മലയാള ചലച്ചിത്രധാരയില്‍ സംവിധായകന്‍ ജോണ്‍ എബ്രഹാം പകര്‍ന്ന ധൈര്യത്തിന് സജീവമായ തുടര്‍ച്ച ഇനിയുമുണ്ടായില്ല. പകരം ഹാന്റി ക്യാമറ ഉള്ളവര്‍ക്കെല്ലാം സിനിമ പിടിക്കാവുന്ന കാലം വന്നു. ന്യൂ ജനറേഷന്‍ എന്ന വിശേഷണപദം ചേര്‍ന്നപ്പോള്‍ സംഗതി എളുപ്പമായി. മലയാളത്തിലെ പുതിയ പ്രവണതകളെ പ്രതിനിധീകരിക്കപ്പെടുന്ന അടയാളങ്ങളുടെ ഒരു തലമുറ, ചലനദൃശ്യ മാധ്യമത്തില്‍ പരീക്ഷണത്തിന് തയാറാവുന്നു. നിര്‍മാണച്ചെലവിന്റെ കണക്കുകള്‍ ലക്ഷങ്ങളിലേക്ക് താഴ്ന്നതോടൊപ്പം മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയോ, ലാഭമുണ്ടാക്കുകയോ ചെയ്യുന്ന സിനിമകളുടെ എണ്ണം കൂടുന്നു. ഓരോ സിനിമക്കുമൊപ്പവും നമുക്ക് പരിചിതരായിത്തീരുന്ന പ്രതിഭാധനരായ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും നിരവധി.
പ്രമേയത്തിലും അവതരണത്തിലും സാങ്കേതിക പരിചരണ വശങ്ങളിലും പുതുവഴി വെട്ടിയ പ്രവണത സമീപ വര്‍ഷങ്ങളില്‍ മലയാള സിനിമയിലുണ്ടായി. ബ്രിഡ്ജ് (അന്‍വര്‍ റഷീദ്), സാള്‍ട്ട് ന്‍ പെപ്പര്‍ (ആഷിക് അബു), ബെസ്റ്റ് ആക്ടര്‍ (മാര്‍ട്ടിന്‍ പ്രക്കാട്ട്), ഉസ്താദ് ഹോട്ടല്‍ (അന്‍വര്‍ റഷീദ്), പാസഞ്ചര്‍ (രഞ്ജിത് ശങ്കര്‍), ആദാമിന്റെ മകന്‍ അബു (സലീം അഹമ്മദ്), പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്ന്റ് (രഞ്ജിത്ത്), 22 ഫീമെയില്‍ കോട്ടയം (ആഷിക് അബു), ടി.ഡി ദാസന്‍ ആറ് ബി ക്ലാസ് (മോഹന്‍ രാഘവന്‍) 24 നോര്‍ത്ത കാതം, അന്നയും റസൂലും, നത്തോലി ചെറിയമീന്‍ അല്ല തുടങ്ങിവ അവതരിപ്പിച്ച പുതിയ പ്രമേയങ്ങളും ട്രാഫിക്ക് (രാജീവ് പിള്ള), സെക്കന്റ് ഷോ (ശ്രീനാഥ് രാജേന്ദ്രന്‍), മേല്‍വിലാസം (മാധവ് രാംദാസ്), ബ്യൂട്ടിഫുള്‍ (വി.കെ പ്രകാശ്), സിറ്റി ഓഫ് ഗോഡ്, ആമേന്‍ (ലിജോ ജോസ് പെല്ലിശ്ശേരി), നേരം (അല്‍ഫോന്‍സ് പുത്രന്‍), കന്യകാ ടാക്കീസ് (കെ.ആര്‍ മനോജ്) നൂറ്റൊന്ന് ചോദ്യങ്ങള്‍ (സിദ്ധാര്‍ത്ഥ് ശിവ), സി ആര്‍ 89 (സുദേവന്‍), ഒരാള്‍പൊക്കം, മണ്‍ട്രോതുരുത്ത്, കവി ഉദ്ദേശിക്കുന്നത്, ആനന്ദം തുടങ്ങിയ സിനിമകളും ഈ പുതുതരംഗത്തില്‍ ചേര്‍ക്കാം.
ഇപ്പോള്‍ മലയാളസിനിമാലോകം ഇടയ്‌ക്കെങ്കിലും വാഴുന്ന ന്യൂജനറേഷന്‍ കൂട്ടായ്മകളില്‍ പലതിനും പിന്നില്‍ കോളജുകളിലേക്കും ഫിലിം ഫെസ്റ്റിവലുകളിലേക്കും നീളുന്ന ഭൂതകാലമുണ്ട്. മറ്റൊന്ന് പത്മരാജന്‍, ഭരതന്‍ എന്നിവരുള്ള സമയത്താണെങ്കിലും ബാലചന്ദ്രമേനോന്‍ വന്ന സമയത്താണെങ്കിലും പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയില്‍ കാണിക്കുന്ന ആഖ്യാനശൈലിക്ക് അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. മലയാളി ജീവിതശൈലിയിലും ഭക്ഷണകാര്യത്തിലും ഉപയോഗിക്കുന്ന ഭാഷയിലും സ്വഭാവത്തിലും കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍. അതിന്റേതായ മാറ്റങ്ങള്‍ തിരക്കഥയിലും സംവിധാനത്തിലും വരുന്നുണ്ട്. എന്നാല്‍ മലയാളിയുടെ ആസ്വാദനശീലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഇവക്കു കഴിഞ്ഞിട്ടുണ്ട്.
കൊച്ചി വിട്ടുപോകാന്‍ മടിക്കുന്ന ന്യൂജനറേഷന്‍ ചിത്രങ്ങള്‍ക്ക് വന്‍കിട ചിത്രങ്ങളുടെ സാങ്കേതികതികവിന് മുമ്പിലും അവയ്ക്ക് കിട്ടുന്ന ശരാശരി പ്രേക്ഷകരുടെ പിന്തുണയ്ക്കിടയിലും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. പ്രേമം എന്ന ചിത്രത്തെ ന്യൂജെന്‍ എന്നു വിളിക്കാന്‍ സാധിക്കുമോ? മുന്‍വര്‍ഷങ്ങളില്‍ മലയാളത്തില്‍ തന്നെ പുറത്തിറങ്ങിയ ചാമരം പോലുള്ള ചിത്രങ്ങളില്‍ നിന്നും പ്രേമം എത്ര അകലം സൂക്ഷിക്കുന്നുണ്ട്? പുലിമുരുകന്‍ എന്ന സിനിമ ന്യൂജെന്‍കാരേയും ചിലതെല്ലാം പഠിപ്പിക്കുന്നു. സിനിമ എക്കാലത്തും സാമാന്യജനത്തിനു കൂടി ആസ്വദിക്കാനുള്ളതാണ്. അതില്‍ കലയും കച്ചവടവും ഉണ്ടായാലും കുഴപ്പമില്ല. അടൂരിനെപ്പോലുള്ള സംവിധായകര്‍ പിന്നെയും എന്ന സിനിമയിലേക്ക് കൂപ്പുകുത്തുമ്പോള്‍ പുലിമുരുകന്‍ ചെയ്ത വൈശാഖിനും (കലയുടെ തട്ടകത്തില്‍ പ്രവേശനം നിഷേധിച്ച) പ്രേക്ഷകര്‍ ഇടംനല്‍കുന്നതും കാണാതിരിക്കാന്‍ കഴിയില്ല.
ചലച്ചിത്രത്തിന്റെ ജനാധിപത്യകാലത്തിന് ചലച്ചിത്ര കൂട്ടായ്മകളും പഠനവും ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ സര്‍വപ്രാപ്യമായതും വിദേശ ചലച്ചിത്രങ്ങള്‍ ആസ്വദിക്കാനുള്ള അവസരം വര്‍ധിച്ചതും സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടങ്ങളുണ്ടായതും സഹായകമായി. ഇതിനെല്ലാം സാങ്കേതികവിദ്യയും വികാസവും സഹായകമായി. പരമ്പരാഗത ഫോര്‍മുലകളില്‍നിന്നു മാറിനടക്കാന്‍ മലയാള സിനിമാ യുവത്വത്തിന് ധൈര്യം പകര്‍ന്നത് അയല്‍പ്പക്കത്തുള്ള തമിഴാണ്. ചേരന്‍, അമീര്‍ സുല്‍ത്താന്‍, രാധാ മോഹന്‍, മിസ്‌കിന്‍, എ. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ തമിഴ് സിനിമയെ നവീകരിക്കുമ്പോഴും മലയാളം അതിമാനുഷികതയുടെയും അതിവൈകാരികതയുടെയും പാരമ്യത്തിലായിരുന്നു. 2012-ല്‍ ബാലാജി മോഹന്‍ സംവിധാനം ചെയ്ത കാതലില്‍ സൊതപ്പവത് എപ്പടി’ എന്ന ചിത്രം ബിഗ്‌സ്‌ക്രീനിനു വേണ്ടി ചിത്രീകരിക്കുംമുമ്പ് ഏതാനും ചെറുപ്പക്കാരെ വെച്ച് ഷോര്‍ട്ട് ഫിലിമായി ചെയ്തിരുന്നു. യൂട്യൂബില്‍ ലക്ഷക്കണക്കിനു പേരുടെ പ്രീതി പിടിച്ചുപറ്റിയ ശേഷമാണ് അത് വലിയ ക്യാന്‍വാസിലേക്ക് മാറ്റി ചെയ്തത്. അതുപോലെ സുബ്രഹ്മണ്യപുരം പോലുള്ള തമിഴ് സിനിമകളും മലയാളത്തെ സ്വാധീനിച്ചു.
സിനിമ നഗര കേന്ദ്രീകൃതമാവുന്നു
കഥാപാത്രങ്ങള്‍ അശ്ലീലം പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ന്യൂജനറേഷന്‍ സിനിമകളെപ്പറ്റിയുണ്ട്. തലമുറകള്‍ തമ്മിലുള്ള അന്തരം എടുത്തു കാണിക്കുകയും പുതിയ ജീവിതത്തിന്റെ പരിച്ഛേദം പകര്‍ത്തുകയും ചെയ്യുന്ന സിനിമകളെ കുറിച്ചാവുമ്പോള്‍ ഇത് യാഥാര്‍ത്ഥ്യമാണ്. കേരളം അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ പ്രതിഫലനം മാത്രമായി ഈ നഗരകേന്ദ്രീകൃത മനോഭാവത്തെ കാണാനാവില്ല. ആവിഷ്‌കാരത്തില്‍ സഭ്യതയുടെ വരമ്പ് ലംഘിക്കുക എന്നത് ഫാഷനായി കാണുന്ന പലരും പുതിയ തലമുറക്കാരിലുണ്ട്. നടപ്പുകള്‍ മാറുമ്പോള്‍ നല്ലവയെപോലെ കെട്ടകാര്യങ്ങളും ഉണ്ടാകും. ന്യൂജനറേഷന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ദര്‍ശനം, സാമൂഹ്യവീക്ഷണം എന്നിവയിലൊക്കെ അഭിപ്രായ വ്യത്യാസമുണ്ടാവാം. മലയാള സിനിമയില്‍ ഒഴിഞ്ഞുകിടന്നിരുന്ന ഒരിടമുണ്ടായിരുന്നു; അവിടെയാണ് പുതിയ സംവിധായകര്‍ അവതരിച്ചത്. പക്ഷേ ആ സ്‌പെയ്‌സ് ശരിയായ രീതിയില്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍ മലയാള സിനിമയില്‍ വലിയൊരു മാറ്റം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു.
സിനിമയില്‍ വരുന്ന മാറ്റം സ്വാഭാവികം. വിഗതകുമാരന്‍ മുതല്‍ പുലിമുരുകന്‍ വരെ ഈ മാറ്റങ്ങള്‍ ദൃശ്യമാണ്. 1950-60 കാലഘട്ടത്തില്‍ ഫ്രാന്‍സില്‍ നിന്നാണ് ന്യൂ വേവ് എന്ന അര്‍ത്ഥത്തില്‍ പുതിയൊരു സിനിമാ സംസ്‌കാരം ഉണ്ടാകുന്നത്. ആ അര്‍ത്ഥത്തിലായിരിക്കാം ഇവിടെ ന്യൂജനറേഷന്‍ എന്ന പ്രയോഗം ഉണ്ടാകുന്നതും.
സമകാലിക ജീവിതത്തെ വരച്ചുകാട്ടുന്ന പ്രമേയങ്ങളെ അടിസ്ഥാനമാക്കി അതത് സമയത്തുള്ള മലയാള സിനിമയുടെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കാറുള്ള 1980-കളില്‍ ഇറങ്ങിയ സിനിമകളിലും അല്ലാതെയും അശ്ലീല പദപ്രയോഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ന്യൂജനറേഷന്‍ എന്ന് തരംതിരിച്ച് ചര്‍ച്ച ചെയ്യുന്നതു കൊണ്ടാണ് ഇത്തരമൊരു തോന്നലുണ്ടാകുന്നത്. അടുത്ത കാലത്ത് കഥപറച്ചിലിലും ദൃശ്യവല്‍കരണത്തിലും കൂടുതല്‍ വ്യത്യസ്തമായ രീതികള്‍ പരീക്ഷിക്കപ്പെട്ടു എന്നതാണ് സത്യം.
ജീവിതത്തോടും യാഥാര്‍ത്ഥ്യത്തോടും നീതി പുലര്‍ത്തുന്ന ചിത്രങ്ങള്‍ എന്നും മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. (ന്യൂസ് പേപ്പര്‍ ബോയ്, നീലക്കുയില്‍, ഓളവും തീരവും, തകര, ചെമ്മീന്‍ തുടങ്ങിയവ) നിശ്ശബ്ദ ചിത്രത്തില്‍ നിന്നും ശബ്ദ ചിത്രത്തിലേക്കും കളര്‍ ചിത്രങ്ങളിലേക്കും ഡിജിറ്റലിലേക്കും മാറിയപ്പോള്‍ അവയും ആ കാലത്തിന്റെ ന്യൂജനറേഷന്‍ സിനിമകള്‍ ആയിരുന്നു.
ന്യൂജനറേഷന്‍ എന്നു വിശേഷിപ്പിക്കുന്ന സിനിമകളെ കണ്ണടച്ച് എതിര്‍ക്കുന്നതിനു പകരം വിമര്‍ശനപരമായി വിലയിരുത്താന്‍ ഇന്നത്തെ തലമുറ പഠിച്ചു കഴിഞ്ഞു. പക്ഷേ, ന്യൂജനറേഷന്‍ സിനിമകള്‍ എന്നുള്ള പ്രയോഗം എത്രത്തോളം അനുയോജ്യമാണ് എന്നത് സംശയമുള്ളകാര്യമാണ്. സിനിമക്കായി തെരഞ്ഞെടുക്കുന്ന വിഷയത്തിലായാലും കഥാപാത്രങ്ങളിലായാലും, ഒരു ദിവസത്തെ സംഭവങ്ങളായാല്‍ പോലും അതിന്റേതായ രീതിയിലുള്ള ആഖ്യാനശൈലി കൊണ്ട് ശ്രദ്ധേയമായി അവതരിപ്പിക്കുകയാണ് ഇത്തരം ചിത്രങ്ങള്‍. ന്യൂജനറേഷന്‍ തരംഗം മലയാളത്തില്‍ പ്രകടമായത് 2011-ല്‍ ട്രാഫിക് എന്ന ചലച്ചിത്രം പുറത്ത് വന്നതോടു കൂടിയാണ്. ആഖ്യാനത്തിലും പരിചരണത്തിലും കാഴ്ചയുടെ വ്യത്യസ്ത തലങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നതാണ് മറ്റു സിനിമകളില്‍ നിന്നും ട്രാഫിക്കിനെ മാറ്റി നിര്‍ത്തുന്നത്. കാഴ്ചയെ നവീനമാക്കുന്ന പുത്തന്‍ശൈലിയാണ് ന്യൂജനറേഷന്‍ സിനിമകളുടെ കൈമുതല്‍.
സിനിമ കൊണ്ടുവരുന്ന നിയന്ത്രണരേഖകളുടെ നിഷേധം, പുതു അനുഭവമാണ് പ്രേക്ഷകന് നല്‍കുന്നത്. ഏറിയും കുറഞ്ഞും ഇത്തരം സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്നു എന്നിടത്താണ് യുവകാഴ്ചക്കാര്‍ക്ക് ന്യൂജനറേഷന്‍ സിനിമകള്‍ സ്വീകാര്യമാകുന്നത്. ഭാവുകത്വത്തിലെ ഈ പരിണാമമാണ് നി.കൊ.ഞാ.ചാ, ആമേന്‍, ഫ്രൈഡേ, 22 ഫീമെയില്‍ കോട്ടയം, ആട്, അങ്കമാലി ഡയറീസ്, പറവ തുടങ്ങിയ സിനിമകള്‍ സാധ്യമാക്കിയത്. ക്യാമറ ഒരേ സമയം ഗ്രാമത്തേയും പട്ടണത്തേയും തെരുവിനേയും കാഴ്ചയ്ക്ക് വിധേയമാക്കുന്നു. ഭ്രഷ്ട് കല്‍പിച്ച് മുഖ്യധാരാസിനിമകള്‍ മാറ്റിനിര്‍ത്തിയ ഇടങ്ങളെയും കഥാപാത്രങ്ങളെയും ന്യൂജനറേഷന്‍ സിനിമകള്‍ സ്വാഗതം ചെയ്യുകയാണ്. ഭാഷയുടെ ഉപയോഗത്തിലും പ്രയോഗത്തിലും കേവലാര്‍ത്ഥത്തിലെങ്കിലും സ്ത്രീ-പുരുഷ സമത്വം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇത്തരം സിനിമകളിലെ മറ്റൊരു മേന്മ. സൗഹൃദം, വിവാഹേതരബന്ധങ്ങള്‍ എന്നിങ്ങനെ ലോലവും മൃദുലവുമായ വികാരങ്ങളെ മറയില്ലാതെ ഒപ്പിയെടുക്കുന്ന സെമി-പോണ്‍ സിനിമകളുടെ ജനപ്രിയത ന്യൂജനറേഷന്‍ സിനികള്‍ക്കും ലഭിച്ചിട്ടുണ്ട്. കാണാന്‍ ആഗ്രഹിക്കുന്നതും മറക്കുന്നതുമായ കാഴ്ചകളെ നോണ്‍ ലീനിയര്‍ ആഖ്യാനത്തിലൂടെ രസച്ചരട് മുറിയാതെ അവതരിപ്പിക്കുന്നത് പുതിയ കച്ചവട സമവാക്യമായി മാറിയിട്ടുണ്ട്. ഇത്തരത്തില്‍ കപടസദാചാരത്തിന്റേയും ഊതിവീര്‍പ്പിച്ച പൊങ്ങച്ചങ്ങളുടേയും മുഖംമൂടികള്‍ കീറിയെറിഞ്ഞാണ് ന്യൂജനറേഷന്‍ സിനിമകള്‍ മുന്നേറുന്നത്. ന്യൂജനറേഷന്‍ സിനിമകള്‍ സ്വന്തമായി ഒരു ഇടം സൃഷ്ടിച്ചെടുത്തിട്ടുണ്ട്.ചില ആക്ഷേപങ്ങളും അപാകതകളും ഇത്തരം സിനിമകളെ ദുര്‍ബലമാക്കുന്നുണ്ട്.
കൂടാതെ ചെറുപ്പക്കാരെ വരെ ലോ വെയ്‌സ്റ്റ് ധരിപ്പിക്കുന്നത് വരേയും എത്തികാര്യങ്ങള്‍. ന്യൂഡ്, ഫ്രീക്ക്, ഫാ, മച്ചാ വിളികളുമാണ് ഇപ്പോഴവരുടെ നാവിന്‍ തുമ്പത്തുള്ളത്. ഫോര്‍ട്ട്‌കൊച്ചിയും മട്ടാഞ്ചേരിയുമാണ് മിക്ക ന്യൂജനറേഷന്‍ സിനിമകളുടെയും ആസ്ഥാനം. നാഗരിക സംസ്‌കാരമാണ് ഇത്തരം സിനിമയുടെ കാതല്‍. യുവതയെ മാത്രമാണ് സംബോധനെ ചെയ്യുന്നത് എന്ന ന്യൂനതയും ചിത്രങ്ങള്‍ക്കുണ്ട്. ഇതൊക്കെയാണ് സിനിമകളുടെ സ്വീകാര്യതയ്ക്ക് പിന്നിലെന്ന മിഥ്യാധാരണയില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അനുകരണങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് നടുവിലാണ് പാവം മലയാള സിനിമ. 'ആനന്ദം' നിരയിലെ ചിത്രങ്ങള്‍പോലും വ്യത്യസ്തമാകുന്നില്ല. എന്നാല്‍ നാമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടതു പോലെ സിനിമയുടെ മൊത്തത്തിലുള്ള മാറ്റമല്ല സംഭവിച്ചത്. മറിച്ച് യുവതലമുറയെ മാത്രം അഭിസംബോധന ചെയ്യുന്നു എന്നുള്ളത് കൊണ്ട് അവയെ ചില്‍ഡ്രന്‍സ് മൂവി, ഫാന്റസി മൂവി, സ്പൂഫ് എന്നിങ്ങനെ തരം തിരിച്ചത് പോലെ ന്യൂജനറേഷന്‍ എന്ന കാറ്റഗറി മാത്രമായി വിലയിരുത്താനും കഴിയില്ല.
(ലേഖകന്‍: ചലച്ചിത്രനിരൂപകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍)