// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 04, 2018 Wednesday
മകളെ കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയ കാര്‍ഡുകള്‍ വാങ്ക് വിതരണം ചെയ്തു.
ബിജിംഗ്: ചൈനീസ് ദമ്പതികൾ 24 വർഷം മുമ്പ് കാണാതായ മകളെ നിരന്തരമായി അന്വേഷിച്ച് അവസാനം കണ്ടെത്തിയതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇപ്പോൾ.
വാങ്ക് മിംഗ്ഖിംഗും ഭാര്യ ലിയു ഡെങ്കിംഗും മൂന്ന് വയസ്സായ മകൾ ക്യുഫെങ്ങ് 1994-ലൊരു ദിവസം അപ്രത്യക്ഷമായതിനെത്തുടർന്ന്, അവളെ തിരയാന്‍ തുടങ്ങിയതാണ്. നിലക്കാത്ത തിരച്ചലിന്‍റെ ഭാഗമായി പലതും ചെയ്തതില്‍ വാങ്ക് ഒരു ടാക്സി ഡ്രൈവറായും പണിയെടുത്തിരുന്നു, കാണാതെ പോയ മകൾ ഒരു ദിവസം അയാളുടെ യാത്രക്കാരിയായി വരുമെന്ന പ്രതീക്ഷിയിൽ.
ഈ വർഷമാദ്യം വാങ്കിനെ പറ്റിയുള്ള ഓൺലൈൻ പോസ്റ്റ് കണ്ടതിന്ശേഷം മകൾ അച്ഛനുമായി ബന്ധപ്പെട്ടു. കണ്ണീരൊഴുകിയ കൂടിച്ചേരലിൽ അച്ഛൻ മകളെ കെട്ടിപിടിച്ചു പറഞ്ഞു: "ഡാഡി നിന്നെ സ്നേഹിക്കുന്നു, മോളെ!" വിശ്വസിക്കുവാന്‍ പ്രയാസമായ ഈ സംഭവത്തിന് ചൈനയിൽ വലിയ വാര്‍ത്താപ്രാധാന്യം കിട്ടി. പലരും ഈ സമാഗമം ഒരു ആഘോഷമാക്കി മാറ്റി.
ചൈനയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ങടുവിൽ, വാങ്കും ലിയും റോഡരികിലുള്ള ഒരു സ്റ്റാളിൽ പഴം വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. ഒരു ദിവസം, വാങ്ക് ചില്ലറക്ക് വേണ്ടി അടുത്തുള്ള സ്റ്റാളിലേക്ക് പോയതായിരുന്നു. മിനിറ്റുകൾക്കകം തിരിച്ചെത്തിയപ്പോഴേക്കും മകൾ അപ്രത്യക്ഷയായിരിക്കുന്നു.
വാങ്ങും ഭാര്യയും നഗരത്തിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും ഒരുപാട് അന്വേഷണങ്ങൾ നടത്തുകയും പത്രങ്ങളിൽ പരസ്യങ്ങൾ കൊടുക്കുകയും ചെയ്തു. പക്ഷെ അവയൊന്നും ഫലം കണ്ടില്ല. മറ്റൊരു മകളും മകനുമുണ്ടായിരുന്ന ദമ്പതികൾ ചെങ്ങടുവിൽ നിന്ന് ഒരിക്കലും വിട്ടുപോവാൻ കൂട്ടാക്കിയില്ല. അതിന് കാരണം ക്യുഫെങ്ങ് എന്നെങ്ങിലും തിരിച്ചു വന്നാല്‍ അവരെ കണ്ടുപിടിക്കാൻ എളുപ്പമാവും എന്ന പ്രതീക്ഷയായിരുന്നു.
വാങ്ക് 2015-ൽ അന്വേഷണം കൂടുതൽ വിപുലപ്പെടുത്താൻ തീരുമാനിച്ച് ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലിക്ക് കയറി. അയാള്‍ ഓടിച്ചിരുന്ന കാറിന്‍റെ പിന്നാലെ ജനാലയിൽ മകളെ പറ്റി വിവരങ്ങള്‍ കൊടുത്ത് വലിയൊരു സൈൻ വെച്ചു. അതിനും പുറമെ, യാത്ര ചെയ്യുന്ന ഓരോരുത്തര്‍ക്കും മകളെ കുറിച്ചുള്ള വിവരങ്ങള്‍ എഴുതി കാര്‍ഡുകളും വിതരണം ചെയ്തു.
വാങ്ങിന്‍റെ പക്കൽ ക്യുഫെങ്ങിന്‍റെ കുട്ടിക്കാലത്തെ ഫോട്ടോകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട്, രണ്ടാമത്തെ മകൾ കുട്ടിയായിരിക്കുമ്പോഴുള്ള ഒരു ഫോട്ടോയാണ് യാത്രക്കാര്‍ക്ക് കൊടുത്തിരുന്നത്. അദ്ദേഹത്തിന്‍റെ നിലക്കാത്ത അന്വേഷണം ഇതിന്നിടയില്‍ ചൈനയിലെ മാധ്യമങ്ങളുടെ ശ്രദ്ധ നേടി. "ഒരു ദിവസം എന്‍റെ മകൾ എന്‍റെ കാറിൽ യാത്ര ചെയ്യാനെത്തും!" വാങ്ക് പറഞ്ഞു.
പല സമയത്തായി നിരവധി സ്ത്രീകളെ ക്യൂഫെങ്ങ് ആണെന്ന് സംശയം തോന്നി ചൈനീസ് പൊലീസ് അന്വേഷിച്ചു. എന്നാൽ ഡിഎൻഎ ടെസ്റ്റുകൾ വാങ്കിന്‍റെ മകളല്ലെന്ന് തെളിയിച്ചു. പക്ഷെ കഴിഞ്ഞ വർഷം അവസാനമായിട്ട് അന്വേഷണത്തിൽ വലിയൊരു മുന്നേറ്റമുണ്ടായി.
ഒരു പോലീസ് സ്കെച്ച് ആർട്ടിസ്റ്റ് വാങ്കിനെക്കുറിച്ച് വായിക്കുകയും, വിതരണം ചെയ്യ്തിരുന്ന സഹോദരിയുടെ ഫോട്ടോയില്‍ നിന്ന് ക്യൂഫെങ്ങ് ഒരു മുതിർന്ന വ്യക്തിയെ പോലെയാകുമ്പോൾ എങ്ങിനെ ആയിരിക്കൂം എന്ന് വിഭാവനം ചെയ്ത് ഒരു ചിത്രം വരച്ചുകൊണ്ട് അയാളെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആ ചിത്രം ഓൺലൈനായി വിതരണം ചെയ്തു.
ആയിരക്കണക്കിന് കിലോമീറ്റർ അകലെ, രാജ്യത്തിന്‍റെ മറുവശത്ത്, കങ്ങ് യിംഗ് എന്നു പേരുള്ള ഒരു സ്ത്രീ ഈ ചിത്രം കണ്ട് അതിന് തന്നോടുള്ള സാദൃശ്യത്തെ ഒരു ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. ചെങ്ങടുവില്‍ നിന്ന് വെറും 20 കിലോമീറ്റർ ദൂരത്തുള്ള ഗ്രാമത്തിലാണ് കങ്ങ് യിംഗ് അവളെ ദത്ത് എടുത്ത രക്ഷിതാക്കളോടൊപ്പം കുട്ടിക്കാലം കഴിച്ചുകൂട്ടിയിരുന്നത്.
ചെങ്ങടുവിലെ ഒരു റോഡിന്‍റെ വശത്തുനിന്നാണ് കങ്ങ് യിംഗ് ചെറിയൊരു കുട്ടിയാവുമ്പോൾ അവര്‍ക്ക് കണ്ടുകിട്ടിയതെന്നു രക്ഷിതാക്കൾ അവളോട് പറഞ്ഞിരുന്നു. പക്ഷെ ക്യൂഫെങ്ങിനെ കണ്ടുപിടിക്കാനുള്ള അവളുടെ യഥാര്‍ത്ഥ പിതാവിന്‍റെ തുടര്‍ച്ചയായുള്ള തിരച്ചിലിനെപറ്റി അവർ എന്തുകൊണ്ട് അറിഞ്ഞില്ല എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അപ്പോഴും നില്‍ക്കുന്നു. ഒരു കാര്യത്തില്‍ എന്തായാലും വളരെ ആശ്വാസമുണ്ട്: അച്ഛന് കാണാതായ മകളെ അവസാനം തിരിച്ചുകിട്ടിയല്ലോ.