// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 16, 2018 Monday 02:00:10pm
കുവൈത്ത് സിറ്റി: കുവൈത്ത് വനിതാ എം. പി സഫ അൽ-ഹാഷിം ഹിജാബിനെതിരായി നടത്തിയ പ്രസ്താവന വിവാദമായി. 50-അംഗ ദേശീയ അസംബ്ലിയിലെ ഏക വനിതാ എംപിയാണ് അൽ-ഹാഷിം. മുസ്ലീം വനിതകളെ ഹിജാബ്, അല്ലെങ്കില്‍ ശിരോവസ്ത്രം, ധരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഔക്കാഫ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം നടത്തുന്ന പ്രചാരണ പരിപാടികളെ അൽ-ഹാഷിം ട്വിറ്റർ അക്കൌണ്ടിലൂടെ വിമർശിച്ചിരുന്നു.
റോഡരികിൽ വലിയ ബിൽബോർഡുകൾ സ്ഥാപിച്ച് നടത്തുന്ന ഹിജാബ് പ്രചാരണം വിചിത്രമാണ് എന്നും ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും അവര്‍ പറഞ്ഞിരുന്നു.
"പകരം രാജ്യത്തിനുള്ളിലുള്ള ഐക്യത്തെ ശക്തിപ്പെടുത്താനാണ് പ്രചരണം വേണ്ടത്," അൽ-ഹാഷിം പറഞ്ഞു. ഇതിനെപറ്റി സംസാരിക്കാന്‍ ഔക്കാഫ് മന്ത്രിയെ വിളിച്ചെന്നും, ബിൽബോർഡുകൾ നീക്കം ചെയ്യാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്ലാമിസ്റ്റുകളും, യാഥാസ്ഥിതികരുമായ എംഎൽഎമാരും ആക്ടിവിസ്റ്റുകളും എം. പിയെ വിമര്‍ശിച്ചു.
ഇസ്ലാമിക ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഹിജാബ് നിർബന്ധമാണെന്നും, ഭരണഘടനപ്രകാരം രാജ്യത്തിന്റെ ഔദ്യോഗിക മതമാണ് ഇസ്ലാം എന്നും വിമര്‍ശകർ അഭിപ്രായപ്പെട്ടു. അൽ-ഹാഷിമിന് എതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച ചില അസംബ്ലി അംഗങ്ങള്‍ ബിൽബോർഡുകൾ നീക്കം ചെയ്‌താൽ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി.
പക്ഷെ താന്‍ ഹിജാബിനെ അധിക്ഷേപിച്ചിട്ടില്ലെന്നും, അത് ധരിക്കണമോ, വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നും അൽ-ഹാഷിം ട്വിറ്ററിൽ വിശദീകരിച്ചു.