ഈയുഗം ന്യൂസ്
May 01, 2026 Friday 03:42:51pm
ദോഹ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ അഴിച്ചുവിട്ട യുദ്ധം ഗൾഫ് മേഖലയുടെ ഭാവി മാറ്റിമറിക്കും എന്ന് വിലയിരുത്തൽ.
യുദ്ധത്തിന് മുമ്പ് സൗദിയും യു.എ.ഇ യും തമ്മിലുണ്ടായിരുന്ന ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങൾ യുദ്ധം തുടങ്ങിയപ്പോൾ താൽക്കാലികമായെങ്കിലും പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. കാരണം നിരന്തരം ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയും ഹോർമുസ് കടലിടുക്ക് അടച്ചും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷിതത്വവും സാമ്പദ്‌വ്യവസ്ഥയും തകർത്ത പൊതുശത്രുവായ ഇറാനെ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒന്നിച്ചുനീങ്ങുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്.
എന്നാൽ കാര്യങ്ങൾ മാറിമറിയുകയും ഏറ്റവും അവസാനം യു.എ.ഇ എണ്ണ നിർമാണ രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിൽ നിന്ന് വിട്ടുപോവുകയും ചെയ്തു. സൗദി അറേബിയക്ക് വലിയ തിരിച്ചടിയാണ് യു.എ.ഇ യുടെ തീരുമാനം.
യുദ്ധതിന് മുമ്പ് ഇസ്രയേലുമായി ശക്തമായ ബന്ധമുണ്ടായിരുന്ന യു.എ.ഇ യുദ്ധത്തിന് ശേഷം ബന്ധം കൂടുതൽ ശക്തമാക്കി ഇപ്പോൾ ഇസ്രയേലിന്റെ പ്രധാന സഖ്യരാജ്യങ്ങളിൽ ഒന്നാണ്. അബുദാബി ഇറാനെ പൂർണമായും പരാജയപ്പെടുത്തുക എന്നതാണ് യു.എ.ഇ യുടെ ലക്ഷ്യം.
മാത്രമല്ല മറ്റു ഗൾഫ് രാജ്യങ്ങളും പലവഴിക്കാന് നീങ്ങുന്നത്. സൗദിയും ഖത്തറും ഒന്നിച്ചുനിന്ന് ഇറാനെതിരെ യുദ്ധം ചെയ്യാതെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമ്പോൾ ഇറാനുമായി അടുത്ത ബന്ധത്തിലാണ് ഒമാൻ. ഇറാൻ യുദ്ധം ഏറ്റവും കുറവ് ബാധിച്ചതും ഒമാനെയാണ്.
അതേസമയം ഇറാനുമായി യുദ്ധത്തിന് മുമ്പ് തന്നെ ശത്രുതയിലാണ് ബഹ്‌റൈൻ. ഇറാനെ പിന്തുണക്കുന്ന ഗണ്യമായ ഷിയാ ജനസംഖ്യ ബഹ്‌റൈനിലുള്ളതും ബഹ്‌റൈൻ ഭരണകൂടത്തിൻ്റെ പ്രയാസങ്ങൾ വർധിപ്പിക്കുന്നു.
സ്വന്തമായ പാതയിലൂടെ മുമ്പോട്ടുപോയി മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് അകലാനാണ് യു.എ.ഇ യുടെ തീരുമാനം. ഇസ്രയേലുമായുള്ള പ്രതിരോധ-നയതന്ത്ര ബന്ധവും കൂടുതൽ ശക്തമാകും. പ്രതിരോധ മേഖലയിൽ സഹായം നൽകാനായി ഇസ്രായേൽ പട്ടാളക്കാർ ഇപ്പോൾ തന്നെ യു.എ.ഇ ലുണ്ട്.
യുദ്ധം വീണ്ടും പുനരാരംഭിച്ചാൽ യു.എ.ഇ ക്കെതിരെയുള്ള ഇറാൻ ആക്രമണം അതിരൂക്ഷമായിരിക്കും.
യു.എ.ഇയും അമേരിക്കയും ഇസ്രയേലും ഇന്ത്യയും ഒരു ചേരിയിൽ നിലനിൽക്കുമ്പോൾ ഖത്തർ-സൗദി-പാക്കിസ്ഥാൻ-തുർക്കി മറു ചേരിയിലാണ്.
യുദ്ധസമയത് പാക്കിസ്ഥാൻ പിന്തുണ നൽകാത്തതിന്റെ പേരിലും തങ്ങളുടെ നിർദേശങ്ങൾ പാലിക്കാത്തതിനാലും ദേഷ്യപ്പെട്ട യു.എ.ഇ പാകിസ്ഥാന് കടം നൽകിയ മൂന്നര ബില്യൺ ഡോളർ ഉടൻ തിരികെ നൽകാൻ ആവശ്യപ്പെട്ടു. തിരികെനൽകാൻ പണമില്ലാതിരുന്ന പാകിസ്ഥാന് ഇത്രയും സംഖ്യ സൗദി നൽകിയതും അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.