ഇന്ത്യയില്‍ ഡോ: ബി. ആര്‍. അംബേദ്ക്കര്‍ തലവനായി 1950 ജനുവരി 26 ന് നിലവില്‍ വന്ന ഭരണഘടന രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വ്യവസ്ഥാപിതമാണ്. മൗലികാവകശങ്ങള്‍ ഉള്‍കൊള്ളുന്ന മൂന്നാം ഭാഗത്തില്‍ 14 മുതല്‍18 വരെയുളള വകുപ്പുകളില്‍ സമത്വത്തിനുള്ള അവകാശങ്ങളെ നിര്‍വചിച്ചിട്ടുണ്ട്. അതായത് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും യാതൊരു വിവേചനവും ഇല്ലാതെ തുല്യ നിയമം, നീതി എന്നിവ ഉറപ്പു നല്‍കുന്നു.
ഇത്രയും ആമുഖമായി പറഞ്ഞത് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഓര്‍മിപ്പിക്കാനാണ്. സ്വാതന്ത്ര്യ ലബ്ദി തൊട്ടിങ്ങോട്ട് പല സര്‍ക്കാരുകളും ന്യൂനപക്ഷങ്ങളെ അക്രമമിക്കുകയും അതിനു കൂട്ടു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസഥ, ഇന്ദിരാഗാന്ധിയുടെ കൊലപാതക ശേഷമുണ്ടായ സിഖ് വിരുദ്ധ കലാപം, ബാബരി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങി പലതിലും ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്ന വെറും ഉപകരണം മാത്രമായി ഭരണകൂടങ്ങള്‍ പ്രവര്‍ത്തിച്ചു.
ഉത്തരേന്ത്യ ജാതി പഞ്ചായത്തുകള്‍ക്കും കീഴാളനു മേല്‍ വിചാരിച്ചു നില്‍ക്കുന്ന ജന്മിമാര്‍ക്കും പണ്ടെ പ്രസിദ്ധമായ ഭൂമിയാണ്. അങ്ങനെയൊക്കെയാണെങ്കിലും സവര്‍ണ മേധാവിത്വവും ന്യൂനപക്ഷ വേട്ടയാടലുകളും അരാജകത്വവും ഇത്രയും ശക്തിയാര്‍ജിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല. നീതിപീഠത്തെ നോകുകുത്തിയാക്കി ഭരണകൂടങ്ങളുടെ ഒത്താശയോടെ സവര്‍ണ മേധാവിത്യം അരങ്ങുവാണ കാലവുമുണ്ടായിട്ടില്ല.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഹാത്രസ് കൂട്ട ബലാല്‍സംഗക്കൊലയാണ് ഈ പരമ്പരയില്‍ ഏറ്റവും അവസാനമായി രാജ്യ ശ്രദ്ധയാകര്‍ശിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 14നായിരുന്നു ഹാത്രാസില്‍ വാല്‍മീകി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് വെച്ച് ക്രൂര പീഡനത്തിനിരയാക്കപ്പെട്ടത്. പ്രതികള്‍ കുട്ടിയുടെ നാവ് മുറിച്ചുകളയുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തു. കേസില്‍ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത കുലജാതരായ ഠാക്കുര്‍ സമുദായത്തില്‍ പെട്ടവരാണ് ഈ നാല് പേരും. സെപ്തംബര്‍ 29ന് കുട്ടി മരണപ്പെട്ടതിന് പിന്നാലെ ഇവര്‍ക്കെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ ഈ പ്രതികള്‍ക്ക് വേണ്ടി ഉത്തര്‍പ്രദേശില്‍ സവര്‍ണ പരിഷത് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടന്നതിന്റെ വാര്‍ത്തകളും പുറത്തുവന്നു.
ഇതില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതിനിടയില്‍ ഹാത്രാസില്‍ നടന്ന ഒരു യോഗത്തിന്റെ വാര്‍ത്തയും പുറത്തുവന്നിരുന്നു. സ്ഥലത്തെ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് നടന്ന ആ യോഗം പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ളതയിരുന്നു. അലിഗഢ് ജയിലില്‍ പാര്‍പ്പിച്ച പ്രതികളെ സന്ദര്‍ശിച്ചെന്നാണ് ഹാത്രാസ് എം പി ക്കെതിരെ ഉയര്‍ന്ന ആരോപണം. ഇന്ത്യയില്‍ സ്വതേ സ്വാഭാവികമായ ഇത്തരം വാര്‍ത്തകള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപെടുന്നില്ലെന്നുള്ളതാണ് വസ്തുത. ഇനി അഥവാ പുറത്തറിഞ്ഞാല്‍ തന്നെ പ്രതികളുടെ സംരക്ഷണത്തിനായി ഭരണകൂടങ്ങളക്കം രംഗത്തിറങ്ങുകയും ചെയ്യും.
ഡല്‍ഹി നിസാമുദ്ദീനില്‍ ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ തബിലീഗ് ജമാഅത്ത് സംഗമത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് പഞ്ചാബ്ഹി-മാചല്‍ അതിര്‍ത്തി ഗ്രാമമായ ഹോഷിയാപ്പൂരില്‍ നിന്ന് ദി വയര്‍ പുറത്തു വിട്ട വാര്‍ത്ത ന്യൂനപക്ഷങ്ങളോടുള്ള ഭൂരിപക്ഷ സമൂഹത്തിന്റെ കാഴ്ച്ചപാടുകള്‍ തുറന്നു കാട്ടുന്നതായിരുന്നു. കന്നുകാലി മേച്ച് ഉപജീവനം നടത്തിയിരുന്ന ഗുജ്ജാര്‍ മുസ്ലീം വിഭാഗത്തെ കൊറോണ പരത്തുന്നവരാണെന്ന് പറഞ്ഞു കൊടും തണുപ്പില്‍ ഗ്രാമത്തില്‍ നിന്ന് ആട്ടി പുറത്താക്കിയെന്നായിരുന്നു ആ വാര്‍ത്ത. നിസാമുദ്ദീന്‍ പോയിട്ട് ഗ്രാമത്തിന് പുറത്തു പോലും പോയിട്ടില്ലാത്ത ആ പാവങ്ങളെ നരക തുല്യമായ ജീവിതത്തിലേക്ക് തള്ളി വിട്ടത് പ്രാദേശിക ഭരണകൂടത്തിന്റെ ഒത്താശയോടെയാണ്. ക്ഷേത്രങ്ങളില്‍ നിന്നടക്കം ഇവരെ ബഹിഷ്‌കരിക്കണമെന്ന അനൗണ്‍സ്‌മെന്റ് പുറപ്പെടിവിച്ചുവെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുരുക്കത്തില്‍ ഇവിടെ ന്യൂനപക്ഷങ്ങള്‍ പരിഗണിക്കപ്പെടുന്നത് ഇങ്ങനെയൊക്കെയാണെന്ന് പറയേണ്ടി വരും.
ഹാത്രസില്‍ ഭരണകൂട ഇടപെടലുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം സമുദായമായ ഠാക്കൂര്‍മാര്‍ക്ക് വേണ്ടിയാണെന്നതിനാല്‍ ബി ജെ പി ഉന്നത ഇടപെടലുകളില്‍ അത്ഭുതപെടേണ്ടതില്ല. സംസ്ഥാന ജനസംഖ്യയുടെ ആറു ശതമാനം മാത്രം വരുന്ന തന്റെ സമുദായത്തെ സംരക്ഷിക്കാന്‍ ഈ സംഘ്പരിവാറുകാരന് ബാധ്യതയുണ്ട്. ഇന്ത്യയില്‍ കേസിലെ പ്രതികള്‍ക്കായി നടക്കുന്ന ആദ്യ യോഗമോ സമ്മേളനമോ അല്ലായിരുന്നു ഹാത്രസിലേത്. ഉത്തരേന്ത്യയില്‍ ഇത് പുതിയ വാര്‍ത്തയുമല്ല.
ജമ്മുവിലെ കത്വയിലും മറ്റിടങ്ങളിലും നടന്നതിന്റെ ആവര്‍ത്തനം മാത്രം. കാരണം അന്ന് ആ എട്ടുവയസ്സുകാരിയായ മുസ്ലിം പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്നവര്‍ക്ക് വേണ്ടി ബി.ജെ.പിക്കാരും സവര്‍ണ ഹിന്ദു വിഭാഗത്തില്‍ പെട്ടവരും തെരുവിലിറങ്ങി ത്രിവര്‍ണ പതാക ജാഥ തന്നെ സംഘടിപ്പിച്ചിരുന്നു.
അതേവര്‍ഷം തന്നെയായിരുന്നു ജാര്‍ഖണ്ഡിലെ രാംഗറില്‍ ആള്‍ക്കൂട്ടാക്രമണക്കേസ് പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ബി.ജെ.പി കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ പൂമാലയണിയിച്ച് അവരെ സ്വീകരിച്ച സംഭവവും നടന്നത്. ഹാത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ള ബി.ജെ.പി നേതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു പ്രതികള്‍ക്ക് നീതി ആവശ്യപ്പെട്ടുക്കൊണ്ടുള്ള യോഗം ഞായറാഴ്ച നടന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ യോഗം ചേരല്‍. അതേസമയം തന്നെ പുറത്തുവന്ന പെണ്‍കുട്ടിയുടെ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളുണ്ടെന്നും എത്രയും വേഗം കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും ആദ്യം പരിശോധന നടത്തിയ അലിഗഡ് ആശുപത്രിയിലെ ഡോക്ടര്‍ ആവശ്യപ്പെട്ടതിന്റെ രേഖകളുമുണ്ടായിരുന്നു.
സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഹാത്രാസ് പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ ശിക്ഷിക്കപ്പെട്ടാല്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
ഏറ്റവും പുതുതായി പുറത്തു വരുന്നത് കേസ് സി.ബി.ഐ ഏറ്റടെത്തുവെന്നതാണ്. യോഗി ഗവണ്‍മെന്റ് കേസ്് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നുമുള്ള വാദങ്ങള്‍ കോടതിയില്‍ നടക്കുന്നതിനിടയിലാണിത്.
ഹാത്രാസില്‍ പ്രതികളെ രക്ഷിക്കാന്‍ ബി.ജെ.പി നേതാവ് നടത്തിയ നടപടികളെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
ബലാത്സംഗ കേസിലെ പ്രതികളെ പിന്തുണച്ച് സവര്‍ണ ജാതിക്കാരുടെ പൊതുയോഗം കൊവിഡ് ആണെങ്കിലും അല്ലെങ്കിലും പൊലീസും യു.പി സര്‍ക്കാറും അനുവദിക്കുകയും അതേസമയം ഗ്രാമത്തിലേക്ക് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്ക് പോലും പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന യോഗി ആരുടെ കൂടെയാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
യു.പി സര്‍ക്കാറിനെ മനപ്പൂര്‍വം അവഹേളിക്കാനുള്ള ശ്രമങ്ങളാണ് ഹാത്രസ് പീഡനത്തിന് ശേഷം നടക്കുന്നതെന്നാണ് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ജാതി കലാപത്തിന് സാധ്യതയുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട ഉള്ളതിനാലാണ് മൃതദേഹം വേഗത്തില്‍ സംസ്‌കരിച്ചതിനുള്ള കാരണമായി അവര്‍ കോടതിയില്‍ പറഞ്ഞത്. ഇതോടൊപ്പം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ എം.പി മാരോടും മാധ്യമങ്ങളോടും യു.പി പോലീസ് സ്വീകരിച്ച സമീപനവും കൂട്ടി വായിക്കേണ്ടതുണ്ട്. പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിക്കാന്‍ ഒരു പുരുഷ പോലീസ് ഉദ്യോഗസഥന്‍ ധൈര്യപ്പെട്ടത് ആരുടെ പിന്‍ബലത്തിലാണെന്നും ചേര്‍ത്തുവക്കണം. ഒമ്പതു വര്‍ഷമായി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ എന്തിന്റെ പേരിലാണ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്‌തെന്നും വ്യക്തമല്ല. കെ.യു.ഡബ്ലു.ജെ ഡല്‍ഹി ഭാരവാഹികൂടിയായ കൂടിയായ കാപ്പന്റെ അറസ്റ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള യോഗി സര്‍ക്കാരിന്‍ര താക്കീത് കൂടിയാണ്.
അവസാനമായി ഡല്‍ഹി കലാപത്തില്‍ പോലീസ് പങ്ക് വ്യക്തമാക്കി ഡല്‍ഹി സര്‍ക്കാര്‍ ഈയടുത്ത് പുറത്തു വിട്ട വീഡിയോകള്‍ സംഘപരിവാരം പോലീസിനെ ഉപയോഗിക്കുന്നതിന്റെ ഏറ്റവും വൃത്തിക്കെട്ടരൂപം പച്ചയായി വരച്ചു കാട്ടുന്നതാണ്. ചുരുക്കത്തില്‍ ആസൂത്രിത കലാപങ്ങള്‍, വംശഹത്യകള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കൂട്ട ബലാല്‍സംഗങ്ങള്‍, കയ്യേറ്റങ്ങള്‍ തുടങ്ങി സംഘപരിവാരം ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിലെത്തിയതിന് ശേഷം ദളിത്, മുസ്ലീം, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന എണ്ണമറ്റ അതിക്രമങ്ങളില്‍ രാജ്യത്തെ ഭരണകൂടം അക്രമികളുടെ രാഷ്ട്രീയത്തോടൊപ്പമായിരുന്നു. അല്ലെങ്കില്‍ സവര്‍ണരെ ഉപയോഗിച്ച് ന്യൂന പക്ഷങ്ങളെ അവര്‍ വേട്ടയാടുകയായിരുന്നു.
ഈയുഗം ന്യൂസ്