// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  10, 2018   Tuesday  

news



ഇറാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ നിരവധി ഇന്ത്യക്കാര്‍ ഇറാനില്‍ ജയിലില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് ഗവണ്മെന്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

ന്യൂ ഡല്‍ഹി: സൗദി അറേബ്യ, യു. എ. ഈ, ബഹറൈന്‍ എന്നീ ഗള്‍ഫ്‌ രാജ്യങ്ങളില്‍ മത്സ്യബന്ധന മേഖലയില്‍ ജോലിക്ക് പോകുന്നതിനു ഇന്ത്യ ഗവണ്മെന്റ് വിലക്കേര്‍പ്പെടുത്തി. ഈ മൂന്ന് രാജ്യങ്ങളില്‍ മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കരുതെന്നു എല്ലാ റിക്രൂട്മെന്റ് ഏജന്‍സികള്‍ക്കും ഇമിഗ്രേഷന്‍ ഓഫീസുകള്‍ക്കും പ്രൊട്ടക്റ്റര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്സ് ഓഫിസ് നിര്‍ദേശം നല്‍കി.

മാത്രമല്ല സൗദി അറേബ്യ, യു. എ. ഈ, ബഹറൈന്‍ എന്നീ രാജ്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇറാന്റെ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ സാധ്യതയുള്ള ബോട്ടുകള്‍, ട്രോളറുകള്‍ എന്നിവയില്‍ ജോലി ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഇറാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ നിരവധി ഇന്ത്യക്കാര്‍ ഇറാനില്‍ ജയിലില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് ഗവണ്മെന്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

"ഇങ്ങിനെ പിടിക്കപ്പെടുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ മാസങ്ങള്‍ എടുക്കുന്നു," ഒരു ഗവണ്മെന്റ് റിപ്പോര്‍ട്ട്‌ പറയുന്നു. മാത്രമല്ല ഗള്‍ഫ്‌ പ്രതിസന്ധി സൃഷ്‌ടിച്ച പ്രശ്നങ്ങള്‍ ഇറാനും മൂന്ന് ഗള്‍ഫ്‌ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുന്നു.

അതേസമയം ഗവണ്മെന്റ് തീരുമാനത്തെ ചിലര്‍ വിമര്‍ശിച്ചു. "ഇത്തരം ഒരു സമ്പൂര്‍ണ നിരോധനം പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല. വിദേശത്ത് പോയി ജോലി ചെയ്യുക എന്നത് ഒരു വ്യക്തിയുടെ മൌലികാവകാശമാണ്‌. അത് തടയാന്‍ ഗവണ്മെന്ടിനു അധികാരമില്ല," ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈയില്‍ നിന്നുള്ള സിസ്റ്റര്‍ ജോസെഫിന്‍ പറഞ്ഞു.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ മത്സ്യബന്ധന മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും തമിള്‍നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇറാന്‍ ജയിലുകളില്‍ 74 ഇന്ത്യക്കാരുണ്ട്.

Comments


Page 1 of 0