// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 04, 2018 Wednesday
ദോഹ: അറബ് മേഖലയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പദ്ധതിയിട്ടിരിക്കുന്ന മാറ്റങ്ങള്‍ക്കായി പണിയെടുക്കുന്ന 'ഏജൻറ്' ആണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ (എം. ബി. എസ്) എന്ന് അമേരിക്കൻ മാഗസിന്‍ ആയ ദ ന്യൂയോർക്കർ പറഞ്ഞു.
മേഖലയിൽ ട്രംപ് ആഗ്രഹിക്കുന്ന മാറ്റങ്ങൾക്ക് വേണ്ടി അദ്ദേഹം ഏല്പിച്ച ജോലികൾ എം. ബി. എസ് ഭംഗിയായി നിർവഹിച്ചു വരുന്നു. യു. എ. ഇ ഭരണാധികാരികളും ഇക്കാര്യത്തിൽ കാര്യമായ സഹായങ്ങൾ ട്രമ്പിനു വേണ്ടി ചെയ്തു വരുന്നു എന്നും റിപ്പോർട്ട് പറയുന്നു.
മുതിർന്ന അമേരിക്കൻ പത്ര പ്രവർത്തകനായ ഡെക്ടർ ഫിൽകിൻസ് ''സൗദി രാജകുമാരൻ പുതിയ മിഡിൽ ഈസ്റ്റ് രൂപപെടുത്തുന്നു'' എന്ന തലക്കെട്ടിൽ എഴുതിയ സുദീർഘമായ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. മിഡിൽ ഈസ്റ്റിനെ നിലവിലെ അവസ്ഥയിൽ നിന്നും പൂർണമായി മാറ്റി അമേരിക്ക ആഗ്രഹിക്കുന്ന തരത്തിൽ പുതുക്കിപണിയാൻ മിഡിൽ ഈസ്റ്റിൽ നിന്ന് തന്നെ ഒരു സഹകാരിയെ ലഭിക്കാൻ അമേരിക്ക കാലങ്ങളായി ശ്രമം നടത്തി വരികയായിരുന്നു എന്നും ആ തേടിയ വള്ളിയാണ് അമീർ സൽമാനിലൂടെ അമേരിക്കയുടെ കാലിൽ ചുറ്റിയിരിക്കുന്നത് എന്നും അമേരിക്കൻ ഭരണ കൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലേഖനത്തിൽ പറയുന്നു.
ട്രംപിന്റെ ഉപദേശകരായ ജെറാഡ് കാശ്ഷ്ണർ, സ്റ്റെഫാൻ എന്നിവരാണ് ഇക്കര്യത്തിൽ കൂടുതൽ താല്പര്യം എടുത്തിരുന്നത്. ഇവർ രണ്ടുപേരും എം ബി എസ്സുമായി ഉറ്റ സൗഹൃദം ഉണ്ടാക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. വാഷിംഗ്ടണിലെ യു. എ. ഈ അംബാസഡർ യൂസുഫ് അൽ ഉതൈബ അടുത്ത 50 വർഷത്തേക്കുള്ള സൗദി ഭരണാധികാരിയായ എം. ബി. എസ്സിനെ പാകപ്പെടുത്തിഎടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു എന്നും ലേഖനത്തിൽ പറയുന്നു.
യു. എ. ഈ കിരീടാവകാശിയായ മുഹമ്മദ് ബിൻ സായിദും എം. ബി. എസ്സിനെ ഏൽപ്പിച്ച ദൗത്യം നിർവഹിക്കുന്നതിൽ സഹായിച്ചു.
അമേരിക്കന്‍ പ്രസിഡൻഡ് ഡൊണാൾഡ് ട്രംപ് ആദ്യമായി സൗദി സന്ദർശിച്ച സമയത്ത് തന്നെ ഖത്തർ ന്യൂസ് ഏജൻസി ഹാക്ക് ചെയ്യപ്പെട്ടതും, ട്രംപ് തിരിച്ചു പോന്ന ഉടൻ ഉപരോധം പ്രഖ്യാപിച്ചതും കേവലം യാദൃശ്ചികതയല്ല എന്നും അമേരിക്കൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ അറിവോ സമ്മതമോ കൂടാതെ ഇക്കാര്യങ്ങൾ നടക്കില്ല എന്നും ലേഖകൻ നിരീക്ഷിക്കുന്നു.
അമേരിക്കൻ ഭരണകൂടം ഹാക്കിങ്ങിനെ അപലപിച്ചിട്ടുണ്ട് എങ്കിലും എല്ലാം നടന്നത് വൈറ്റ് ഹൌസ് അറിവോടെയാണ് എന്നു യു. എ. ഈ വൃത്തങ്ങൾ പറഞ്ഞതായി ലേഖകൻ കൂട്ടി ചേർത്തു.