ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രി ശ്രീ: തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച ബജറ്റ് പ്രവാസി ക്ഷേമത്തിനായി 89 കോടി അനുവദിച്ചത് സ്വാഗതാർഹമാണ്. ആദ്യമായാണ് കേരള ബജറ്റിൽ ഇത്രയും വലിയ തുക പ്രവാസികൾക്കായി വകയിരുത്തുന്നത്.
ദുരന്ത ക്ലേശിതരായ, ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള പ്രവാസികൾക്ക് ചികിത്സാ ചെലവ്, നിയമ സഹായം, എയർ ആംബുലൻസ് , മൃതദേഹം തിരിച്ചു കൊണ്ടുവരൽ, ജയിൽ മോചിതർക്കുള്ള സഹായം എന്നിവക്കായി 16 കോടി മാറ്റി വെച്ചു. തിരിച്ചു വന്ന പ്രവാസികൾക്ക് നിലവിലുള്ള സാന്ത്വന പദ്ധതിയ്ക്ക് പുറമെയാണിതെന്നാണ് അറിയാൻ കഴിഞ്ഞത്.
നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ഒരു ജോബ് പോർട്ടൽ വികസിപ്പിക്കുന്നതിനും വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്താനും 8 കോടി മാറ്റി വെച്ചു. നിലവിൽ നോർക്കയുടെ കീഴിൽ ജോബ് പോർട്ടലുണ്ട്. പല ഒഴിവുകളിലേക്കും, പ്രത്യേകിച്ച് വിദേശ ആരോഗ്യ രംഗത്തേക്ക് റിക്രൂട്ട്മെൻറുകൾ നടക്കുന്നുമുണ്ട്. ഇത്രയും തുക ചെലവഴിച്ചുണ്ടാക്കുന്ന പ്രസ്തുത പോർട്ടൽ വികസനം പ്രവാസികൾക്ക് ഗുണപ്രദമാവുമെന്ന് കരുതാം.
കുടിയേറ്റ സഹായത്തിനാവശ്യമായ ഫിനിഷിംഗ്- നൈപുണി വികസനം ബോധവൽക്കരണം, ഗ്രീവൻസ് റിഡ്രസ്സൽ സെൽ രൂപീകരണം എന്നിവക്കായി 7 കോടി മാറ്റി വെച്ചു.
മാറിവരുന്ന തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തും വിധം പരിശീലനം നൽകുന്ന പദ്ധതി വളരെ സ്വാഗതാർഹമാണ്. നിലവിൽ നോർക്കയുടെ പദ്ധതിയായ സ്കിൽ അപ്ഗ്രഡേഷൻ പദ്ധതിയിൽ കാലാനുസൃത മാറ്റം വരുത്തുകയാവും ഇത് വഴി ലക്ഷ്യം വെക്കുന്നത്. ബോധവൽക്കരണത്തിൽ, നിലവിലെ ക്ഷേമ പദ്ധതികൾ പ്രവാസികളിൽ എത്തിക്കുന്നത് കൂടെ ഉൾപ്പെടുത്താവുന്നതാണ്.
പ്രവാസി പുനരധിവാസത്തിനും പെൻഷൻ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള ക്ഷേമ പദ്ധതികൾക്കും കൂടുതൽ തുക വകയിരുത്തുമെന്ന പ്രതീക്ഷക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല.
കേരള ലോക സഭയുടെ കീഴിൽ വരുന്ന പ്രവർത്തനങ്ങൾക്കും അടുത്ത ലോക കേരളാ യോഗത്തിനും ആഘോഷങ്ങൾക്കുമായി 19 കോടി രൂപ വകയിരുത്തി.
പ്രവാസി പുനരധിവാസം ഏറ്റവും അനിവാര്യവും അടിയന്തിരവുമായി നടപ്പാകേണ്ട ഈ അവസരത്തിൽ ഇതിനായി നീക്കി വെച്ചത് വെറും 17 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റിൽ പോലും 18 കോടി നീക്കി വെച്ചിരുന്നു. തിരിച്ചെത്തുന്ന പ്രവാസികളിൽ പലരും ദാരിദ്യ രേഖക്ക് താഴെയാവുമെന്ന് കണക്കാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രവാസി പെൻഷൻ കഴിഞ്ഞ ബജറ്റിൽ വർദ്ധിപ്പിച്ചത് പ്രവാസി സമൂഹം ഏറെ സ്വാഗതം ചെയ്തിരുന്നു. കാലാനുസൃതമായ ചെറിയ വർദ്ധനവെങ്കിലും ഈ ബജറ്റിലും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പെൻഷൻ ഫണ്ടിലേക്ക് പ്രത്യേക നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പെൻഷൻ നൽകുന്ന സ്കീം എന്നതാണ് നിർദ്ദേശം. നാഷണൽ പെൻഷൻ പദ്ധതി പോലുള്ള പല പദ്ധതികൾ മുഖേനയും ഏതൊരു ഇന്ത്യൻ പൗരനും ഇത്തരം പെൻഷൻ നേടാമെന്നിരിക്കെ ഇത് കൊണ്ട് എന്ത് സർക്കാർ സഹായം ലഭ്യമാവുമെന്നതാണ് പ്രസക്തമായ ചോദ്യം.
ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചപ്പോൾ കേരള- അറബ് സാംസ്കാരിക കേന്ദ്രത്തിന്റെ ടോക്കൺ പ്രൊവിഷനായി മാത്രം 10 കോടി അനുവദിച്ചു. ഈ സാംസ്കാരിക കേന്ദ്രം സാധാരണ പ്രവാസികളുടെ ജീവിത പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്നില്ല.
എൻ ആർ ഐ കമ്മീഷനായി 3 കോടി വകയിരുത്തി. യു.ഡി.എഫ് സർക്കാറിന്റെ അവസാന വർഷം നിലവിൽ വന്ന ഈ കമ്മിഷന് നിലവിലുള്ള സർക്കാറിന്റെ ശ്രദ്ധ ഏറെ ലഭിച്ചിരുന്നില്ല. ഇതിന്റെ പ്രവർത്തന പരിധിയിൽ പെട്ട പലതും ഈ ബജറ്റിലും മുൻ ബജറ്റിലും സ്ഥാനം പിടിച്ചതായും കാണുന്നു. കൂടുതൽ ജനകീയമായ ലോക കേരള സഭ നിലവിലുള്ളപ്പോൾ ഇത്തരം കമ്മീഷനുകളുടെ പ്രസക്തി കുറയുന്നതും കാണാനാവും.
പ്രവാസി ക്ഷേമത്തിനായി സർക്കാർ 89 കോടി ബജറ്റ് വിഹിതം നൽകിയെന്നു പറയുമ്പോൾ, ഇതര സംസ്ഥാന തൊഴിലാളി ക്ഷേമത്തിനായി സർക്കാർ 50 കോടി കെട്ടിട നിർമ്മാണ സെസ് മൂലം കണ്ടെത്തുമെന്നും അവരുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ നമ്മുടെ സംസ്ഥാനത്തിന്ന് നൽകുന്ന നിസ്തുല സംഭാവനകൾ കണക്കിലെടുത്താണെന്നും പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും കേരള സാമ്പത്തിക അച്ചുതണ്ടിനെയും നിയന്ത്രിക്കുന്ന പ്രവാസികൾക്ക് ലഭ്യമാക്കിയെന്ന് പറയുന്ന തുക എത്രയോ കുറവാണെന്ന് ഇത് രണ്ടും താരതമ്യം ചെയ്യുമ്പോൾ മനസ്സിലാക്കാനാവും.
ക്ഷേമപദ്ധതികൾക്ക് പുറമെ, ബജറ്റിൽ എൻ ആർ ഐ ചിട്ടി മാർച്ച് - ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഇത് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രാവശ്യത്തെ ബജറ്റിൽ ചിട്ടിക്ക് പലിശയല്ല, പകരം ഡിവിഡൻറും കമ്മീഷനുമായിരിക്കും ചിട്ടി നടത്തിപ്പ് തത്വമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഇത് പലിശയുമായി ബന്ധപ്പെടാൻ താൽപര്യമില്ലാത്ത പ്രവാസികൾക്ക് ഏറെ ആകർഷകമാണ്. പലിശ രഹിത ചിട്ടിയുടെ ആവശ്യകത ഈ ലേഖകനടക്കമുള്ളവർ ഏറെ ചൂണ്ടിക്കാട്ടിയ വിഷയമാണ്. സാധാരണക്കാരായ പ്രവാസികൾക്ക് പോലും തങ്ങളുടെ ചെറിയ ചെറിയ സമ്പാദ്യങ്ങൾ ചിട്ടിയിലൂടെ നിക്ഷേപിക്കാനും സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും ഏറെ സഹായകമാവും. നാടിന്റെ പുരോഗതിയിൽ പങ്കാളിയാവാനും സാധിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ താമസം വിനാ പുറത്ത് വരുമെന്നും പ്രതീക്ഷിക്കുന്നു .
ദോഹയിലെ അറിയപ്പെടുന്ന ചാർട്ടേർഡ് അക്കൗണ്ടന്റും സാമൂഹിക പ്രവർത്തകനുമാണ് ലേഖകൻ