PERSPECTIVES

"ഇന്നും നൈറ്റ് ഡ്യൂട്ടിയാണോ ...???...!!! ചോദിച്ചത് കേട്ടില്ലേ ... ഇന്നും നൈറ്റ് ഡ്യൂട്ടിയാണോന്ന് ...!!!"

"അതേടീ ... ഒരു കണക്കിന് നൈറ്റ് ഡ്യൂട്ടിയാ സുഖം ഉറക്കം നടക്കില്ലെന്നേയുള്ളു, പണി കുറവായിരിക്കും, റിസ്‌ക്കും."

അരുൺ മുഖത്തും കയ്യിലും പറ്റിയ വെള്ളം ഒന്നുകൂടെ ടിഷ്യു പേപ്പർ കൊണ്ട് തുടച്ച്‌ ഉച്ചത്തിലൊരു ഏമ്പക്കവും വിട്ട് സഹധർമ്മിണി മീരയോട് പറഞ്ഞു.

"നിങ്ങൾക്കത് പറയാം, അല്ലെങ്കിൽത്തന്നെ നമുക്കൊക്കെ എന്ത് വില ..! അരുണേട്ടനറിയുമോ നമ്മൾ തമ്മിൽ ഒന്ന് നന്നായി കണ്ടിട്ട്, ഒന്ന് മിണ്ടിയിട്ട് എത്രകാലായീന്ന് ...! രാത്രി നല്ല സുഖാത്രെ, ജോലി കുറവാത്രേ ..... ആദിമോൻ ഇന്നലെ രാത്രിയും നല്ല കരച്ചിലായിരുന്നു, ഞാനുറങ്ങിയിട്ടില്ല... നിങ്ങൾ നൈറ്റ് കഴിഞ് വന്നു കിടന്നു ഇപ്പോഴിതാ എണീറ്റ് തത്വം പറയണ്. ."

"എന്തായാലെന്താ ഞാൻ പോണ് വണ്ടി താഴെവന്ന് ഹോർണടിക്കാൻ തുടങ്ങിയിട്ട് ഒന്ന് രണ്ട് മിനിറ്റായി .... ആ ..ഹ് പിന്നേ മോന്റെ ഡയപ്പെർ രണ്ട് മണിക്കൂറ് കഴിഞ്ഞാൽ മാറ്റണം, പുതിയ പാല് ഫ്രിഡ്ജിൽ തീയ്യതി എഴുതി പുറകിലാണ്, നോക്കിവേണം കൊടുക്കാൻ ". തിടുക്കത്തിൽ വാതിലടക്കുന്നതിന്ന് മുൻപ് മീര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ടക് ... വാതിലുകളടഞ്ഞു, കൈകൾ മേലോട്ടുയർത്തി ഞൊട്ടയിട്ട് അരുൺ പതുക്കെ സോഫയിലേക്ക് ചാഞ്ഞു.

ഒരുകണക്കിന് അവളുടെ കാര്യം കഷ്ടമാണ് വൈകീട്ട് നല്ലതിരക്കായിരിക്കും. പിന്നെ പി.പി.ഇ കിറ്റിട്ട് വരുന്നവരുടെ വർണ്ണവും ദേശവും ലിംഗവും നോക്കാതെ അഞ്ചാറ് മണിക്കൂറ്‍ സ്വാബിങ് ചെയ്യണം ,അതോ മൂക്കിലും അണ്ണാക്കിലും. ശ്രവം ശെരിക്ക് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ റിസൾട്ട് ഇൻകൺക്ലൂസിവാവും, പിന്നെ ഹെഡ് നഴ്സിന്റെ വായിലുള്ളത് കേൾക്കണം , ആ ജോർദാനി ഹെഡ് നേഴ്സ് കുറച്ചു കർക്കശക്കാരിയാണ്, ആശുപത്രി ഡയറക്ടറുമായി നല്ല അടുപ്പമുള്ളതിന്റെ ഗമയും അധികാരവും നിറഞ്ഞ ഗർവ്വാണവർക്ക്.

രണ്ടുപേരും ജോലിചെയ്യുന്നത് വല്ലാത്തൊരവസ്ഥയാണ് ,കുട്ടികളെപ്പോലെ വലിയവരും കഷ്ടത്തിലാവും ; പറയാണോർക്ക് പലതും പറയാം, രണ്ടാൾക്കും ജോലിയില്ലേ..! ഗൾഫിലല്ലേ ..! ആശുപത്രീലല്ലേ ...! എന്നൊക്കെ.

അരുൺ സോഫയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്നാലോചിച്ചുകൊണ്ടിരുന്നു .ഇതിപ്പോ കൊറോണയും ലോക്ഡൗണും കാരണം കൈയും കാലും മാത്രമല്ല മനസ്സും ദൃഷ്ടിയും ചിന്തയുമെല്ലാം തളക്കെപ്പെട്ടിരിക്കയാണ്.ജോലിസ്ഥലത്തുമാത്രമല്ല വീട്ടിലും നിയന്ത്രണങ്ങൾ ,എന്തിന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ ചുംബിക്കാൻ വരെ പ്രോട്ടോകോൾ നോക്കണം.

ഫ്രിഡ്ജ് തുറന്ന് ശബ്‍ദമുണ്ടാക്കാതെ ഒരുകുപ്പി വെള്ളവുമെടുത്ത് പതുക്കെ വീണ്ടും സോഫ ലക്‌ഷ്യം വെച്ച് നീങ്ങി. " ശ്ശൊ ....!!! ഈ റിമോട്ടിതെവിടെയാ... ഒരിക്കലും വച്ചിടത്തു കാണില്ല ... ലോകത്ത് പെട്രോളില്ലാതെ ഇത്രയധികം സഞ്ചരിക്കുന്ന ഒരു സാധനം വേറെ കാണില്ല ...!"

സോഫാക്കടിയിൽനിന്നും കണ്ടെടുത്ത റിമോട്ടിന്റെ ഓൺ ബട്ടണമർത്തിയതും ഉച്ചത്തിൽ " പ്രധാന വാർത്തകൾ.... ഇന്ന് കേരളത്തിൽ. ആയിരത്തിഇരുന്നൂറ് പുതിയ കൊവിഡ് കേസ്സുകൾ." സുഖനിദ്രയിലായിരുന്ന ആദിമോൻ പാതിവഴിയിൽഎണീറ്റ് അതിനേക്കാൾ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.

സഞ്ചരിക്കുന്ന റിമോട്ട് അലക്ഷ്യമായി വലിച്ചെറിഞ്ഞു ആദിമോന്റെ അരികിലേക്ക് നീങ്ങി.കണ്ണുകൾ തുറിച്ച് ഉന്മേഷവാനായി എന്നെ നോക്കി ചിരിക്കുന്ന അവന്റെ മുഖം കണ്ടപ്പോൾ എന്നിലുയർന്ന രക്താദി സമ്മർദ്ദത്തിന്റെ കാറ്റഴിഞ്ഞുപോയി.

ട്ർ.... ട്ർ . ട്ർ .....ട്ർ....

"ഓ..... ഹ് അവൾ നേരത്തെ എത്തിയോ ..."ടേബിളിൽ കിടന്ന ഫോൺ ഏന്തിയെടുത്ത് നോക്കി, അവൾതന്നെ.

"അരുണേട്ടാ ...മോനുണർന്നാൽ പാലുകൊടുക്കണം ,പിന്നെ ഡയപ്പെറിന്റെ കാര്യം മറക്കേണ്ട .."

ഹോ ഇക്കൂട്ടരിങ്ങനെയാ നമ്മൾ ചെയ്യുമെന്നുറപ്പുള്ള കാര്യം വരെ ഇങ്ങനെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.

ട്ർ.... ട്ർ . ട്ർ .....ട്ർ... " ദേ വീണ്ടും ...."

"അരുണേട്ടാ ഞാനിപ്പോ പി.പി.ഇ. കിറ്റിടും സ്വാബിങ് തുടങ്ങിയാ പിന്നെ വിളിക്കാൻ പറ്റില്ല ..കിച്ചനിലുള്ള കറിയെടുത്തു കഴിഞ്ഞാൽ തിളപ്പിച്ചുവെക്കണം ,ഗ്യാസ് ഓഫാക്കണം , ജനാല.....". അങ്ങിനെ ഒരിക്കലും അവസാനിക്കാത്ത ലിസ്റ്റ് തുടർന്ന് കൊണ്ടേയിരുന്നു.

"ഓ ഇവളെക്കൊണ്ട് തോറ്റു .."

എന്തായാലും മോന് പാല് കൊടുത്തേക്കാം, ഫ്രിഡ്ജ് ലക്ഷ്യമാക്കി പതുക്കെ നടക്കാനാരംഭിച്ചപ്പോഴാണ് കട്ടിലിൽ കിടന്ന ഫോൺ വീണ്ടും അടിക്കാൻ തുടങ്ങിയത്.

ട്ർ.... ട്ർ . ട്ർ .....ട്ർ...

"എടീ നിനക്കിതെന്തു പറ്റി ...".അങ്ങേതലക്കൽ മറുപടിയൊന്നുമില്ല ,"നീയെന്താ മിണ്ടാത്തേ ..".വീണ്ടും മിണ്ടാട്ടമില്ല. ഫോൺ ചെവിയിൽ നിന്നെടുത്ത് സ്ക്രീനിലേക്ക് നോക്കിയഎനിക്ക് "അച്ഛൻ" എന്നാണ് കാണാൻ കഴിഞ്ഞത്.

"അച്ഛാ....എന്താച്ചാ...."

"മോനെ..." മറുപടിപറഞ്ഞത് അമ്മയായിരുന്നു.

നീണ്ട തേങ്ങലിനും വിതുമ്പലിനും പിറകെ 'അമ്മ തുടർന്നു ..

"മോനെ അച്ഛൻ ഇന്ന് ഉച്ചയൂണുകഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയതാ പെട്ടന്ന് തലകറങ്ങി വീണ് തലപൊട്ടി."

കരച്ചിലിനിടെ 'അമ്മ തുടർന്നു ."പെട്ടന്ന് ന്നെ ആശുപത്രീ കൊണ്ടോയി എട്ട് തുന്നുണ്ട് ,സ്കാനിങ്ങിൽ കുഴപ്പമൊന്നൂല്ലന്നാ പറഞ്ഞെ , അയലത്തെ മോമുട്ടിക്കയും റാ‌സാക്കും തക്കസമയത് വന്നത് കൊണ്ട് സമയത്തിന് ആശുപത്രീകൊണ്ടോവനായീ."

അമ്മയുടെ ശബ്‍ദം മുറിഞ്ഞു .

"എന്നിട്ട് അച്ഛനെവിടെ അമ്മേ ..."

"ഞാൻ കൊടുക്കാടാ ..."

"അച്ഛാ .....എന്താണ്ടായതച്ചാ ..."

"മോനെ ഒന്നോർമ്മല്ലേടാ ....തലക്കിപ്പോ നല്ലകനം തോന്നണണ്ട് ."

"ഇതൊക്കെപ്പോ മാറൊച്ചാ. ...തല്ക്കാലം കടയിലൊന്നും പോണ്ട ..."

അങ്ങാടീലെ ബുക്‌ഷോപ് അച്ഛന്റെ ജീവനാണ്‌ ,ഒരായുസ്സിന്റെ ബന്ധം ,ചിലപ്പോൾ അവിടെപ്പോയാൽ രണ്ടുദിവസം കഴിഞ്ഞാലെ വരാറുള്ളു ,കടയിലെ ജെയിംസേട്ടനും രുദ്രനും അച്ഛന്റെ മൂന്നാമത്തെയും നാലാമത്തെയും മക്കളെ പ്പോലെയാണ്.അവരോടുകൂടെ കടയുടെ പുറകിലെ കുടുസ്സുമുറിയിൽ ഗോതമ്പു കഞ്ഞിയും കുടിച് വെടിപറഞ്ഞു ഇടക്കിടെ കൂടാതിരുന്നാൽ അച്ഛന് പരിഭ്രമം വരും .

പുസ്തകങ്ങൾ മരിക്കുമെന്നും ,ഈ പുതിയകാലത്ത് വായന ഡിജിറ്റലാവുമെന്നും നമുക്കീ കടപൂട്ടി അച്ഛന് ശിഷ്ട്ടം വീട്ടിൽ സസുഖം കഴിയാമെന്നേറെ ഞാൻ പറഞ്ഞിട്ടും. "നീ എന്നെ വയസ്സനാക്കി വീട്ടിലിരുത്താനാണോ ഭാവം "എന്ന് വെളുക്കെ ചിരിച്ചൊരു മറുപടി തരും.

"അമ്മേ എന്നിട്ടു ചാരുവും അളിയനും വന്നില്ലേ ..!"

"എടാ അവർക്കിപ്പോ വരാൻകഴിയില്ലാത്രേ ,ആലത്തൂരൊക്കെ കണ്ടയ്നമെന്റ് സോണാത്രേ ,ജില്ലാ മാറിവരലൊക്കെ ഭയങ്കര പണിയാത്രേ ".

അമ്മ പതുക്കെ സംസാരിച്ചു തുടങ്ങി. "ആദിമോനെവിടെയാടാ ..... മീര വീട്ടിലുണ്ടോ..."

"ന്നാ അമ്മേ ഞാൻ കുറച്ച കഴിഞ്ഞ് വിളിക്കാ മോന് പാല് കൊടുക്കട്ടെ."

ഒരു കയ്യിൽ അമ്മയുടെ ഫോൺ ശബ്ദം നിലച്ചപ്പോൾ മറുകയ്യിൽ സംഭരിച്ച അമ്മിഞ്ഞപ്പാൽ സിലിക്കൺ നിപ്പിളിന്റെ സുഷിരത്തിലൂടെ ആദിമോന്റെ ഞരമ്പുകൾ തേടിയൊഴുകി.

വയസ്സെഴുപതു കഴിഞ്ഞു ,ക്രോണിക് ഡയബെറ്റിക്കുമാണച്ചൻ ,കഴിഞ്ഞതവണ സ്കൂട്ടിയിൽ നിന്ന് വീണു ഉപ്പൂറ്റി മുറിഞ്ഞപ്പോൾ ശരവേഗത്തിൽ ഞാൻ നാട്ടിലെത്തിയതാണ് . ഇതിപ്പോ ഒന്നിനും കഴിയണില്ലല്ലോ എന്റെ ഭഗവാനെ ....!

ഫോണെടുത്തു മീരയെ പലതവണ വിളിച്ചു നോക്കി ,പി.പി.ഇ. കിറ്റിൽ കയറിയാൽ പിന്നെ ഞങ്ങൾക്ക് സ്വവികാരങ്ങളില്ല ...!വിചാരങ്ങളില്ല ...!നിലയ്ക്കാത്ത കർമ്മങ്ങൾ മാത്രം .മാലാഖാമാരുടെ ദിവ്യ കർമ്മങ്ങൾ. ചാരുവേ ഒന്ന് വിളിച്ചു നോക്കെട്ടെ.

" ഏട്ടാ ... ഞാൻ വിളിക്കാനിരിക്കയായിരുന്നു നീയറിഞ്ഞില്ലേ....". അച്ഛന്റെ പുന്നാരമോളുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു.

"സതിയേട്ടൻ കുറെ ശ്രമിച്ചത, വീട്ടിന്ന് പുറത്തിറങ്ങരുതെന്നാ നിർദ്ദേശം ,ഞങ്ങടെ തൊട്ടടുത്ത വീട്ടിലൊരാൾ ഖത്തറീന്ന് വന്ന് ഖൊറണ്ടൈനിലിരിക്കണ്ണ്ട് ഇവിടെഎല്ലാവരും പേടിച്ചിരിക്കയാ.. പോരാത്തേന് ആലത്തൂര് പതിനെട്ടു കേസായീത്രെ " ഒറ്റശ്വാസത്തിൽ ചാരു നാട്ടിലെ ദയനീയാവസ്ഥ വിശദീകരിച്ചു.”

"ന്തായാലും നാളെ രാവിലെ സതിയേട്ടൻ പോലീസ്‌സ്റ്റേഷനിൽ പോണ് ണ്ട് ... ഒരു സമാധാനോല്ല്യ "

സാധാരണ ഖത്തർ സമയം വൈക്കീട്ടു ഏഴിനാണ് ഞാൻ അച്ഛനെ വിളിക്കാറ് . അച്ഛൻ ആ സമയം അത്താഴമെല്ലാം കഴിഞ്ഞു പതുക്കെ ഉറങ്ങാനുള്ള പുറപ്പാടിലാവും.

ആദിമോൻ വീണ്ടുമുറക്കമായി. ഞാൻ ഫോണെടുത്തു അച്ഛനെ വിളിച്ചു. ഇത്തവണ അച്ചന്റെ ഫോണെടുത്തത് അമ്മയായിരുന്നു. "അമ്മേ..."

"കൊഴപ്പോന്നൂല്ലേടാ അച്ഛനിപ്പോ ഒറങേണ് ചെലപ്പോ മരുന്നിന്റ്റെവും." 'അമ്മ നിർത്തി.

ഫോൺ ഓഫാക്കി ജനാലക്കരികിൽ നിന്ന് ,ഇരുട്ടിനെ കീറിമുറിച് എയർപോർട്ട് റോഡിലൂടെ മിന്നിമായുന്ന വണ്ടികളെ ശാന്തമായി നോക്കിനില്കുമ്പോൾ ,പണ്ട് നഴ്സിംഗ് അഡ്മിഷനുവേണ്ടി കോയമ്പത്തൂര് പോയപ്പോൾ താമസിച്ച ക്രോസ്സ്കട്ട് റോഡിലെ പളനി ലോഡ്ജിൽ അച്ഛന്റെ ചാരത്തിരുന്ന് താഴോട്ട് കൗതുകത്തോടെ നോക്കിയതാണോർമ്മവന്നത്.

കടലാസ്സിൽ പൊതിഞ്ഞ ,സ്വരുക്കൂട്ടി വെച്ച അഞ്ഞൂറിന്റെയും നൂറിന്റെയും മുഷിഞ്ഞ വിയർപ്പേറ്റ നോട്ടുകൾ തലയണക്കടിയിൽ ഭദ്രമല്ലേയെന്നു അച്ഛൻ ഇടക്കിടെ പരിശോധിക്കുന്നതും കാണാമായിരുന്നു.

ഇന്നീ നാലാം നിലയിലെ ശീതീകരിച്ച സ്വീകരണ മുറിയിലെ ചില്ലുജാലകത്തിലൂടെ നോക്കുമ്പോൾ നിരത്തിലൂടെ ഒഴുകുന്ന ചെന്നിണത്തോടൊപ്പം എന്റെ കവിളിലൂടെയും ചൂടുകണ്ണുനീർകണങ്ങൾ ഉതിർന്നു വീഴുന്നുണ്ടായിരുന്നു,

സ്വാബിങ് റൂമിൽനിന്നിറങ്ങിയ മീര മിസ്സ്ഡ് കോളുകൾ കണ്ടു ഞെട്ടി. "അരുണേട്ടാ മോനെന്തെങ്കിലും ...." അവൾ തിടുക്കത്തിൽ വിളിച്ചു ചോദിച്ചു.

"മോനൊന്നൂല്ല, നാട്ടീന്ന് 'അമ്മ വിളിച്ചിരുന്നു അച്ഛൻ തല കറങ്ങി വീണു തലയിൽ സ്റ്റിച്ചുണ്ട് , ചിലപ്പോ ഹൈപോഗ്ലൈസെമിയ ആയിരിക്കും ...എനിക്കൊരു സമാധാനം കിട്ടണില്ല് നിനക്ക് കുറച്ചു നേരത്തേ വരൻ പറ്റോ."

"അയ്യോ ഇപ്പൊ ഷിഫ്റ്റിൽ ആളുകുറവല്ലേ ,റിസ്ക് കുറക്കാൻ ലെസ്സ് സ്റ്റാഫ് മോർ വർക്ക് ഇതാണ് പോളിസി .,ടെന്ഷനടിക്കേണ്ടാ ഞാൻ പെട്ടാണ് വരാൻ നോക്കാം."

മീര വരുമ്പോഴേക്ക് തയ്യാറാവണം ഇന്നും നൈറ്റ് ഡ്യൂട്ടിയാണ്.

"വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല...! അവധികിട്ടില്ലാ .." തിടുക്കത്തിൽ ലിഫ്റ്റിനടുത്തേക്കു ഓടുന്നതിനിടെയിൽ ഉച്ചത്തിൽ മീരയുടെ ആവലാതിക്ക്‌ മറുപടികൊടുത്തു .

ഡ്യൂട്ടിക്കിടയിലുടനീളം പള്ളിക്കൂടവും, പാടവരമ്പും, അച്ഛന്റെ വിരൽത്തുമ്പും ,പുസ്തശാലയും ,മനസ്സിൽ തികട്ടിവന്നുകൊണ്ടേയിരുന്നു.

പുലരുന്നതിന്ന് മുൻപേ അച്ഛനെ വിളിച്ചു , ഫോണടിക്കുന്നില്ല ,രണ്ടു മൂന്നുതവണ വിളിച്ചിട്ടും അനക്കമില്ല .അമ്മയുടെ ഫോണിലാണ് പിന്നീട് കിട്ടിയത്.

"അമ്മേ അച്ഛനെങ്ങിനെയുണ്ട്."

"ക്ഷീണണ്ടെടാ രണ്ടുമൂന്നുതവണ ഛർദിച്ചു ,മരുന്ന് പിടിക്കണ്ടാവും ...! ഞാനച്ഛന് കൊടുക്കാം .." "മോ..നെ .... എടാ ..."

അച്ഛന് മുഴുവനാക്കാൻ കഴിഞ്ഞില്ല.

പിന്നെ, പിന്നെ, അമ്മയുടെ ഫോണിൽ വിളിച്ചാലും അച്ഛന് സംസാരിക്കാൻ കഴിയാത്തത്ര ക്ഷീണമായി .ആന്റിബയോട്ടിക് മൂലമുള്ള ഛർദി ശരീരത്തിലെ ഉപ്പിന്റെ അളവ് ഗണ്യമായി കുറച്ചു. അച്ഛൻ ആശുപത്രിയിലായി.

ഇവിടെ ഞങ്ങൾ പി.പി.ഇ. കിറ്റിനുള്ളിലെ വർധിച്ച ഊഷ്മാവിലും വരിഞ്ഞുമുറുകിയ ഇലാസ്റ്റിക് വള്ളികൾക്കുമിടയിൽ ആരുടെയൊക്കെയോ ജീവന് വേണ്ടി ഉറക്കമുളയ്ക്കുന്നു ..

അങ്ങകലെ നാട്ടിൽ തന്റെ മകനെ ഒരുനോക്കു കാണാൻ കൊതിച്ച്‌ ആ അച്ഛൻ തളർന്ന് കൊണ്ടിരിക്കുന്നു, അതിനു ഡോക്ടർമാർ ഹൈപോനാട്രീമിയ എന്ന് പേരിട്ടു.

ബോയിങ് വിമാനങ്ങളും ,സെവെൻസ്റ്റാർ ലോഞ്ചുകളും കൊറോണ വൈറസിന്റെ വ്യാപന ഭയത്താൽ നിശ്ചലമായി,ശൂന്യമായി. കോറെന്റീനെന്ന ചിലന്തിവലയിൽ കുടുങ്ങി നാട്ടിലേക്കുള്ള യാത്ര എപ്പോൾ ,എന്ന് എന്നറിയാതെ ദിവസവും ഗ്ലൗസും ഗൗണും മാസ്ക്കും അണിഞ്ഞും ഊരിയുമുള്ള കാത്തിരിപ്പിനിടയിൽ അനന്തമായി നീണ്ടുകൊണ്ടിരിക്കുന്നു......

ന്നാലും അകലെയാണെങ്കിലും എന്റച്ചൻ ദാ... ഇങ്ങടുത്തുള്ളതുപോലെ......


ഈയുഗം