PERSPECTIVES

ഞാന്‍ പണ്ടുമുതല്‍ക്കെ നിലകൊള്ളുന്ന ഒരു മതമൈത്രിയുടെതായ കേരള പാരമ്പര്യമുണ്ട്, പൊന്നാനി പാരമ്പര്യം. എന്റെ പല കൃതികളിലും ചിതറികിടക്കുന്നുണ്ട് ഈ ആശയം. പിന്നെ ലേഖനങ്ങളിലും ഞാൻ എടുക്കുന്ന നിലപാടുകളിലുമൊക്കെ ഇത് വരാറുണ്ട്. അതിനെ കുറച്ച് കൂടി താത്വികമായിട്ടും ദൈവശാസ്ത്രപരമായിട്ടും ശരിവെക്കുന്ന ഒരു നോവല്‍ എഴുതണം എന്ന ഒരു വലിയ ആശയം മനസ്സിൽ ഉണ്ടായിരുന്നു. അതിനെ ഒരു അനുഭൂതിയാക്കിമാറ്റുക. ലിറ്ററേച്ചറിലൊക്കെയാവുമ്പോള്‍ അതാണല്ലോ സംഭവിക്കുന്നത്. ശ്രീകൃഷ്ണനും മുഹമ്മദ് നബിയും ഒക്കെയുള്ള ഒന്ന്. വ്യത്യസ്ത കാലഘട്ടങ്ങളെ തമോഗര്‍ത്തത്തിൽ ഒന്നിച്ചുകൊണ്ടുവരികയാണ് നോവലിൽ ചെയ്യുന്നത്.

ഇത് കേരളത്തിന്റെ തന്നെ പൊതുവായിട്ടുള്ള ആശയമാണ്. എന്റെ സ്വദേശമായ പൊന്നാനിയുടെ പ്രധാനപ്പെട്ട ഒരു ആശയമാണ്. മാത്രമല്ല ഇത് മതത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഒരു ആശയംകൂടിയാണ്. ഇതെഴുതാന്‍ എനിക്കുള്ള ഒരു പശ്ചാത്തലം അതാണ്. സ്വാഭാവികമായും അതൊരു ചിന്താപരമായ പ്രവര്‍ത്തനം മാത്രമല്ല. ഇന്ന് രാജ്യത്തിന് ആവശ്യമുള്ളൊരു ആശയത്തെ ചിന്താപരമായി, അനുഭൂതിപരമായി ആവിഷ്‌കരിക്കുകയാണ്.

അമ്മയോട് ആരാണ് നബി എന്നു ചോദിക്കുമ്പോള്‍ നമ്മുടെ ശ്രീകൃഷ്ണനെപ്പോലെത്തന്നെയാണ് നബിയും എന്ന് ഉത്തരം കിട്ടുന്ന ഒരു സാംസ്‌കാരിക മൈത്രിയുടെ അന്തരീക്ഷത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. ഹിന്ദുവും മുസ്ലിമും ഒന്നിച്ച് ജീവിച്ചിട്ടുള്ള ഒരു അനുഭവ പരിസരമുണ്ട്. രാഷ്ട്രീയമായി ഇന്ന് ശരിയായിട്ടുള്ള അനുഭവ പരിസരമാണിത്. അതുകൊണ്ടുകൂടിയാണ് ഈ നോവല്‍ ഉണ്ടായത്.

സഹസ്രാബ്ദങ്ങളായിട്ട് ഹിന്ദുക്കളും മുസ്ലിംകളും പ്രശ്‌നങ്ങളില്ലാതെ ഒത്തൊരുമിച്ച് കഴിഞ്ഞൊരു പാരമ്പര്യമാണ് ഇന്ത്യയുടേത്.

ബ്രിട്ടീഷുകാരാണ് അവരുടെ Divide and Rule നയത്തിന്റെ ഭാഗമായി ഹിന്ദുക്കളുടെ ശത്രുവാണ് മുസ്ലിം എന്ന് വരുത്തിത്തീര്‍ക്കുന്ന തരത്തിൽ ചരിത്ര സൃഷ്ടി നടത്തിയിട്ടുള്ളത്. ആ പ്രത്യയ ശാസ്ത്രം തന്നെയാണ് ഇപ്പോഴത്തെ ഹിന്ദു വര്‍ഗീയവാദികളെല്ലാം പുനരുത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളിൽ പെട്ട ചിലർ അതിന് വളം വെച്ചു കൊടുക്കുകയും ചെയ്യുന്നു.

തമോഗർത്തം

ഒരു സാഹിത്യകൃതിക്ക് ക്രഡിബിലിറ്റിയാണ് പ്രധാനമായിട്ട് വേണ്ടത്. അതായത് വിശ്വസനീയത തോന്നണം. വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചവരെ ഒരുമിച്ചു കൊണ്ടുവരുമ്പോൾ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവരും. കാരണം അവർ ജീവിച്ച കാലവും ദേശവും സംസ്‌കാരവും ഒക്കെ വളരെ വൈജാത്യങ്ങളുള്ളതാണ്. ശാസ്ത്രത്തിന്റെ ഒരു സങ്കേതം ഉപയോഗിച്ചിട്ടാണ് അവരെ ഒരുമിപ്പിക്കുന്നത്. അതായത് തമോഗര്‍ത്തത്തിന്റെ സ്വാധീനത്തില്‍ ഭൂമി പെടുന്നു. ഭൂമി നശിക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനകള്‍ കിട്ടുന്നു പൊന്നാനിക്കാരായ രണ്ട് ശാസ്ത്രജ്ഞന്മാര്‍ക്ക്. നാസയില്‍ അറ്റ്‌ലാന്റിക് വിക്ഷേപണം നടക്കുമ്പോള്‍ തകരുന്നതോടുകൂടിയാണത്. സമാനമായ പല കാര്യങ്ങളും കണ്ടെത്തി ഈയൊരു കൺക്ലൂഷനിലേക്ക് അവര്‍ എത്തുകയാണ്.

തമോഗര്‍ത്തം എന്ന പ്രതിഭാസം സയിന്‍സിന്റെ എല്ലാ നിയമങ്ങളെയും തെറ്റിക്കുന്നതാണ്. അതില്‍ ഭൂതകാലം തിരിച്ചുവരിക മുതലായ പല വിചിത്രമായിട്ടുള്ള പ്രതിഭാസങ്ങളുമുണ്ട്. തമോഗര്‍ത്തത്തിന്റെ സവിശേഷമായ ഒരു ഭാവത്തെ ഈ നോവലില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ നോവല്‍ ഒരു സയൻസ് ഫിക്ഷൻ മാതിരി തുടങ്ങുകയാണ്. നാസയില്‍ അറ്റ്‌ലാന്റിക് വിക്ഷേപിക്കുന്നതും അത് തകരുന്നതുമൊക്കെയാണ് ആ ഭാഗത്തുള്ളത്. രണ്ടാം ഭാഗത്ത് തമോഗര്‍ത്തം.

ഐ.എസ്.ആര്‍.ഒ.വിലുള്ള പൊന്നാനിക്കാരായ രണ്ട് ശാസ്ത്രജ്ഞന്മാര്‍ അറ്റ്ലാന്റിക് തകർന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതാണ് ഈ ഭാഗത്ത്. മൂന്നാമത്തെ ഭാഗത്ത് ദ്വാപരയുഗത്തിന്റെ ഒരു കഷ്ണം ഭൂമിയില്‍ വീണിട്ട് കൃഷ്ണന്‍ ജീവിതം ആവര്‍ത്തിക്കുന്നതാണ്. നാലാം ഭാഗത്ത് ആറാം നൂറ്റാണ്ടില്‍ നിന്ന് ഒരു കഷ്ണം മക്കയില്‍ നിന്ന് വീണിട്ട് മുഹമ്മദ് നബി ജീവിതം ആവര്‍ത്തിക്കുന്നതാണ്. നീലയും ചന്ദ്രക്കലയും എന്നുള്ള ഭാഗത്ത് ശ്രീകൃഷ്ണന്റെയും മുഹമ്മദ് നബിയുടെയും ഊർജ്ജം നൂറ്റാണ്ടുകൾ കടന്നിട്ട് ഇന്നത്തെ കാലത്ത് എത്തിച്ചേരുന്നു. മാനവകുലം ഇന്ന് നേരിടുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് എങ്ങനെ എത്തിയെന്ന് ചരിത്രത്തെ വീണ്ടും ഒരു വിചാരണ നടത്തുന്നു. അതിന് വേണ്ടിയിട്ടാണ് സങ്കീര്‍ണമായ ഒരു രൂപഘടനയില്‍ക്കൂടെ നോവല്‍ പോകുന്നത്. തയാറാക്കിയത്: സി.എ.കരീം


കേരളത്തിലെ പ്രശസ്തനോവലിസ്റ്റും സാംസ്കാരികപ്രവർത്തകനുമാണ് ലേഖകൻ.