// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 11, 2018 Wednesday 06:06:49pm
ന്യൂ യോര്‍ക്ക്: അമേരിക്കക്കാരും കാനഡയിലുള്ളവരുമാണ് ലോകത്തിലെ ഏറ്റവും വലിയ ടിവി അടിമകളെന്ന് ഒരു റിപ്പോര്‍ട്ട്. ഒരു ദിവസം ശരാശരി നാലു മണിക്കൂറും മൂന്ന് മിനിട്ടും അവർ ടിവിക്ക് മുമ്പിലാണെന്ന് യൂറോഡാറ്റ ടിവി വേൾഡ് വൈഡ് തെയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
അതിലും താഴെ വരുന്നത് യൂറോപ്യൻസാണ്. ഒരു ദിവസം 3 മണിക്കൂറും 49 മിനിട്ടുമാണ് അവര്‍ ടിവി കാണാൻ ചെലവഴിക്കുന്ന സമയം. 95 രാജ്യങ്ങളിൽ നിന്ന് ശേഖരിച്ചുള്ള കണക്കുകൾ പ്രകാരം തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.
"ഓൺലൈനിലെ ഉള്ളടക്കം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ജനങ്ങൾ ടെലിവിഷൻ കാണുന്ന സമയം അതേപോലെ നിലനില്‍ക്കുന്നു," യൂറോഡാറ്റ ടിവി വേൾഡ് വൈഡ് വൈസ് പ്രസിഡന്റ് ഫ്രെഡറിക് വാൽപ്രി പറയുന്നു.
ഫ്രാന്‍സിലെ ക്യാൻസിൽ നടക്കുന്ന ആഗോള പരിപാടിയായ എം-ഐ.പി.ടിവി യിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ടി.വി കാണുന്നവരുടെ എണ്ണത്തിൽ അല്പം ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ തെക്കേ അമേരിക്കയിലും, യൂറോപ്പിലും ടിവി കാഴ്ചക്കാർ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് വാൽപ്രി അഭിപ്രായപ്പെട്ടു.
ലോകത്തിൽ ഏഷ്യക്കാരാണ് ഏറ്റവും കുറച്ച് സമയം ടിവി കാണുന്നവർ. ടിവിക്ക് മുമ്പില്‍ അവർ ഇരിക്കുന്നത് 2 മണിക്കൂർ 25 മിനിറ്റാണ് ശരാശരി ഒരു ദിവസം. ചൈനയിൽ അത് 2 മണിക്കൂർ 12 മിനിറ്റ് ആയി പിന്നെയും കുറയുന്നു. ടിവി പരിപാടികളുടെയും ഫോർമാറ്റിന്റെയും ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാർ അമേരിക്കയും ബ്രിട്ടനും ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.