// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 05, 2018 Thursday
എമിരി ദിവാനിലെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഇബ്രാഹിം ഇബ്രാഹിം.
ദോഹ: സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം പത്താം മാസത്തിലേക്കു പ്രവേശിക്കുമ്പോഴും, യു.എ.ഇ.ക്കു ഗ്യാസ് മിതമായ നിരക്കില്‍ തന്നെ നല്‍കാനാണ് ദോഹയുടെ തീരുമാനം എന്ന് എമിരി ദിവാനിലെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഇബ്രാഹിം ഇബ്രാഹിം പറഞ്ഞു. ഗൾഫ് കരാറുകളിലും ഏകോപനത്തിലും വിശ്വസമുള്ളതിനാലാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് ഖത്തര്‍ പറയുന്നു.
രാജ്യത്തെ സമ്പദ് വ്യവസ്ഥ രണ്ടാമത്തെ നാഷണൽ ഡവലപ്മെൻറ് സ്ട്രാറ്റജി 2017-22 വഴി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഖത്തർ കമ്യൂണിറ്റി കോളേജ് സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര ബിസിനസ് സമ്മേളനം അഭിസംബോധനം ചെയ്തു ഡോ. ഇബ്രാഹിം പറഞ്ഞു.
സാമ്പത്തിക ഉപരോധത്തിന്റെ പ്രത്യാഘാതങ്ങൾ തടയാനായി രാജ്യം സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്‍റെ മറുപടിയിലാണ് അദ്ദേഹം ഈ വിശദീകരണം നല്‍കിയത്. കഴിഞ്ഞ വർഷം ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹറിൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരായി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിത്.
യു. എ. ഇ.ക്ക് വില്‍ക്കുന്ന ഗ്യാസിന് "വളരെ കുറഞ്ഞ" നിരക്ക് നിലനിർത്താനുള്ള ദോഹയുടെ തീരുമാനം ജി.സി.സി ഉദ്ഗ്രഥനത്തോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉപരോധം ഏര്‍പ്പെടുത്തിയ മൂന്ന് ഗൾഫ് സഹകരണ കൌൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്ന് വന്നിരുന്ന ഉല്പന്നങ്ങളും, ചരക്കുകളും ഖത്തറിന്‍റെ മൊത്തം ഇറക്കുമതിയുടെ 50% മുതൽ 60% വരെ ആയിരുന്നു. ഭക്ഷണ പാനീയങ്ങൾ, നിർമ്മാണ സാമഗ്രികൾ, രാജ്യത്തിന്റെ വളർച്ചയെ സഹായിക്കാൻ ആവശ്യമായ വ്യവസായങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഇറക്കുമതി.
ജി.സി.സി രാജ്യങ്ങളുടെ ഐക്യവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള കരാറുകളിൽ ഖത്തറിന് വിശ്വാസമുള്ളതായി ഡോ. ഇബ്രാഹിം പ്രഖ്യാപിച്ചു. ഉപരോധത്തിനു ശേഷം, ഒമാൻ, തുർക്കി, ഇറാൻ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലൂടെ ഖത്തറിൽ ചരക്കുകൾ എത്തിക്കുന്ന വിധം പുനരാവിഷ്കരിച്ചു.
ഉപരോധത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച ഖത്തർ സ്വയംപര്യാപ്തതക്ക് വേണ്ടി, പ്രത്യേകിച്ച് ഭക്ഷ്യമേഖലയിൽ, പല നടപടികളും കൈകൊണ്ടിട്ടുണ്ട്.
മാനുഷിക-സ്ഥാപിത ശേഷി, സംരംഭക വികസനം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന രണ്ടാമത്തെ പഞ്ചവര്‍ഷ ദേശീയ വികസന പദ്ധതി കഴിഞ്ഞ മാസമാണ് ഖത്തർ അനാച്ഛാദനം ചെയ്തത്.