനോഹരൻ. സാഹിത്യത്തിൽ ഉഷയുടെ വഴികാട്ടി അയാളായിരുന്നു. എഴുതാറില്ല പക്ഷെ, നന്നായി വായിക്കും. ഒരു തത്വജ്ഞാനിയെപ്പോലെയായിരുന്നു സംസാരം. അവിവാഹിതനായിരുന്നു. അല്പം മാനസികപ്രശ്‍നം ഉണ്ടായിരുന്നു. അമ്മ മരണപ്പെട്ടത്തിന്റെ മൂന്നാം ദിവസം അയാൾ വീടുവിട്ടിറങ്ങി. അയാൾ അങ്ങനെയായിരുന്നു. പെട്ടെന്നൊരു ദിവസം ആരോടും പറയാതെ വീട്ടിൽനിന്നിറങ്ങും. പിന്നെ ഒരാഴ്ച കഴിയുമ്പോൾ തിരിച്ചെത്തും. അങ്ങനെ പോയതായിരിക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും വരാതായപ്പോൾ പല സ്ഥലങ്ങളിലും അന്വേഷിച്ചു, കണ്ടെത്താൻ സാധിച്ചില്ല. ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ അറിഞ്ഞോട്ടെയെന്നു കരുതിയാണ് കുടുംബസംഗമം നടത്തുന്ന വാർത്ത എല്ലാ പത്രങ്ങളിലും കൊടുത്തത്. എല്ലാവരും ഫേസ്‌ബുക്കിലും എഴുതിയിട്ടിരുന്നു. സുരേഖയുടെയും നളിനിയുടെയും ഭർത്താക്കന്മാർ സംഗമത്തിന്റെ തലേദിവസം മാത്രമാണ് എത്തിയത്. സംഗമത്തിന്റെ പിറ്റേദിവസംതന്നെ തിരിച്ചു പോവുകയും ചെയ്തു. അവധി കിട്ടാത്തതുകാരണം പ്രകാശൻ ഉണ്ടായിരുന്നില്ല. ഉഷയും മകൾ മീനാക്ഷിയും തനിച്ചാണ് ന്യൂജേഴ്സിയിൽനിന്നും വന്നത്. ബാക്കിയുള്ള എല്ലാവരും രണ്ടുദിവസം നേരത്തെ എത്തിയിരുന്നു.
"അത് അവിടെ നിന്നോട്ടെ. എനിക്ക് എപ്പോഴെങ്കിലും ഇവിടെ വന്നു താമസിക്കണമെന്നു തോന്നിയാൽ വന്നു താമസിക്കാലോ." എന്ന് പറഞ്ഞതുകൊണ്ടാണ് വീട് എല്ലാവരും ചേർന്ന് അവൾക്കു കൊടുക്കാൻ തീരുമാനിച്ചത്. സെക്രട്ടറിയറ്റിൽ ജോലിയുള്ള സുരേഖ മാത്രമാണ് "അമേരിക്കക്കാരിക്കെന്തിനാ ഈ പഴയ ഓടിട്ട വീട്?" എന്ന് ചോദിച്ചത്.
"അതൊക്കെയുണ്ട്. എനിക്ക് ഏകാന്തമായി ഇരിക്കാൻ ഒരിടം വേണം അതിനാണ്" എന്ന് മറുപടി പറഞ്ഞ്കൊണ്ട് ഉഷ അല്പം ഈർഷ്യയോടെ ജ്യേഷ്ഠത്തിയെ നോക്കി. അന്ന് അമ്മയുണ്ടായിരുന്നു. അമ്മ പറഞ്ഞത് വീട് മനോഹരന് കൊടുക്കണം എന്നാണ്.
അപ്പോൾ അയാൾ തന്നെയാണ് പറഞ്ഞത്. "എനിക്കെന്തിനാ വീട്? അത് ഉഷക്ക് കൊടുത്തോളു." മനോഹരന് ഉഷ ഒഴികെ മറ്റുള്ളവരോടൊക്കെ മാനസികമായി ഒരു അകൽച്ചയുണ്ടായിരുന്നു.
കുടുംബ സംഗമം നടത്തുന്നതിനെക്കുറിച്ച് നിർദ്ദേശം വച്ചതും ഈ വീട്ടിൽത്തന്നെയാവട്ടെ എന്ന് പറഞ്ഞതും ഉഷതന്നെയാണ്. "നമ്മൾ കളിച്ചുവളർന്ന വീടല്ലേ. ഒരാഴ്ച നമുക്കെല്ലാവർക്കും ഒരുമിച്ച് താമസിക്കാം. നമുക്ക് പഴയ കുട്ടികളാവണം."
ഡോക്ടർ ദിനേശന്റെ ഭാര്യ ഉഷയോട് പറഞ്ഞു. "ഈ വീട് പൊളിച്ച് നല്ലൊരു വീട് നിർമ്മിക്ക്. പ്രവാസമൊക്കെ അവസാനിപ്പിക്കാറായില്ലെ?"
ഉഷ പറഞ്ഞു. "ഈ വീട് പൊളിക്കേണ്ട. ഇങ്ങനെ നിന്നോട്ടെ. നമുക്ക് വയസ്സായില്ലെ. നമുക്കെല്ലാവർക്കും ഇവിടെ ഒരുമിച്ചു താമസിക്കാം." അവൾ പറഞ്ഞത് തമാശരൂപത്തിലാണെങ്കിലും അതൊരു ആഗ്രഹം കൂടിയായിരുന്നു.
നളിനി തമാശയായിത്തന്നെ പറഞ്ഞു. "അതെ എന്നിട്ട് ഗെയ്റ്റിൽ ഒരു ബോർഡ് വെക്കണം. വൃദ്ധസദനം എന്ന്."
അറുപത്തിയൊന്നുവയസ്സുള്ള ഗോപാലൻ ഉഷയെ സൂക്ഷിച്ചുനോക്കി. എന്നിട്ട് ചോദിച്ചു. "നിനക്കെത്ര വയസ്സായി?"
ചോദ്യത്തിലെ പരിഹാസം മനസിലാക്കി ഉഷയൊന്ന് പരുങ്ങി. ചമ്മൽ മാറാതെതന്നെ ജ്യേഷ്ഠത്തിമാരെ നോക്കി ഒന്ന് പുഞ്ചിരിച്ച് മറുപടി പറഞ്ഞു. "എനിക്ക് നാല്പത്തതിനാല്."
ആദ്യം പ്രതികരിച്ചത് സുരേഖയാണ്. "നാല്പത്തതിനാലാമത്തെ വയസ്സിൽ അവൾ കിളവിയായി. അപ്പോൾ നമ്മളോ?"
ഡോക്ടർ ദിനേശൻ ചോദിച്ചു. "എന്താടീ നിനക്ക് പ്രകാശനെ പ്രേമിച്ച് മതിയായൊ?"
ചോദ്യം കേട്ട് ഉഷയൊഴികെ എല്ലാവരും ഉച്ചത്തിൽ ചിരിച്ചു. എല്ലാവരുടെയും ഓർമ്മകൾ ഇരുപതുവർഷം പിറകിലേക്ക് പോയി.
"എന്തായിരുന്നു കോലാഹലം!" നളിനി ഓർമ്മപ്പെടുത്തി.
ഉഷയും പ്രകാശനും തമ്മിലുണ്ടായിരുന്ന പ്രേമബന്ധം ഈ വീട്ടിൽ വലിയ ഒരു ഭൂകമ്പംതന്നെ സൃഷ്ടിച്ചിരുന്നു.
ഒടുവിൽ ഉഷ തറപ്പിച്ചു പറഞ്ഞു. "എന്തൊക്കെ കുറവുകളുണ്ടായാലും എനിക്ക് പ്രകാശേട്ടനെ മതി. ഇല്ലെങ്കിൽ ഞാനീ വീട്ടിൽ കെട്ടിത്തൂങ്ങി ചാവും."
അവളുടെ ഭീഷണിക്കു മുന്നിൽ അവർക്ക് സമതിക്കേണ്ടിവന്നു.
"നിനക്കെപ്പോഴാ തിരിച്ചുപോവേണ്ടത്?" ചോദിച്ചത് നളിനിയാണ്.
"എനിക്ക് ഇരുപതുദിവസത്തെ ലീവുണ്ട്. മോള് സംഗമത്തിന്റെ പിറ്റേദിവസം പോവും. അവൾക്ക് യൂണിവേസിറ്റിയിലെ ക്ലാസ്സ് ഒഴിവാക്കാൻ പറ്റില്ല."
"അപ്പോൾ അവൾ തനിച്ച് പോവണ്ടേ?" ഗോപാലൻ ചോദിച്ചു.
"അത് കുഴപ്പമില്ല ഏട്ടാ. അവൾ ആദ്യമായിട്ടല്ലല്ലൊ തനിച്ച് ഫ്‌ളൈറ്റ് യാത്ര ചെയ്യുന്നത്. അവൾ പോയിക്കോളും.
"എവിടുന്നാ പോവേണ്ടത്? എപ്പോഴാ അങ്ങെത്തുക?" ഗോപാലന്റെ ഭാര്യ ചോദിച്ചു.
"ന്യൂഡൽഹിയിൽനിന്നാണ് ഫ്ലൈറ്റ്. കോഴിക്കോട് നിന്ന് ന്യൂഡൽഹിലേക്കു പോവണം. അവളെ ആരെങ്കിലും കോഴിക്കോട് എയർപോർട്ടിൽ ആക്കിക്കൊടുത്താൽ മതി. കോഴിക്കോടുവരെ ഞാനും പോവാം. നേവാർക്കിൽ എത്തുന്നത് രാത്രിയിലാണ്."
ഏട്ടത്തി പരിഭ്രമിച്ചു. "രാത്രിയിൽ തനിച്ചു പോവണോ? പ്രകാശൻ എയർപോർട്ടിൽ വരുമോ?"
"നെവാർക്ക് എയർപോർട്ടിൽ പ്രകാശേട്ടൻ വന്ന് കൂട്ടികൊണ്ടുപോയിക്കോളും. ഇല്ലെങ്കിലും അവൾക്കു അവിടെ രാത്രി യാത്ര ചെയ്തൊക്കെ ശീലമാണ്." ഉഷ മറുപടി പറഞ്ഞു.
ഏട്ടത്തി സ്വരം താഴ്ത്തി ചോദിച്ചു. "അവിടെ എങ്ങിനെ ഈ പ്രായത്തിലെ പെണ്കുട്ടികളൊക്കെ രാത്രി യാത്ര ചെയ്യുമ്പോൾ?..."
ഉഷ പറഞ്ഞു. "ഇവിടുത്തെ ആണുങ്ങളെപ്പോലെ തുറിച്ചുനോട്ടം ഇല്ലാന്നേയുള്ളു. അവിടെയുമുണ്ട് പിടിച്ചുപറിയും ബലാത്സംഗവുമൊക്കെ."
കുറേ നേരം എല്ലാവരും അവരവരുടെ ഓർമ്മകളിൽ മുഴുകിയും വീട്ടിനകത്തും മുറ്റത്തും തൊടിയിലും ചുറ്റിക്കറങ്ങിയും നേരം കൂട്ടി. വർഷങ്ങളായി പണിയൊന്നും എടുക്കാതെ ഉറച്ചുപോയ വീട്ടുവളപ്പിലെ മണ്ണിൽ ചവിട്ടിനിന്ന് ഗോപാലൻ തലയറ്റുപോയ തെങ്ങിന് മുകളിലേക്ക് നോക്കി. നാടുവിട്ടുപോയ അനുജനെ ഓർത്തു. മനോഹരന്റെ ഓഹരിയായിരുന്നു അത്. ഉച്ചനേരമായതിനാൽ സൂര്യൻ തീഷ്ണമായി അയാളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ പെട്ടെന്ന് നോട്ടം പിൻവലിച്ചു. അയാൾ ഓർത്തു. അഞ്ചു വർഷങ്ങൾക്ക് മുൻപായിരുന്നു അവസാനമായി ഇവിടെ വന്നത്. ഇതുപോലൊരു ഉച്ചനേരത്ത്. അയല്പക്കത്തുനിന്ന് താക്കോൽ വാങ്ങി വീട്‌തുറന്ന് വെറുതെ അൽപനേരം ചിലവഴിച്ച് തിരിച്ചുപോയി. അന്ന് ഇവരാരും ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്നത് ഇളയ മകനായിരുന്നു. ഇത്തവണ അവൾക്കെന്തോ ഇങ്ങനെയൊരു ബുദ്ധി തോന്നിയത് നന്നായി. ചെറുപ്പം മുതലേ അവൾക്കായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ മിടുക്ക്.
അന്നവൾ പ്രകാശനെ വിവാഹം ചെയ്യുന്നതിന് എതിര് നിന്നത് അയാളായിരുന്നു. അച്ഛൻ ജീവിച്ചിരിപ്പില്ലാത്തതിനാൽ ഗോപാലനായിരുന്നു വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. വരുന്ന വിവാഹാലോചനകളെല്ലാം അവൾ തിരസ്കരിക്കുന്നതിന്റെ കാരണം അപ്പോഴായിരുന്നു എല്ലാവർക്കും മനസ്സിലായത്. പ്രകാശൻ അന്യജാതിക്കാരനാണ്. കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നുമില്ല. രണ്ടോ മൂന്നോ പാരലൽ കോളേജിൽ പഠിപ്പിച്ചു കിട്ടുന്ന വരുമാനംകൊണ്ട് എന്താകാനാണ്? ഉഷക്കും ജോലിയൊന്നുമുണ്ടായിരുന്നില്ല. രണ്ടുപേരും വല്ലപ്പോഴും ഏതെങ്കിലും പത്രത്തിനോ വാരികക്കൊ കഥയോ കവിതയോ എഴുതിക്കൊടുക്കാറുണ്ട്. അവർ തമ്മിൽ പരിചയപ്പെടുന്നതും ഇഷ്‌ടത്തിലാവുന്നതും ആ വഴിക്കായിരുന്നു. പക്ഷെ, പേരും പ്രശസ്തിയും കൊണ്ട് കുടുംബജീവിതം സാധ്യമാവില്ലല്ലൊ. പണം ആവശ്യമുള്ളപ്പോൾ പണം തന്നെ വേണം. അതായിരുന്നു എതിർപ്പിന് കാരണം. മൂത്ത രണ്ടു സഹോദരിമാരുടെ ഭർത്താക്കന്മാരും തരക്കേടില്ലാത്ത വരുമാനമുള്ളവരാണ്. അവർക്കു മുന്നിൽ ചെറുതായിപ്പോവരുത് എന്നുമാത്രമേ വിചാരിച്ചിരുന്നുള്ളു. എന്നാൽ ഇപ്പോൾ പ്രകാശനാണ് അവരെക്കാൾ സമ്പന്നൻ. പ്രകാശൻ ന്യൂജേഴ്സിയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ അക്കൗണ്ടിംഗ് ഡിപ്പാർട്ട് മെൻറിലും ഉഷ ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ എച്ച് ആർ ഡിപ്പാർട്ട് മെൻറിലും ജീവനക്കാരാണ്. ഗോപാലന് അനിയത്തിയെക്കുറിച്ചോർത്ത് അഭിമാനം തോന്നി. അവളുടെ തീരുമാനം ഒരിക്കലും പിഴക്കാറില്ല. സാമർഥ്യവും ദീർഘവീക്ഷണവും ഉള്ളവളാണ്. അവളുടെ ചേച്ചിമാർക്ക് അവളുടെയത്ര ലോകപരിചയമോ സാമർഥ്യമോ ഇല്ല. ഭർത്താക്കന്മാർ പറയുന്നത് മൂളിക്കേൾക്കാൻ മാത്രമേ സാധിക്കൂ. വിവാഹത്തിന് മുൻപ് അച്ഛനും അമ്മയും പറയുന്നതിന് അല്ലെങ്കിൽ ഏട്ടൻ പറയുന്നതിന് എതിര് പറയാൻ അറിയില്ലായിരുന്നു. ഉഷ എല്ലാവരോടും വെട്ടിത്തുറന്ന് അഭിപ്രായം പറയും.
സംഗമം കഴിഞ്ഞ് മീനാക്ഷി തിരിച്ചുപോയി. പരീക്ഷയാണ് പഠിക്കാനുണ്ട് എന്ന് പറഞ്ഞ് വേറെ ചില കുട്ടികളും പോയി. അവർ പോയപ്പോൾ വീട് ഉറങ്ങിയതുപോലെയായെന്ന് പറഞ്ഞ് മുതിർന്നവർ നിരാശപ്പെട്ടു. ഈ വീട്ടിലെ ചെറിയ മുറികൾ കുട്ടികൾക്ക് അരോചകമാവും എന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷെ, അവരായിരുന്നു ശരിക്കും ആസ്വദിച്ചത്. മുറ്റത്ത് പന്തൽ കെട്ടിയതുകൊണ്ട് എല്ലാവർക്കും ഉറങ്ങാനും ഇരിക്കാനും നടക്കാനുമൊക്കെ സൗകര്യമായി.
ഉഷക്ക് ന്യൂജേഴ്സിയിലേക്ക് തിരിച്ചു പോവേണ്ടതിനും ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇന്ത്യയിൽ വിമാനത്തവാളങ്ങൾ അടച്ചതും ലോക്ക്ഡൌൺ പ്രഖ്യാപിക്കപ്പെട്ടതും. പിന്നീട് അറിഞ്ഞതെല്ലാം ലോകമെങ്ങും മഹാമാരി പടർന്നുപിടിക്കുന്നുവെന്ന ഭീതിപ്പെടുത്തുന്ന വാർത്തകളായിരുന്നു. അമേരിക്കയിൽ രോഗികളുടെ എണ്ണത്തോടൊപ്പം മരണസംഖ്യയും പെരുകുന്നതുകണ്ട് ഉഷ അസ്വസ്ഥമായ മനസ്സുമായി ദിവസങ്ങൾ തള്ളിനീക്കി. വീട്ടിലെ എല്ലാവരുടെയും മനസ്സിൽനിന്നും സന്തോഷം അപ്രത്യക്ഷമായി. അമേരിക്കയിൽനിന്നു വരുന്ന പ്രകാശന്റെയും മീനാക്ഷിയുടെയും ഫോൺ കോളുകളിലും മെസ്സേജുകളിലും സുഖമായിരിക്കുന്നുവെന്ന ആശ്വാസവാക്കുകളായിരുന്നു. ന്യൂയോർക്കിലാണ് രോഗം ഏറ്റവും കൂടുതൽ പടർന്നുപിടിക്കുന്നത്. ന്യൂജേഴ്സിയിൽ അത്രയില്ലെങ്കിലും ആശ്വസിക്കാനാവില്ല. മരണസംഖ്യ കൂടിവരുകയാണ്. ജീവൻ നിലനിർത്താൻ ചികിത്സ കിട്ടാതെ വിഷമിക്കുന്ന ദരിദ്രർ... വൃദ്ധസദത്തിലെ കൂട്ടമരണം... മുൻപോട്ടുള്ള വഴിയറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന പ്രവാസിസമൂഹം... പ്രകാശന്റെയും മകളുടെയും മെസേജുകളിലും സംസാരങ്ങളിലും ഇതൊക്കെയാണ് വിശേഷങ്ങൾ. ഏതാനും ദിവസങ്ങൾക്കകം പ്രകാശന്റെ വാട്സ്ആപ് മെസേജ് വന്നു. “Confirmed today. I am covid positive.” ഒരാഴ്ചക്ക് ശേഷം മീനാക്ഷിക്കും കോവിഡ് സ്ഥിരീകരിച്ചു.
പ്രകാശന്റെയും മകളുടെയും അസുഖം അറിഞ്ഞ് പ്രകാശന്റെ അമ്മ ആകെ അസ്വസ്ഥയായിരുന്നു. ഒരു ദിവസം കാലത്ത് ഉറങ്ങി എഴുന്നേറ്റത് അവരുടെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള ഒരു ഫോൺകാൾ അറ്റൻഡ് ചെയ്തുകൊണ്ടായിരുന്നു. അമ്മയുടെ മരണവാർത്തയറിഞ്ഞ് ആകെ തകർന്നുപോയ പ്രകാശനെ ശ്രദ്ധിക്കാൻ മകളോട് പ്രത്യേകം പറഞ്ഞേല്പിച്ചു ഉഷ. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അവർ എല്ലാവരും പോയി. കോവിഡ് പകരാതിരിക്കാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം ഉഷക്ക് മാത്രമേ മൃതദേഹം കാണാൻ സാധിച്ചിരുന്നുള്ളു. ബാക്കിയുള്ളവർക്ക് വളരെയകലെ നിൽക്കേണ്ടിവന്നു.
അതിനുശേഷം ഏതാണ്ട് ഒരാഴ്ച്ചക്ക് ശേഷമായിരുന്നു ഗോപാലന് ശാരീരിക അസ്വസ്ഥതയും പനിയും തോന്നിത്തുടങ്ങിയത്. ഡോക്ടർ ദിനേശന് സംശയം തോന്നിയതിനെ തുടർന്ന് അയാൾതന്നെയാണ് കോവിഡ് ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ചത്. സ്രവം പരിശോധിച്ചതിന്റെ റിസൾട്ട് വന്നപ്പോൾ ദിനേശൻ ഒഴികെ ബാക്കി എല്ലാവരും ഞെട്ടിപ്പോയി.
അപ്പോഴാണ് ഉഷ പറഞ്ഞത്. "അതേയ് രണ്ടുമൂന്നു ദിവസങ്ങൾ മുൻപ് എനിക്ക് ഒരു പനിവരുന്നതുപോലെയും ശരീരവേദനയുമൊക്കെ ഉണ്ടായിരുന്നു ഏട്ടാ."
അന്നുതന്നെ എല്ലാവരെയും പരിശോധിക്കുകയും മൂന്നുദിവസത്തിനുശേഷം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പ്രായവും അനാരോഗ്യവും കാരണം ഗോപാലന്റെ കാര്യത്തിലായിരുന്നു എല്ലാവർക്കും ഭയം. ദുർബലമായ ശരീരത്തോടാണത്രെ ഈ ജീവികൾക്ക് പ്രിയം എന്നാണ് ശാസ്ത്രത്തിന്റെ വിശദീകരണം. എന്നാൽ അയാളായിരുന്നു എല്ലാവരേക്കാളും ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ആശുപത്രിവാസം അവസാനിച്ച് തിരിച്ചെത്തിയ ദിവസം ഗോപാലൻ ഉഷയോട് പറഞ്ഞു. "ഈ മഹാമാരി ഈ നാട്ടിൽ നിന്നും പോവുന്നതുവരെ നമുക്കിനി ഒരുമിച്ചു കഴിയാം. നീ തിരിച്ചുപോവുന്നതിനുമുൻപ് ഏതെങ്കിലും പണിക്കാരെവിളിച്ച് പറമ്പോക്കെ വൃത്തിയാക്കാൻ രാജനോട് പറയണം." അയാൾ കൂട്ടിച്ചേർത്തു. "നഗരവാസിയെന്ന അഹങ്കാരവും പണത്തോടുള്ള ആർത്തിയും കാരണമാണ് നമ്മളെല്ലാവരും കിട്ടിയ ഓഹരികൾ വിറ്റത്. നീയും മനോഹരനും മാത്രം ആ മണ്ടത്തരം ചെയ്തില്ല."
ഗോപാലൻ തുടർന്നു. "അവൻ എന്നെങ്കിലും തിരിച്ചുവരും. ഞങ്ങളാരും അന്ന് ജീവിച്ചിരിപ്പുണ്ടാവണമെന്നില്ല. പക്ഷെ, നീയുണ്ടാവണം."
അമേരിക്കയിലേക്ക് കുടിയേറി കുറച്ചുകഴിഞ്ഞപ്പോൾ ചില ബ്രോക്കർമാർ ഗോപാലനോടും ദിനേശനോടും സൂചിപ്പിച്ചിരുന്നു. "ആ വീടും സ്ഥലവും വിൽക്കുന്നുന്നുണ്ടെങ്കിൽ നല്ലൊരു വില വാങ്ങിത്തരാം. അവർക്കെന്തിനാ ആ പഴയ വീട്? അവരിനി അമേരിക്കയിൽതന്നെ സെറ്റിലാവും. നിങ്ങളെ അനുജനും ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല. നിങ്ങളെ കാലശേഷം അത് സംരക്ഷിക്കാൻ ആരുമുണ്ടാവില്ല."
പറമ്പ് വിൽക്കാതിരിക്കാൻ കാരണമുണ്ടായിരുന്നു. വിവാഹശേഷം ദാരിദ്ര്യം നന്നായി അനുഭവിച്ചവരായിരുന്നു ഉഷയും പ്രകാശനും, അമേരിക്കയിലേക്ക് കുടിയേറുന്നതുവരെ.
അവൾ ഒന്നും പറഞ്ഞില്ല. മനസ്സിൽ ന്യൂജേഴ്സിയിലെ ഇരുപത്തിയെട്ടുനില കെട്ടിടത്തിലെ പതിനഞ്ചാം നിലയിലെ അപ്പാർട്മെന്റിനുള്ളിൽനിന്നും പുറത്തിറങ്ങാനാവാതെ വീർപ്പുമുട്ടുന്ന ഭർത്താവിനെയും മകളെയും കുറിച്ചുള്ള ചിന്തയായിരുന്നു.
ക്വാറന്റൈൻ കഴിഞ്ഞ ശേഷം ഒരു വീഡിയോ ചാറ്റിങ്ങിനിടെ മീനാക്ഷിയാണ് ആ ദുഃഖവാർത്ത പറഞ്ഞത്. "മമ്മാ, മൈക്കൽ സ്മിത്ത് പാസ്‌ഡ് എവേ"
"എങ്ങിനെ?" ഉഷ വിശ്വസിക്കാനാവാതെ ചോദിച്ചു.
"ഹി വാസ് കോവിഡ് പോസിറ്റീവ്. ഞങ്ങൾ ക്വാറന്റൈൻ കഴിഞ്ഞ് അപ്പാർട്മെന്റിന് പുറത്തിറങ്ങിയപ്പോൾ ഒരു ദിവസം അയാളുടെ കൂടെയുണ്ടാവാറുള്ള സ്ത്രീയെ കണ്ടു. അവരാണ് പറഞ്ഞത്."
കുറെ വർഷങ്ങളായി അവരെ രണ്ടുപേരെയും അറിയാം. ഉഷ കണ്ണുകളടച്ച് മൈക്കൽ സ്മിത്തിനെ മനസ്സിൽ കാണാൻ ശ്രമിച്ചു. അയാൾ ഒരു യാചകനായിരുന്നു. എഴുപതിലധികം വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ. തന്റെ പൂർവ്വികർ വലിയ സമ്പന്നരായിരുന്നു എന്ന് അയാൾ പറയാറുണ്ടായിരുന്നു. പക്ഷെ, എവിടെനിന്ന് വന്നവരാണെന്നറിയില്ല. ആ സമ്പത്ത് അനുഭവിക്കാനുള്ള ഭാഗ്യം അയാൾക്ക് കിട്ടിയിട്ടില്ല. ഓർമ്മവച്ച നാൾ മുതൽ അയാളും അമ്മയും യാചകരായിരുന്നു. കൂടെ കാണാറുണ്ടായിരുന്ന സ്ത്രീ യാചകവൃത്തിയിൽ കൂടെ കൂടിയവരാണ്.
എല്ലാ ദിവസവും ഓഫിസിലേക്ക് പോവുന്ന നേരം അപ്പാർട്മെന്റിന് താഴെ പ്രകാശനെയും ഉഷയെയും കാത്തുനിൽക്കും അയാളും ആ സ്ത്രീയും. യൗവ്വനകാലത്ത് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും ഇഷ്ടപ്പെട്ടിരുന്ന ഒരു വേശ്യയായിരുന്നു പട്രീഷ്യ. അവസാനം പ്രായം സൗന്ദര്യത്തിന് മങ്ങലേല്പിച്ചപ്പോൾ വിശപ്പുമാറ്റാൻ യാചകിയായി മൈക്കലിനൊപ്പം കൂടി. അവർ നൽകുന്ന ഡോളർ കൊണ്ടായിരുന്നു രണ്ടുപേരും എല്ലാ ദിവസവും പ്രാതൽ കഴിച്ചിരുന്നത്. അവർക്ക് സ്ഥിരമായി കാശ് കൊടുക്കാറുള്ള വേറെയും ചിലർ ഉണ്ടായിരുന്നു.
കാശുകൊടുക്കുമ്പോൾ ഉഷ പറയും. "ഇതുകൊണ്ട് മദ്യപിക്കരുത്."
അയാൾ പറയും. "ഇല്ല."
പിറ്റേദിവസം കാണുമ്പോൾ പട്രീഷ്യ പറയും. "മൈക്കൽ ഇന്നലെ പാതിരാവോളം മദ്യശാലയിലായിരുന്നു."
ഉഷ അയാളെ നന്നായി ശാസിക്കും. അപ്പോൾ പ്രകാശൻ കാശ് എടുത്തുകൊടുക്കും. എന്നിട്ട് പറയും. "ഒരു തുള്ളി മദ്യത്തിൽനിന്ന് അയാൾക്ക് സന്തോഷം ലഭിക്കുന്നുവെങ്കിൽ നമ്മളത് തടയുന്നതെന്തിന്?"
പിന്നീടൊരു ദിവസം മൂന്നുപേരും ചേർന്നുള്ള വീഡിയോ ചാറ്റിങ്ങിൽ മീനാക്ഷിതന്നെയാണ് രണ്ടാമത്തെ ദുഃഖവാർത്തയും അറിയിച്ചത്. "സോറി മമ്മാ... ദേർ ഈസ് സാഡ് ന്യൂസ്. പട്രീഷ്യ ഈസ് നൊ മോർ."
പ്രകാശൻ വിശദീകരിച്ചു. "നമ്മുടെ കെട്ടിടത്തിന്റെ താഴെയായിരുന്നു പട്രീഷ്യ മരിച്ചു കിടന്നത്. കാലത്ത് ആരാണ് ആദ്യം കണ്ടെതെന്നറിയില്ല. നമ്മൾ താഴെയിറങ്ങി നോക്കുമ്പോഴേക്കും ബോഡി എടുത്തുകൊണ്ടുപോയിരുന്നു."
അന്ന് എന്തിനെന്നറിയാതെ ഉഷ ഏറെനേരം കരഞ്ഞു.
പ്രകാശന്റെയും മീനാക്ഷിയുടെയും ക്വാറന്റൈൻ കഴിയുമ്പോഴേക്കും അയാൾക്ക് ജോലി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.
പതിനാലുദിവസങ്ങൾകൊണ്ട് ഭേദമാവേണ്ടിയിരുന്ന അസുഖം പ്രകാശന് ഭേദമാവാൻ മുപ്പത്തിയഞ്ചു ദിവസങ്ങൾ എടുത്തു. ഉഷയുടെ ജോലിയും ഏതാണ്ട് നഷ്ടപ്പെട്ടതുപോലെയാണ്. അമേരിക്കയിൽനിന്നും വന്നിട്ട് മൂന്നുമാസം കഴിഞ്ഞു. ഇരുപതുദിവസത്തെ അവധിക്ക് വന്നതായിരുന്നു. തിരിച്ചുപോവാൻ സാധിച്ചിട്ടില്ല. വിമാനത്താവളങ്ങൾ ഇപ്പോഴും നിശ്ചലമാണ്.
പ്രകാശൻ പറഞ്ഞു. "ഇവിടെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇനിയിപ്പോൾ ഞങ്ങളെന്തു ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല. പെട്ടെന്നൊന്നും വേറൊരു ജോലി കിട്ടാൻ സാധ്യതയില്ല. ജോലിയില്ലാതെ ചിലവ് എങ്ങനെ നടക്കും. ഫ്ലൈറ്റ് സർവീസ് ഉണ്ടായിരുന്നെങ്കിൽ അങ്ങോട്ട് വരാമായിരുന്നു."
ഉഷ ആത്മവിശ്വാസത്തോടെ പറഞ്ഞു. "പ്രകാശേട്ടൻ ധൈര്യമായിരിക്കു. ഇന്ത്യയിലേക്ക് ഫ്ലൈറ്റ് സർവീസ് തുടങ്ങിയാൽ മോളെയും കൂട്ടി ഇങ്ങോട്ടേക്കു വന്നോളൂ. ഇവിടെ കുറച്ചു സ്ഥലമുണ്ട്. ഒരു പഴയവീടും. ഈ വീട് പൊളിച്ച് പുതിയ വീട് വച്ചൂടെയെന്നു എല്ലാവരും ചോദിക്കുന്നു. അതൊന്നു തീരുമാനിക്കണം. മഴക്കാലം തുടങ്ങിയാൽ പറമ്പ് കൊത്തിക്കിളക്കാൻ പണിക്കാരെ ഏർപ്പാടാക്കിയിട്ടുണ്ട്. സമ്പാദിച്ചതൊക്കെ മതി. ഇവളെ നമുക്കിനി ഇവിടെ പഠിപ്പിക്കാം.”
പ്രകാശൻ ചോദിച്ചു. "നിനക്ക് തോന്നുണ്ടോ ഇത്രയും വലിയ സിറ്റിയിൽ വളർന്ന ഇവൾക്ക് അവിടെ പൊരുത്തപ്പെടാൻ പറ്റുമെന്ന്?"
മീനാക്ഷി അവരുടെ സംസാരം ശ്രദ്ധിക്കാതെ തനിക്കു മുന്നിലെ ലാപ്‌ടോപ്പിൽ വേറെയാരുമായോ ഗൗരവപൂർവ്വം ചാറ്റിങ്ങിലേർപ്പെട്ടു.
"നമുക്ക് വേണമെങ്കിൽ കൊച്ചിയിലോ ബാംഗ്ലൂരോ ഒരു ഫ്ലാറ്റൊ വില്ലയൊ വാങ്ങിക്കാം, അവൾക്കുവേണ്ടി. അവിടെ രണ്ടിടത്തും വേണ്ടെങ്കിൽ അവൾക്ക് ഇഷ്ടപ്പെടുന്ന ഏതെങ്കിലും സിറ്റിയിൽ." ഉഷ ഒരു പോംവഴി നിർദ്ദേശിച്ചു.
പ്രകാശന് ഉഷയുടെ അഭിപ്രായം ശരിയാണെന്നു തോന്നി. "അപ്പോൾ ഇനി ആകാശഗോപുരത്തിൽനിന്നും താഴെയിറങ്ങി ഭൂമിയിൽ ചവിട്ടിനിൽക്കാം നമുക്ക്, അല്ലെ?"
ഉഷ പറഞ്ഞു. "അതൊന്നും വേണ്ടിവരില്ലാന്ന്. ഇത്രയും വർഷത്തെ എക്സ്പീരിയൻസ് വച്ച് ഇന്ത്യയിൽ എവിടെയെങ്കിലും ഒരു ജോലി കിട്ടാതിരിക്കില്ല, നമുക്ക് രണ്ടാൾക്കും."
കുറച്ചു കഴിഞ്ഞപ്പോൾ മീനാക്ഷി ലാപ്‌ടോപ്പിൽ നിന്നും ശ്രദ്ധ പിൻവലിച്ച് അവരോടൊപ്പം കൂടി. അവൾ ഉഷയെ ആശ്വസിപ്പിച്ചു. "ഡോണ്ട് വറി മമ്മാ... ഹി വിൽ ഫൈൻഡ് എനദർ ജോബ്."
എന്നിട്ടൊരു തമാശയായി പറഞ്ഞു. "ഇപ്പോൾ ധാരാളം സമയമില്ലെ? മമ്മയൊരു നോവലെഴുത്. പപ്പയ്ക്ക് മമ്മയോടുണ്ടായിരുന്ന പ്രേമത്തെപ്പറ്റി." എന്നിട്ടവൾ കണ്ണിറുക്കി ചിരിച്ചു.
മകളെ ചേർത്തുപിടിച്ചുകൊണ്ട് പ്രകാശനും ചിരിച്ചു. അവളുടെ വാക്കുകൾ കേട്ട് ഉഷക്കും ചിരിവന്നു.
പ്രകാശൻ പറഞ്ഞു. "പിന്നെ ഇവിടെയൊരു വിശേഷമുണ്ട്."
ഉഷ എന്തു വിശേഷമെന്ന അർത്ഥത്തിൽ നെറ്റി ചുളിച്ചു.
പ്രകാശൻ തുടർന്നു. "നമ്മുടെ മോള് ഒരു വെള്ളക്കാരൻ ബോയ്‌ഫ്രെണ്ടിനെ കണ്ടുപിടിച്ചിട്ടുണ്ട്. കോവിഡ് പിരീഡിൽ ഞങ്ങളെ സഹായിച്ചത് അവനാണ്. സ്മാർട് ബോയ്."
"എടീ..." ഉഷ അവളെ നോക്കി കണ്ണുരുട്ടി."
മീനാക്ഷി ഗൗരവക്കാരിയായി. "യെസ്, ഐ വാണ്ട് റ്റു മേരി ഹിം. ഹി ഈസ് വെരി സ്മാർട് ആൻഡ് ഹി ഹാസ് ഹ്യൂമാനിറ്റി…"
പ്രകാശൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "നീയിവിടെ ഇല്ലെങ്കിൽ ഇവൾ നമ്മളെവിട്ടു പോയേക്കും. അതുകൊണ്ട് ഫ്ലൈറ്റ് സർവീസ് തുടങ്ങിയാൽ വേഗം ഇങ്ങോട്ട് വന്നേക്കു."
ഈയുഗം