PERSPECTIVES

മരണങ്ങൾക്ക് പ്രത്യേക പേജ് മലയാള പത്രങ്ങളുടെ മാത്രം പ്രത്യേകതയാണ്. ലോകത്തിൽ മറ്റു ഭാഷകളിൽ ഒരു ദിനപത്രവും ഇത്തരത്തിലുള്ള ഒരു സമ്പ്രദായം പിന്തുടരുന്നതായി അറിവില്ല.

പല തുറകളിൽ പ്രസിദ്ധരായവരുടെയും അവയിൽ പ്രാമാണ്യം തെളിയിച്ചവരുടെയും ചരമം വാർത്തയാണ് മാദ്ധ്യമങ്ങൾക്ക്, എല്ലായിടത്തും, എപ്പോഴും. എന്നാൽ മലയാള പത്രങ്ങള്‍ക്ക് നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന മരണങ്ങളൊക്കെയും വാര്‍ത്തയാണ്.

പ്രാദേശിക ലേഖകർക്ക് ദിനംപ്രതി അറിയാവുന്ന എല്ലാ മരണങ്ങളും മലയാള പത്രങ്ങളിലെ ചരമങ്ങൾക്ക് നീക്കിവെച്ച പേജുകളിൽ ചെറിയ ചെറിയ വാർത്തകളായി പ്രത്യക്ഷപ്പെടുന്നു. ആ പേജ് ഒന്ന് ഓടിച്ചു പോവാത്ത മലയാളി വായനക്കാർ വിരളവും.

ഒരു പത്രത്തിലുള്ള അത്തരമൊരു പേജിൽ നിന്നാണ് ജയകൃഷ്ണന്‍റെ (പേര്‌ സാങ്കല്‍പ്പികം) മരണത്തെപ്പറ്റി ഞാൻ ആദ്യമറിയുന്നത്. മൂന്നാമത്തെ കോളത്തിൽ ഏറ്റവും താഴെ ഒരു പടത്തിനോടൊപ്പമായിരുന്നു ആ വാർത്ത. പടമാണ് ആദ്യം കണ്ണിൽ പെട്ടത്. മുഖം പരിചയമുള്ളതു പോലെ തോന്നിയപ്പോൾ അതിന് താഴെ കൊടുത്തിരിക്കുന്ന വാർത്തയിലേക്ക് ശ്രദ്ധ തിരിഞ്ഞു. "വണ്ടി തട്ടി മരിച്ചു" എന്നായിരുന്നു തലവാചകം. ഈശ്വരാ! ജയകൃഷ്ണനാണല്ലൊ ഇത്, എന്‍റെ മനസ്സ് മന്ത്രിച്ചു. ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി. വളരെ അടുത്ത സുഹൃത്തായിരുന്നില്ലെങ്കിലും പത്തുമുപ്പതു കൊല്ലങ്ങളായുള്ള പരിചയമായിരുന്നു ജയകൃഷ്ണനുമായും അയാളുടെ കുടുംബവുമായും. ഞാന്‍ ദോഹയിൽ വന്ന കാലം മുതൽക്കുതന്നെ.

ഖത്തർ ജീവിതം മതിയാക്കി ജയകൃഷ്ണനും ഭാര്യ ലീലയും നാട്ടിലേക്ക് തിരിച്ച് ഏകദേശം ഒമ്പത് മാസങ്ങളേ ആയിരുന്നുള്ളു. അപ്പോഴാണീ അത്യാഹിതം. മുപ്പത്തഞ്ചു കൊല്ലത്തെ പ്രവാസജീവിതത്തിനു വിരാമമിട്ടു പോവുമ്പോൾ ജയകൃഷ്ണന് വേണ്ടതിലധികം സമ്പാദ്യവും ഭേദപ്പെട്ട ആരോഗ്യവും ഉണ്ടായിരുന്നു.

തിരിച്ചുപോക്കിനൊരുങ്ങുമ്പോൾ അയാൾ സന്തോഷം പ്രകടിപ്പിച്ചിരുന്നെങ്കിലും മനസ്സിൽ ഭയാശങ്കകൾ ഏറെയുണ്ടായിരുന്നു എന്നെനിക്കു വ്യക്തമായിരുന്നു. അത് അയാളൊരിക്കലും സമ്മതിച്ചുതരാൻ തയ്യാറായിരുന്നില്ലെങ്കിലും.

അങ്ങിനെയായിരുന്നു ജയകൃഷ്ണൻ എല്ലായ്പോഴും. മനസ്സ് മറ്റുള്ളവർക്ക് തുറന്നുകൊടുക്കുന്നത് മോശമാണെന്ന് വിശ്വസിക്കുന്നവരിൽ ഒരാളായിരുന്നു അദ്ദേഹം. വികാരങ്ങൾ പ്രകടിപ്പിക്കുവാൻ അറച്ചുനിന്ന വ്യക്തിത്വമായിരുന്നു അയാളുടേത്. ഒരു കർക്കശക്കാരന്‍റെ പരിവേഷം അണിഞ്ഞു നടക്കാനായിരുന്നു അയാൾക്ക്‌ ഏറെ താല്പര്യം.

ആ ജയകൃഷ്ണനാണ് തീവണ്ടി തട്ടി മരിച്ചിരിക്കുന്നത്. തട്ടിയതോ, തട്ടാൻ നിന്ന് കൊടുത്തതോ, അസ്വസ്ഥമായ മനസ്സിൽ സംശയങ്ങളും ചോദ്യങ്ങളും നിഴലിച്ചു.

ദോഹയിൽ നല്ലൊരു കമ്പനിയിൽ അക്കൗണ്ട്‌സ് മാനേജരായിരുന്നു ജയകൃഷ്ണൻ. സാമാന്യം നല്ല ശമ്പളം. രണ്ട് ആണ്‍മക്കൾ. പന്ത്രണ്ടാം ക്ളാസ്സു വരെ ദോഹയിലെ ഒരു ഇന്ത്യൻ സ്കൂളിലും അതിനു ശേഷം നാട്ടിലെ പേരുകേട്ട കോളേജിലും വിദ്യാഭ്യാസം മുഴുവനാക്കിയ അവർ അച്ഛന്‍റെ മാതൃക പിന്തുടർന്ന് ഗൾഫിൽ തന്നെ ജോലി കണ്ടെത്തിയിരുന്നു, ജയകൃഷ്ണന്‍റെ തിരിച്ചുപോക്കിനു മുൻപുതന്നെ. ഒരാൾ ദോഹയിൽ തന്നെയും മറ്റൊരാൾ ദുബായിലും.

സ്ഥാനമാനങ്ങളെ ജയകൃഷ്ണൻ വളരെ കാര്യമായാണ് എടുത്തിരുന്നത്. തന്‍റെ നിലയോട് ഒപ്പമുള്ളവർ എന്ന് കരുതിയിരുന്നവരോടു മാത്രമേ അയാൾ ഇടപഴകാൻ താല്പര്യം കാണിച്ചിരുന്നുള്ളൂ. തന്‍റെ താഴെക്കിടയിൽ നില്ക്കുന്നവരെ ചെറിയൊരു പുച്ഛത്തോടെയാണ് അയാൾ വീക്ഷിച്ചിരുന്നതെന്ന് പലപ്പോഴും വ്യക്തവുമായിരുന്നു. ഒരു ഗൾഫ്‌ മലയാളി പ്രമാണിയുടെ നാട്യം അയാളിൽ സദാ പ്രകടമായിരുന്നു. കിട്ടുന്ന ശമ്പളത്തിന്‍റെയും ഓഫീസിലുള്ള സ്ഥാനത്തേയും കേന്ദ്രീകരിച്ചായിരുന്നു ആ പ്രമാണിത്വം.

വാരാന്ത്യങ്ങളിൽ ദോഹയിൽ പല ഇടത്തരം മലയാളി വീടുകളിലും പതിവുള്ള കൂടിചേരലുകളിലൊന്നിൽ വെച്ചായിരുന്നു ആദ്യം ജയകൃഷ്ണനെയും, ലീലയെയും കാണുന്നത്. അത്തരം കൂടിച്ചേരലുകളിൽ പരദൂഷണങ്ങളും നർമ്മസല്ലാപങ്ങളും ചൂടേറിയ രാഷ്ട്രീയ ചർച്ചകളും പതിവു പരിപാടികളായിരിക്കുമല്ലൊ. അതിൽ പങ്കെടുക്കുന്നവരും അവിടെ പരാമർശിക്കപ്പെടുന്ന വിഷയങ്ങളും അണുവിട മാറാതെ പല വീടുകളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു, ഇപ്പോഴും.

ഓഫീസ് കഴിഞ്ഞാൽ ഈ വാരാന്ത്യ പരിപാടികളിലായിരുന്നു ജയകൃഷ്ണൻ തന്‍റെ ദോഹ ജീവിതം തളച്ചുകെട്ടിയിരുന്നത്. അവധി ദിവസങ്ങളിൽ ഒറ്റക്കോ ഭാര്യയുമൊത്തോ ഒരു വൈകുന്നേരം ചെലവഴിക്കാൻ അയാൾ സദാ ഭയപ്പെടുന്നതു പോലെ തോന്നുമായിരുന്നു. ഒരു കൂട്ടത്തിനുള്ളിൽ പത്രാസു കാണിച്ചിരിക്കുന്നതിലായിരുന്നു അയാൾക്ക്‌ ആനന്ദം. അല്പസ്വൽപമുണ്ടായിരുന്ന വായന എന്നോ മറന്നുപോയൊരു സ്വഭാവമായിരുന്നു അയാൾക്ക്. വൈകുന്നേരങ്ങളിലെ ടെലിവിഷൻ വാർത്തകളായിരുന്നു അയാളുടെ അറിവിന്‍റെ പ്രധാന ഉറവിടം. അവയിൽനിന്നു കിട്ടുന്ന വിവരങ്ങളായിരുന്നു വാരാന്ത്യചർച്ചകളിൽ അയാൾ അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് ടെലിവിഷൻ ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നായി മാറിയിരുന്നു ജയകൃഷ്ണന്‍റെ ജീവിതത്തിൽ.

വൈകുന്നേര പരിപാടികളിൽ സ്ഥിരമായുള്ള ആതിഥേയരെയും അതിഥികളേയും പോലെ, കാര്യമായ മാറ്റങ്ങളില്ലാതെയായിരുന്നു ഓരോ ആഴ്ചയും ജയകൃഷ്ണൻ ദോഹ ജീവിതം പിന്നിട്ടിരുന്നത്. പരിചയത്തിന് അതിൻറേതായ ഒരു ലഹരിയുണ്ട്. ഉന്മാദവും. സമാന്തരമായി പോയിക്കൊണ്ടിരിക്കുന്ന തീവണ്ടിപാളങ്ങളായി ജീവിതത്തെ മുഴുവനായി മാറ്റിയെടുക്കുമ്പോൾ, ചെറിയ ചെറിയ വ്യത്യാസങ്ങൾ പോലും ജയകൃഷ്ണനെപ്പോലുള്ളവരെ അടി തെററിക്കുന്നു. പാളം തെറ്റുന്ന വണ്ടികൾ മലക്കം മറിയുന്നു. വർഷങ്ങളായി പരിചയപ്പെട്ട ചര്യകൾ തെറ്റുമ്പോൾ മനസ്സിന്‍റെ താളത്തിനും പിഴവ് വരുന്നു.

അല്ലലില്ലാതെ നാട്ടിൽ ജീവിക്കാൻ വകയുണ്ടായിരുന്ന ജയകൃഷ്ണനെ വണ്ടി തട്ടിയതോ അതോ അയാൾ തട്ടാൻ നിന്നു കൊടുത്തതോ?


ഈയുഗത്തിന്റെ ഗൾഫ് എഡിറ്ററും ഖത്തറിലെ പ്രമുഖ ഇംഗ്ളിഷ് പത്രമായ ഗൾഫ് ടൈംസിന്റെ മുൻ ഡെപ്യൂട്ടി മാനേജിംഗ് എഡിറ്ററുമാണ്, കഥാകൃത്ത് കൂടിയായ ലേഖകൻ.