This column is published in arrangement with Kuwait Times. To read the original article in English, please click here http://news.kuwaittimes.net/website/big-yes/
കുവൈത്തിലെ മാധ്യമങ്ങളിൽ ഇപ്പോൾ വിദേശികളെക്കുറിച്ചുള്ള (വാഫിദീന്‍) വാര്‍ത്തകളാണ് നിറയെ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വീട്ടുജോലിക്കാരുടേയും തൊഴിലാളികളുടെയും അവകാശങ്ങളെക്കുറിച്ചും അവരോടുള്ള കുവൈത്തികളുടെ പെരുമാറ്റത്തെക്കുറിച്ചും കുവൈത്തും ഫിലിപ്പൈന്‍സ് ഗവണ്‍മെന്‌റും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ്.
തന്‌റെ രാജ്യത്തെ പൗരന്‍മാരെ ശക്തമായി പ്രതിരോധിച്ചുകൊണ്ടുള്ള ഫിലിപ്പൈന്‍സ് പ്രസിഡണ്ട് ഡുട്ടര്‍ട്ടെയുടെ നിലപാടിനെ ഞാന്‍ അനുകൂലിക്കുന്നു. അദ്ദേഹത്തിന്‌റെ ധൈര്യത്തിന് എന്റെ സല്യൂട്ട്. ദേശസ്‌നേഹത്തിലും അഴിമതി വിരുദ്ധ നിലപാടിലും അദ്ദേഹത്തിന് ദീര്‍ഘമായ ഒരു പാരമ്പര്യമുണ്ട്. പ്രത്യേകിച്ച് ഫിലിപ്പൈന്‍സിനെ പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയക്കെതിരെ പൊരുതുന്നതില്‍.
കുവൈത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലധികമായി നമ്മള്‍ ഫിലിപ്പൈന്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നു. എന്തുകൊണ്ട് ഇതുവരെയും ദൈവത്തെയോര്‍ത്ത്, ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും പരാതികളെക്കുറിച്ചും വിശദമായ ഒരു പഠനം പോലും നടന്നില്ല?
പ്രശ്‌നങ്ങള്‍ ഇരു വിഭാഗങ്ങളും നേരിടുന്നുണ്ട്. പക്ഷെ ഒരു കാര്യം നമ്മള്‍ അംഗീകരിക്കണം. വീട്ടുജോലിക്കാരെക്കൊണ്ട് കൂടുതല്‍ ഉപകാരം കുവൈത്തികള്‍ക്കും ഇവിടത്തെ ജനങ്ങള്‍ക്കുമാണ്. നമ്മുടെ ദൈനംദിന ജീവിതത്തെ അവര്‍ എളുപ്പമാക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ അവകാശങ്ങളെ നാം അംഗീകരിച്ച് കൊടുക്കണം, അവരെ ബഹുമാനിക്കണം, അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം. വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഈയ്യിടെ ഉണ്ടാക്കിയ നിയമം നല്ലത് തന്നെ. പക്ഷെ നിയമം പൂര്‍ണമായും പ്രാവര്‍ത്തികമാക്കപ്പെട്ടിട്ടില്ല.
നിയമപരമായി വീട്ടുജോലിക്കാര്‍ക്ക് ഓരോ മാസവും ശമ്പളം നല്‍കണം, ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണം, ഒരു ദിവസം 12 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കാൻ പാടില്ല, ഒരു വര്‍ഷം ജോലി ചെയ്താല്‍ ഒരു മാസത്തെ ശമ്പളം അധികം നല്‍കണം, ഭക്ഷണവും താമസിക്കാന്‍ മാന്യമായ സ്ഥലവും നല്‍കണം. പക്ഷെ അതിലെല്ലാമുപരിയായി അവരെ മനുഷ്യരായി കണ്ട് അവരോട് മനുഷ്യത്വപരമായും ബഹുമാനത്തോടെയും പെരുമാറണം.
ഇത് എങ്ങനെ സാധ്യമാവും? നിയമം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഒരു പ്രത്യേക സംഘടന രൂപീകരിക്കാന്‍ ഗവണ്‍മെന്‌റിന് ബുദ്ധിമുട്ടാണോ?
വീട്ടുവലക്കാരികളെ നിരീക്ഷിക്കാന്‍ പുതിയ ഒരു ഡിപ്പാര്‍ട്ട്‌മെന്റോ, വിഭാഗമോ രൂപീകരിക്കണമെന്നാണോ ഞാന്‍ പറയുന്നത് എന്ന് ചോദിച്ചേക്കാം. ഉത്തരം ഇതാണ്. അതെ, .
കുവൈത്തില്‍ ഓരോ വീട്ടിലും ചുരുങ്ങിയത് ഒന്നോ രണ്ടോ വേലക്കാരുണ്ട്. അതുകൊണ്ടുതന്നെ ഇത് വളരെ വലിയ പ്രശ്‌നമാണ്. നമ്മള്‍ക്ക് കണ്ണടക്കാന്‍ കഴിയാത്ത പ്രശ്‌നം.
ഈ പുതിയ സംഘടന എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് പറയാം. ആദ്യമായി, കുവൈത്തിലെത്തുന്ന ഓരോ വീട്ടുജോലിക്കാരിക്കും ചില അടിസ്ഥാന വിവരങ്ങള്‍ നല്‍കിയിരിക്കണം. അവളുടെ എംബസിയെ എങ്ങനെ കോണ്‍ടാക്ട് ചെയ്യാം, നിയമങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ആരെ സമീപിക്കണം, അവളുടെ അടിസ്ഥാന അവകാശങ്ങളും ഉത്തരവാദിത്തങ്ങളും എന്തെല്ലാമാണ്, അതുപോലെ ശമ്പളം ലഭിക്കാതിരുന്നാലോ പീഡനം അനുഭവിച്ചാലോ ആരുമായി ബന്ധപ്പെടണം തുടങ്ങിയവ.
രണ്ടാമതായി, അവരോട് മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മൂന്നോ അല്ലെങ്കില്‍ ആറുമാസമോ കഴിയുമ്പോള്‍ അവരുമായി ബന്ധപ്പെടണം. വീട്ടുജോലിക്കാരുടെ ആരോഗ്യവും സുഖവും ഉറപ്പാക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കാവുന്ന ചെറുപ്പക്കാരായ ധാരാളം യുവാക്കളും യുവതികളും നമ്മുടെ കൂട്ടത്തിലുണ്ട്.
ഭക്ഷണം നല്ലതാണെന്ന് ഉറപ്പ് വരുത്താന്‍ മുനിസിപ്പാലിറ്റി റസ്റ്റോറന്റുകളിലേക്ക് ഇന്‍സ്‌പെക്ടര്‍മാരെ അയക്കുന്നു. നമ്മുടെ വീടുകളില്‍ ജോലി ചെയ്യുന്ന, നമുക്ക് ഭക്ഷണം പാചകം ചെയ്യുന്ന, നമ്മുടെ സന്താനങ്ങളെ പരിചരിക്കുന്ന ആളുകളുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ നമുക്ക് ഇന്‍സ്‌പെക്ടര്‍മാരെ അയച്ചുകൂടെ? അതൊരു പ്രധാനപ്പെട്ട കാര്യമായി തോന്നുന്നില്ലേ?
കുവൈത്ത് ടൈംസ് കോളമിസ്റ്റാണ് ലേഖിക .