// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 18, 2018 Wednesday 01:46:35pm
ടോക്യോ: ജപ്പാനിലെ ഒരു തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെട്ട “മാതൃക” തടവുകാരനെ പിടിക്കാന്‍ 6,000ത്തിലധികം പോലീസുകാർ ഒരാഴ്ച തിരഞ്ഞിട്ടും സാധിക്കാത്തതില്‍ ജപ്പാനീസ് മന്ത്രി ജനങ്ങളോട് മാപ്പു പറഞ്ഞു. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ ടാറ്റ്സുമ ഹിരാവോ എന്ന പേരുള്ളു 27കാരനെ പിടിക്കാനായി 6,600-ഓളം പൊലീസ് ഓഫീസർമാരെയാണ് വിന്യസിച്ചിരിക്കുന്നത്.
കള്ളനെ പിടിക്കാനുള്ള ശ്രമങ്ങൾ ജപ്പാനിൽ പ്രധാന വാർത്തയാണ്. ഇപ്പോൾ. ടിവി ചാനലുകൾക്ക് പോലീസിന്റെ തെരച്ചിലാണ് പ്രധാന വിഷയം. തടവുകാർക്ക് സ്വതന്ത്രമായി നടക്കാൻ അനുവാദമുള്ള തുറന്ന ജയിലിൽ നിന്ന് ഏപ്രിൽ എട്ടിനാണ് ഹിരാവോ അപ്രത്യക്ഷനായത്. ഹിരാവോവിനെ കാണാതായത് മുതൽ മോഷണക്കേസുകളുടെ എണ്ണം കൂടിയതായി പോലീസ് പറയുന്നു. പലതിലും പ്രതിയുടെ വിരലടയാളവും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ ഹിരാവോ അദൃശ്യനായി തന്നെ നില്‍ക്കുന്നു.
മോഷ്ടിച്ച വസ്തുക്കളിൽ സോക്സ്, ഒരു മൊബൈൽ ഫോൺ, പണസഞ്ചി, ഒരു ജോടി ചെരിപ്പുകൾ, ഒരു കാർ എന്നിവ ഉൾപ്പെടുന്നു. “ഞാൻ നിങ്ങളുടെ കാർ കടം വാങ്ങുന്നു; പക്ഷെ അതിനെ ഒരിക്കലും കേടുവരുത്തില്ല," എന്നെഴുതിയ ഒരു കുറിപ്പ് അതിന്റെ ഉടമസ്ഥന്‍റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
കുറ്റവാളിയെ പിടികൂടാൻ വൈകുന്നതിന്‍റെ പേരിലാണ് രാജ്യത്തെ നിയമ മന്ത്രി മാപ്പ് പറഞ്ഞിരിക്കുന്നത്. "ഈ സംഭവം പ്രദേശവാസികൾക്കിടയിൽ, പ്രത്യേകിച്ച് ഒറ്റക്ക് താമസിക്കുന്ന പ്രായമായവരിൽ, ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു ... അതില്‍ വളരെ ഖേദമുണ്ട്," മന്ത്രി തന്‍റെ ക്ഷമാപണത്തിൽ പറഞ്ഞു.
തുറന്ന ജയിൽ 1961ൽ ആരംഭിച്ചതിനുശേഷം അവിടെനിന്ന് ഇതുവരെയായി 21 തടവുകാർ രക്ഷപ്പെട്ടിട്ടുണ്ട്. വികസിത രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള ഒന്നാണ് ജപ്പാൻ.