PERSPECTIVES

പാര്‍ലിമെന്ററി തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിക്ക് വന്‍ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധനവും, ജി.എസ്.ടി യും മോദിയോടുള്ള ജനരോഷം ആളിക്കത്തിച്ചു. അടുത്ത് നടന്ന ഗുജറാത്ത്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് കിട്ടിയ തിരിച്ചടി, മോദിക്ക് ജനപ്രിയ നായകനെന്ന പദവി നഷ്ടമായിരിക്കുന്നുവെന്ന് കാണിക്കുന്നു.

ഇക്കഴിഞ്ഞ യൂണിയന്‍ ബഡ്ജറ്റ്, എന്നും എരിയുന്ന പ്രശ്‌നങ്ങളായ തൊഴിലില്ലായ്മയും, സാധനങ്ങളുടെ വിലവര്‍ദ്ധനവും നേരിടാന്‍ നല്ലൊരു അവസരം കൊടുത്തെങ്കിലും അത് വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ തന്നത്താന്‍ പുകഴ്ത്തുന്നതില്‍ കേമനായ അദ്ദേഹത്തിന് കഴിഞ്ഞില്ല.

മോദിയുടെ ജനപ്രീതിക്ക് ആദ്യം കിട്ടിയ തിരിച്ചടി, 2016 നവംബറിലെ നോട്ട് നിരോധത്തെ തുടര്‍ന്നായിരുന്നു. ഒറ്റയടിക്ക് പ്രചാരത്തിലുണ്ടായിരുന്ന 86.4% കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത്, രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉലയ്ക്കുകയും, ജനങ്ങളെ അവരുടെ സ്വന്തം പൈസക്ക് വേണ്ടി ബാങ്കുകളുടെ മുന്നില്‍ യാചകരെപ്പോലെ നിര്‍ത്തുകയും ചെയ്തു. ജനങ്ങള്‍ അതിതീവ്രമായി കഷ്ടപ്പെട്ടുവെങ്കിലും അപമാനവും, മരണങ്ങളും (100 പേരോളം വരികളില്‍ നിന്ന് മരിച്ചിരുന്നു) ഏറ്റുവാങ്ങിയെങ്കിലും, നോട്ട് നിരോധനം ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചുവന്ന സ്ഥിതിക്ക്, ഇത് ഗവണ്മെന്റ് തന്നെ മുന്‍കയ്യെടുത്ത് നടത്തിയ വലിയൊരു കള്ളപ്പണം വെളുപ്പിക്കലായി മാറിയെന്ന പരാതി പലയിടത്തും ഉയര്‍ന്നു.

മോദി സര്‍ക്കാറിന്റെ ജി.എസ്.ടി. നികുതി പദ്ധതി നിലവില്‍ വരുന്നത് 2017 ജൂലൈ ഒന്നിനാണ്. ഡസന്‍ കണക്കിനുള്ള സംസ്ഥാന, കേന്ദ്ര പരോക്ഷ നികുതികളെ മാറ്റി, ഇന്ത്യയെ ഏകീകൃത മാര്‍ക്കറ്റ് എന്ന വ്യവസ്ഥയിലേക്ക് നയിക്കുക എന്ന ലക്ഷ്യമാണ് ജി.എസ്.ടിക്കുള്ളത്. പക്ഷെ അത് നടപ്പിലാക്കുന്നതിലുള്ള പല പോരായ്മകളും കച്ചവട മേഖലയെ മൊത്തം ബാധിച്ചു. നോട്ട് നിരോധനവും, ജി.എസ്.ടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, 2016-17 ലെ 7.1 ശതമനത്തില്‍ നിന്ന് നാല് വര്‍ഷത്തെ ഏറ്റവും ചുരുങ്ങിയ നിലയായ 6.5 ശതമാനത്തിലേക്ക് 2017-18 ല്‍ താഴ്ത്തിയതായി കണക്കാക്കുന്നു.

പലരും പറയാറുള്ള 'മോദി മാജിക്ക്' 2017 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഫലം ചെയ്തില്ല. ഭരണപാര്‍ട്ടിയായ ബി.ജെ.പിയുടെ ഏറ്റവും മോശമായ പ്രകടനത്തില്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 92 സീറ്റുകളെക്കാളും കൂടുതല്‍ ഏഴെണ്ണം മാത്രമാണ് അവര്‍ക്ക് ലഭിച്ചത്.

തിരഞ്ഞെടുപ്പിന് മുമ്പായി 12 നിയോജകമണ്ഡലങ്ങളിലൂടെ 34 റാലികളിലാണ് 43 ദിവസങ്ങളില്‍ മോദി സംസാരിച്ചത്. ബി.ജെ.പി. 150 സീറ്റുകള്‍ നേടിയെടുത്ത്, കോണ്‍ഗ്രസ്സിന്റെ 1985 ലെ 145 സീറ്റുകള്‍ സ്വന്തമാക്കിയ റിക്കോര്‍ഡ് തകര്‍ക്കുമെന്ന് പാര്‍ട്ടി നേതാവായ അമിത് ഷായുടെ വീരവാദം അതിനെത്തുടര്‍ന്ന് എല്ലാവരുടേയും കളിയാക്കലിന് വഴിയൊരുക്കി.ബി.ജെ.പി. ഭരിക്കുന്ന രാജസ്ഥാനില്‍ കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പിലും മോദിക്ക് തിരിച്ചടി ഏല്‍ക്കേണ്ടിവന്നു. ബി.ജെ.പി.യ്ക്ക് രണ്ട് ലോകസഭാ സീറ്റുകളും ഒരു അസംബ്ലി നിയോജകമണ്ഡലവും നഷ്ടമായി.

സാധാരണ ജനങ്ങള്‍ക്ക് നികുതിപരമായോ മറ്റുവിധത്തിലോ യാതൊരു ഗുണവും ലഭിക്കാത്ത യൂണിയന്‍ ബഡ്ജറ്റും നിരാശ ഉളവാക്കി. മോദിയുടെ പ്രതിച്ഛായയ്ക്ക് ഇതും മങ്ങലേല്‍പ്പിക്കും.

ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും അഞ്ചുലക്ഷം രൂപയുടെ കവറേജ് ആണ് ബഡ്ജറ്റ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഏകദേശം 10 കോടി കുടുംബങ്ങള്‍ക്ക് ആനുകൂല്യം കിട്ടും. മതിയായ ഫണ്ടുകളില്ലാതെ പ്രഖ്യാപിച്ച ഈ പദ്ധതി മറ്റൊരു പൊള്ളയായ വാഗ്ദാനമായി മാറും.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, ദേശീയ കുടിവെള്ള പദ്ധതി, സ്വച്ഛഭാരത് മിഷന്‍, ദേശീയ ആരോഗ്യ പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, വടക്ക് കിഴക്കന്‍ നിക്ഷേപ പ്രോത്സാഹനം, ഗ്രാം ജ്യോതിയോജന എന്നിവയിലേക്കുള്ള നീക്കിവെപ്പ് കുറച്ചത് നിരവധി മോദി ആരാധകരെ ശത്രുക്കളാക്കും.

മോദി സര്‍ക്കാറിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള നിരാശ വര്‍ദ്ധിച്ചു വരുന്നതായി മൂഡ് ഓഫ് ദി നേഷന്‍ എന്ന സര്‍വ്വേയില്‍ വളരെ വ്യക്തമാണ്. എ.ബി.പി. ന്യൂസ്, ലോകനീതി - സി.എസ്.ഡി.സി എന്നിവര്‍ നടത്തിയ ഈ സര്‍വ്വേ പ്രകാരം, മോദിയുടെ ജനപ്രീതിക്ക് കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ 7 ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞകൊല്ലം മെയ് മാസത്തില്‍, സർവെയിൽ പങ്കെടുത്ത 44 ശതമാനം വോട്ടര്‍മാര്‍, ഒരു തെരഞ്ഞെടുപ്പ് പെട്ടെന്ന് നടക്കുകയാണെങ്കില്‍, മോദി പ്രധാനമന്ത്രിയായി തിരിച്ചുവരണമെന്നാഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അത് 37 ശതമാനമായി കുറഞ്ഞിരിക്കുന്നു.

പശുക്കളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍, ലൗ ജിഹാദ്, പത്രപ്രവര്‍ത്തകരുടെ മേലുള്ള ആക്രമണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ ശക്തമായി നേരിടാത്തതിനാലും മോദിയുടെ പേര് മോശമായിട്ടുണ്ട്. വളര്‍ന്നു വരുന്ന അസഹിഷ്ണുതയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനായി, ഒരുപാട് പ്രധാന വ്യക്തികള്‍ തങ്ങള്‍ക്ക് കിട്ടിയ ദേശീയ ബഹുമതികള്‍ സര്‍ക്കാരിന് ഈ രണ്ടു കൊല്ലത്തിനുള്ളില്‍ തിരിച്ചു നല്‍കിയതില്‍ ഒരത്ഭുതവുമില്ല. ജോലിയില്‍ നിന്ന് വിരമിച്ച 67 ഓളം ജീവനക്കാര്‍ കഴിഞ്ഞയാഴ്ച ഒരു തുറന്ന കത്ത് വഴി മോദിയോട് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിക്കുന്ന മതഭ്രാന്തന്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ അപേക്ഷിച്ചിരുന്നു. ഇതിനുപുറമെ, ഉദ്ധവ് താക്കറെ, ചന്ദ്രബാബു നായിഡു, രാം വിലാസ് പസ്വാന്‍, മെഹ്ബൂബ മുഫ്തി എന്നിവരെ അലോസരപ്പെടുത്തുന്ന വിധത്തിലുള്ള മോദിയുടെ പെരുമാറ്റം ബി.ജെ.പി.യുടെ ഭാവിയെ ബാധിച്ചേക്കും.

നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ, മിസോറാം, മദ്ധ്യപ്രദേശ്, ചട്ടീസ്ഗര്‍, രാജസ്ഥാന്‍, കര്‍ണ്ണാടക എന്നീ എട്ട് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഈ വര്‍ഷം, മോദി ക്രിയാത്മകമായി കാര്യങ്ങളെ നേരിട്ടില്ലെങ്കില്‍, 2019 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നേക്കും.


ടൈംസ്‌ ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്സ്‌, ഖലീജ് ടൈംസ്‌ തുടങ്ങിയ പത്രങ്ങളില്‍ സീനിയര്‍ എഡിറ്റര്‍ ആയി ജോലി ചെയ്ത ലേഖകന്‍ ഇപ്പോള്‍ അല അറബിയ ലേഖകനാന്ന്.