// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 08, 2018 Sunday
ലണ്ടന്‍: സൂര്യനിലേക്കുള്ള മനുഷ്യന്‍റെ ആദ്യ ദൗത്യമായ പാർക്കർ സോളാർ പ്രോബ് ജൂലായ് 31ന് വിക്ഷേപിക്കുന്നതിന് വേണ്ടിയുള്ള അന്തിമ തയ്യാറെടുപ്പിലാണ് അമേരിക്ക. കൂടുതൽ പരീക്ഷണങ്ങൾക്കായി ബഹിരാകാശപേടകത്തെ ഫ്ലോറിഡയിലേക്ക് കൊണ്ടുപോയിരിക്കയാണ്. പേടകത്തിന്‍റെ അവസാന പണികളും, ഡെല്‍റ്റ IV ഹെവി ലോഞ്ച് വാഹനമായുള്ള ബന്ധിപ്പിക്കലും നടക്കുന്നത് ഫ്ലോറിഡയിലാണ്.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് പാർക്കർ സോളാർ പ്രോബ് വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനു ശേഷം, പാർക്കർ സോളാർ പ്രോബ് കൊറോണ എന്ന സൂര്യന്‍റെ ഭ്രമണപഥത്തിലൂടെ നേരിട്ട് ചുറ്റിക്കറങ്ങും. സൂര്യന്‍റെ ഉപരിതലത്തിലേക്ക് ഇതുവരേക്കുമായി ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമ്മിത വസ്തുവായിരിക്കും അത്.
അതിതീവ്രമായ ചൂടും റേഡിയേഷനും നേരിടാൻ പോവുന്ന ഈ ദൗത്യം സൂര്യന് പിന്നിലെ അടിസ്ഥാന ശാസ്ത്രത്തെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. സൂര്യനെ പറ്റി പല പുതിയ വിവരങ്ങളും ഇതുവഴി ലഭ്യമാവുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.
ഏഴ് വർഷം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിലുടനീളം, പാർക്കർ സോളാർ പ്രോബ് സൂര്യന്‍റെ ബാഹ്യ അന്തരീക്ഷം പര്യവേക്ഷണം ചെയ്ത്, നക്ഷത്രങ്ങളുടെ പൊതുവായ ഭൗതികശാസ്ത്രത്തെക്കുറിച്ച് പതിറ്റാണ്ടുകൾ പഴക്കമുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടും. സൂര്യനിലെ പ്രധാന വിസ്‌ഫോടനങ്ങളും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രവചിക്കുന്നതിൽ കൂടുതൽ കൃത്യത വരുത്തുന്നതിനും ദൗത്യത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ സഹായമാവും.