// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  06, 2018   Friday  

news



കഴിഞ്ഞ വർഷം ഖത്തര്‍ യു. എസ് കമ്പനികളുമായി 1.82 റിയാലിന്‍റെ (500 മില്ല്യൺ ഡോളർ) വാണിജ്യ കരാറുകളിൽ ഒപ്പിട്ടു.

whatsapp

ന്യൂ യോര്‍ക്ക്‌: ഖത്തറിൽ നടക്കുന്ന 2022 ഫുട്ബോൾ ലോക കപ്പ് യു.എസ്. കമ്പനികൾക്ക് 30.30 ബില്യൺ ഖത്തരി റിയാലിന്‍റെ (10 ബില്യൺ ഡോളർ) നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം മാത്രം സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്.സി.) യു. എസ് കമ്പനികളുമായി 1.82 റിയാലിന്‍റെ (500 മില്ല്യൺ ഡോളർ) വാണിജ്യ കരാറുകളിൽ ഒപ്പിട്ടു.

2022 ലോക കപ്പ് ദോഹക്ക് മാത്രമല്ല, രാജ്യത്തിന്‍റെ അന്താരാഷ്ട്ര വ്യാപാര പങ്കാളികൾക്കും സാമ്പത്തിക അവസരങ്ങൾ ഒരുക്കുമെന്ന് എസ്.സി.യിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഖത്തർ ചേംബർ, യു. എസ്. ചേംബർ ഓഫ് കൊമേഴ്സ്, ഖത്തരി ബിസിനസ്സ് അസോസിയേഷൻ, യു. എസ്. ഖത്തർ ബിസിനസ് കൗൺസിൽ എന്നിവരുടെ സഹകരണത്തോടെ സാമ്പത്തിക, വാണിജ്യ മന്ത്രാലയം മിയാമിയിൽ സംഘടിപ്പിച്ച ഖത്തർ-അമേരിക്കൻ ഇക്കണോമിക് ഫോറത്തിലെ ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിഫ ലോക കപ്പ് സൃഷ്ടിക്കുന്ന ബിസിനസ്സ് അവസരങ്ങളെക്കുറിച്ച് എസ്.സി. കൊമേഴ്സ് അഷുറൻസ് മാനേജർ മുഹമ്മദ് ഖസീം അൽ എമാദി ഫോറത്തിലെ ഒരു സമിതിയിൽ സംസാരിച്ചു.

"ഖത്തർ ലോക കപ്പ് ഒരുക്കുന്ന വൻതോതിലുള്ള സാമ്പത്തിക അവസരങ്ങൾ രാജ്യത്തിന് മാത്രമല്ല, ഖത്തറിന്‍റെ അന്താരാഷ്ട്ര വ്യാപാര പങ്കാളികൾക്കും കൂടി ഉള്ളതാണ്. ടൂർണമെന്റിന് ഒരുങ്ങാൻ ലോകത്തെമ്പാടുനിന്നുമുള്ള ബിസിനസുമായി ഒത്തുചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ഉദാഹരണത്തിന്, ഞങ്ങളുടെ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്ന കരാറുകളിൽ പല അന്താരാഷ്ട്ര കമ്പനികളുമുണ്ട്. ഇവര്‍ ഖത്തര്‍ കമ്പനികളുമായി ചേര്‍ന്നുളള പങ്കാളിത്തം പ്രാദേശിക ശേഷികളെ ശക്തിപ്പെടുത്താനും, സുസ്ഥിരമായ ഒരു സാമ്പത്തിക പാരമ്പര്യം സൃഷ്ടിക്കുന്നതിനും സഹായിക്കും,” അൽ എമാദി കൂട്ടിച്ചേര്‍ത്തു.

“ഞങ്ങളുടെ പ്രമുഖ വ്യാപാര പങ്കാളികളിൽ പലരും യു.എസി.ൽ നിന്നുള്ളവരാണ്. അമേരിക്കൻ ബിസിനസുകൾക്ക് പറ്റിയ എത്രയോ അവസരങ്ങൾ ഇനിയും ബാക്കിയുണ്ട്,” അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തറില്‍ വളരുന്ന സമ്പദ് വ്യവസ്ഥ നല്‍കുന്ന നിരവധി വാണിജ്യ സാധ്യതകൾ യു.എസ്. ബിസിനസ് നേതാക്കളെ അറിയിക്കാൻ ഫോറം ശ്രമിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധം ഇനിയും ശക്തിപ്പെടുത്തുക എന്നതും ഫോറത്തിന്‍റെ ലക്ഷ്യത്തിൽ ഒന്നായിരുന്നു. വിദാം ഫുഡ് കമ്പനിയുടെ സി. ഇ. ഒ അബ്ദുൽ റഹമാന്‍ അൽ ഖൈയാറീൻ, ഊർജ്ജ, വ്യവസായ മന്ത്രാലയത്തിലെ ഫഹദ് അൽ കുവാരി, മനാത്തെക്കിലെ ചീഫ് പ്ലാനിംഗ് ആന്റ് ഡവലപ്മെന്റ് ഓഫീസർ മുഹമ്മദ് അൽ മാൽക്കി എന്നിവരും സമിതിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഖത്തറിലെ സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന റോഡ്ഷോയുടെ ആദ്യഭാഗമാണ് ഈ ഫോറം. അമേരിക്കയിലുള്ള ഖത്തറിന്‍റെ നിക്ഷേപങ്ങളെയും, രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തെയും എടുത്തുകാണിക്കുകയാണ് ഫോറത്തിന്‍റെ ലക്ഷ്യം.

മിയാമി, ഫ്ലോറിഡ, വാഷിംഗ്ടൺ ഡിസി, ചാൾസ്റ്റൺ (സൗത്ത് കരോലിന), റാലി (നോർത്ത് കരോലിന) എന്നീ നഗരങ്ങളിലാണ് റോഡ്ഷോ നടത്തുക.

Comments


Page 1 of 0