ഗള്‍ഫ് ഒരു ഇടത്താവളം മാത്രമാണ്, പ്രവാസികള്‍ക്ക് സ്ഥിരമായി ചേക്കേറാനുള്ളൊരു സ്ഥലമായല്ല ഗള്‍ഫ് നാടുകളെ അവര്‍ കാണുന്നത്. അമേരിക്കയിലേക്കോ ആസ്‌ട്രേലിയയിലേക്കോ അതുപോലുള്ള മറ്റു പാശ്ചാത്യ നാടുകളിലേക്കോ ജോലിക്കായി പോവുന്ന പ്രവാസികള്‍ അധികം പേരും സ്ഥിരമായൊരു സ്ഥലംമാറ്റം മനസ്സില്‍ കണ്ടുകൊണ്ടാണ് പുറപ്പെടുന്നത്. മറ്റൊരു വാസസ്ഥലത്തേക്കുള്ള കുടിയേറ്റത്തിന്റെ തുടക്കമാണ് ആ യാത്ര അവരില്‍ മിക്കപേര്‍ക്കും. കിട്ടിയ ജോലി അതിനൊരു ഉപാധി മാത്രം.
പക്ഷെ ഗള്‍ഫിലെ ജോലി ആ പ്രദേശത്ത് സ്ഥിരമായൊരു താമസത്തിലേക്ക് നയിക്കുന്നത് സാധാരണ ഗതിയില്‍ നടക്കാത്തൊരു കാര്യമാണ്. ഇഖാമയുടെ സമയപരിധിക്കുള്ളില്‍ തളച്ചിട്ടിരിക്കയാണ് ഗള്‍ഫ് വാസം. അതിന്റെ കാലാവധി കഴിയുമ്പോള്‍ തന്റെ പെട്ടിയും പ്രമാണങ്ങളുമായി സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ നിര്‍ബന്ധിതരാണ് ഗള്‍ഫ് പ്രവാസികള്‍. അല്ലെങ്കില്‍ സ്ഥിരമായൊരു മേച്ചില്‍സ്ഥലം അന്വേഷിച്ച് ലോകത്തിന്റെ മറ്റേതെങ്കിലും കോണിലേക്ക് യാത്ര തിരിക്കാന്‍ തയ്യാറാവേണ്ടിവരും.
ഗള്‍ഫില്‍ ജോലിയെടുത്ത് തിരിച്ചു വന്നവര്‍ ഇല്ലാത്ത സ്ഥലങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ല. പാലക്കാട് പട്ടണത്തിനടുത്തുള്ള എന്റെ ഗ്രാമമായ പറളിയില്‍ അത്തരത്തില്‍ പല ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് തിരിച്ചുവന്ന സ്ഥിരമായി താമസിക്കുന്നൊരു നാല്പതു പേരെയെങ്കിലും എനിക്ക് നേരിട്ടറിയാം. പരിചയമില്ലാത്തവരെയും കൂട്ടിയാല്‍ ആ സംഖ്യ ഇരട്ടിയിലും അധികമാവും.
എങ്ങിനെയാണ് അവര്‍ ജീവിക്കുന്നത്? പ്രവാസം അവരുടെ ജീവിതത്തെ ഏതുവിധത്തിലാണ് ബാധിച്ചിരിക്കുന്നത്?
ഈ തിരിച്ചുവന്ന സ്ഥിരമായവരില്‍ 90 ശതമാനം പേരും കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ഒറ്റയ്ക്ക് പ്രവാസജീവിതം നയിച്ചിട്ടുള്ളവരാണ്.
പാശ്ചാത്യനാടുകളിലേക്ക് ചേക്കേറിയവരാകട്ടെ, അവരില്‍ വിവാഹം കഴിച്ചവര്‍ മുഴുവന്‍ പേരും തന്നെ ഭാര്യയേയും, മക്കളെയും കൂടെ കൊണ്ടുപോയവരാണ്. ഗള്‍ഫ് പ്രവാസിയും, ഗള്‍ഫിതര പ്രവാസിയും തമ്മിലുള്ള അന്തരം ഇതില്‍ നിന്നാരംഭിക്കുന്നു.
കുടുംബങ്ങളെ കൂടെ കൊണ്ടുപോവാത്ത ഗള്‍ഫ് പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍, അത്യാവശ്യം സമ്പാദ്യമുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ നാട്ടിലെ ജീവിതവുമായി ഇണങ്ങിച്ചേരുന്നതായാണ് കണ്ടിരിക്കുന്നത്.
ഒന്നിച്ച് ഭാര്യയും കുട്ടികളുമായുള്ള ചെറുപ്പകാലത്തിലെ ജീവിതം സാമ്പത്തികസുരക്ഷക്കു വേണ്ടി ഉപേക്ഷിച്ചവരാണ് അവര്‍, കൊല്ലം തോറുമോ, അല്ലെങ്കില്‍ രണ്ടു കൊല്ലം കൂടുമ്പോഴോ, ചിലപ്പോള്‍ അതിലുമധികം ഇടവിട്ടോ നാട്ടില്‍ അവധിക്കു വന്നിരുന്ന ഇവര്‍, ജോലി അവസാനിപ്പിച്ചു സ്ഥിരമായി നാട്ടിലെത്തുമ്പോള്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചു വന്നതിന്റെ ചാരിതാര്‍ഥ്യത്തിലാവും. അതുകൊണ്ട് കുടുംബത്തോടൊപ്പമുള്ള ശിഷ്ടജീവിതം ആസ്വദിക്കാന്‍ അവര്‍ക്കു കഴിയുന്നു. അതിനെപ്പറ്റി സ്വപ്നം കണ്ടാണ് അവര്‍ ജോലിത്തിരക്കുള്ള വിരസമായ ഗള്‍ഫ് ജീവിതം തള്ളിനീക്കിയിട്ടുണ്ടാവുക. ഇതിന് അപവാദങ്ങളുണ്ടായേക്കാം. പക്ഷെ അപവാദങ്ങള്‍, സാധാരണ പറയാറുള്ളതുപോലെ, പൊതുവായ തത്വങ്ങളെ സാധൂകരിക്കയാണല്ലോ ചെയ്യുന്നത്.
കുടുംബവുമായി താരതമ്യേന അല്ലലില്ലാതെ ജീവിച്ചുപോരുന്ന മധ്യവര്‍ഗ ഗള്‍ഫ് പ്രവാസികള്‍ നാട്ടില്‍ സ്ഥിരമായി താമസമാക്കുമ്പോള്‍ ഇതല്ല കഥ. ഗള്‍ഫ് ജീവിതത്തെ തിരിച്ചുപോവാനുള്ളൊരു കാത്തിരിപ്പായി അതിലധികം പേരും കാണുന്നുണ്ടെന്നു തോന്നുന്നില്ല. നാട്ടിലെ ജീവിതശൈലിയുമായി തട്ടിച്ചു നോക്കുമ്പോള്‍, അതിലും സൗകര്യപ്രദമായൊരു ചുറ്റുപാടായിരിക്കണം ഗള്‍ഫ് പ്രവാസം അവര്‍ക്ക് നല്ലിയിട്ടുണ്ടാവുക, ജോലിയുടെ ബാധ്യതകളും ഉത്തരവാദിത്വങ്ങളും ഗള്‍ഫില്‍ കൂടുതല്‍ അനുഭവപ്പെട്ടേക്കാമെങ്കിലും നാട്ടിലെക്കാളും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ അതിനെ മറക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. വീട്ടാവശ്യത്തിനു വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം മുതല്‍ കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം വരെയുള്ള കാര്യങ്ങളില്‍ നാട്ടിനെക്കാളും മെച്ചമാണ് ഗള്‍ഫിലെ പൊതുവായുള്ള സ്ഥിതി.
ഇതവരുടെ ഗള്‍ഫ് വാസത്തെ ഏറെക്കുറെ സുഖപ്രദമാക്കുന്നു.
അത്തരം ജീവിതശൈലിയുമായി പൊരുത്തപ്പെട്ട കൊല്ലങ്ങളോളം ഗള്‍ഫില്‍ കഴിയുന്ന പ്രവാസികള്‍ പെട്ടെന്നൊരുനാള്‍ തിരിച്ച് നാട്ടിലേക്ക് ചേക്കേറുമ്പോള്‍, അവിടെയുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ പോലും അഭിമുഖീകരിക്കാന്‍ ത്രാണിയില്ലാത്തവരായി മാറുന്ന കാഴ്ചകള്‍ സാധാരണയാണ്. വളരെ കണിശമായുള്ള നിയമാവലിയാണ് ഗള്‍ഫ് രാജ്യങ്ങളിലേത്. നാട്ടിലോ, പല നിയമങ്ങളും പേരിനു മാത്രവും.
ഗള്‍ഫില്‍ പോയ ശേഷം അവിടെനിന്ന് ഡ്രൈവിംഗ് പഠിച്ചൊരു വ്യക്തി, വര്ഷങ്ങളോളം പല വാഹനങ്ങളും അവിടെ ഓടിച്ചു പരിചയമുണ്ടെങ്കില്‍പോലും, നാട്ടിലെ നിരത്തുകളില്‍ ആ ധൈര്യത്തിന് മുതിരാത്തത് ഈ കാരണം കൊണ്ടാണ്. ഗള്‍ഫ് റോഡുകളില്‍ വാഹനങ്ങളോടിക്കുമ്പോഴുള്ള ചിട്ടവട്ടങ്ങള്‍ നാട്ടില്‍ എവിടെ കാണാനാണ്?
ഒന്നിനു പുറകെ ഒന്നായി ഉണ്ടാവുന്ന ഇത്തരം അനുഭവങ്ങള്‍ തിരിച്ചുവന്ന പ്രവാസിവിഭാഗത്തിലെ ഇക്കൂട്ടരെ മാനസികമായി സമ്മര്‍ദ്ദത്തില്‍ അകപ്പെടുത്തും. കഴിഞ്ഞുപോയ ഗള്‍ഫ് വാസവുമായി നാട്ടിലെ ചര്യകള്‍ താരതമ്യം ചെയ്യാന്‍ അതിലൊരു കൂട്ടര്‍ ഒരുമ്പെടുന്നത് ഈ സാഹചര്യത്തിലാണ്. അത് പലപ്പോഴും മറ്റുള്ളവരുടെ പരിഹാസ്യത്തിനു കാരണമാവും.
തിരിച്ചുവരവ് അല്പം തയ്യാറെടുപ്പോടും യാഥാര്‍ഥ്യബോധത്തോടെയും ആയിരിക്കണം എന്നുള്ളതാണ് ഇതില്‍നിന്ന് പഠിക്കാനുള്ളത്. ഗള്‍ഫില്‍ പരിചയിച്ച രീതികള്‍ നാട്ടിലും പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. മാറുന്ന ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് മനസ്സിനെ മാറ്റിയെടുക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ നാട്ടിലെ ജീവിതചര്യയുമായി പൊരുത്തപ്പെട്ടു പോവാന്‍ മധ്യവര്‍ഗ്ഗപ്രവാസികള്‍ക്ക് ഒരിക്കലും കഴിഞ്ഞെന്നു വരില്ല.
ഇത് ഗള്‍ഫ് പ്രവാസികള്‍ മാത്രം അഭിമുഖീകരിക്കുന്നൊരു പ്രശ്‌നമാണ്. ഇതിനു മുന്‍പ് സൂചിപ്പിച്ചതുപോലെ, തിരിച്ചുവരവ് ഒഴിവാക്കാന്‍ കഴിയാത്തവരാണല്ലോ അവര്‍. മറ്റു ദേശങ്ങളില്‍ ജോലിക്കായി നാടു വിടുന്നവരില്‍ ഒട്ടുമുക്കാലും അതാത് സ്ഥലങ്ങളില്‍ സ്ഥിരതാമസക്കാരായി മാറുന്നതായിട്ടാണല്ലോ നാം കാണാറ്.
ഗള്‍ഫ് പ്രവാസികുടുംബങ്ങള്‍ ഇതിനെക്കുറിച്ചു തുടക്കത്തിലേ ബോധവാന്മാരാകുന്നത് തിരിച്ചുവന്നതിനുശേഷമുള്ള അവരുടെ നാട്ടിലെ ജീവിതത്തെ കൂടുതല്‍ സുഗമമാക്കും, തീര്‍ച്ചയായും.
ഖത്തറിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഗള്‍ഫ് ടൈംസിന്റെ മുന്‍ ഡെപ്യുട്ടി മാനേജിംഗ് എഡിറററും ചെറുകഥാകൃത്തും ആണ് ലേഖകന്‍.