// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 04, 2018 Wednesday
ദോഹ: മെയ് മാസത്തിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നിർണായക ഗള്‍ഫ് അമേരിക്കൻ ഉച്ചകോടി സെപ്റ്റംബറിലേക്ക് നീട്ടിവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു.
രണ്ട് കാര്യങ്ങളാണ് ഉച്ചകോടി നീട്ടിവെച്ചതിനു കാരണമായി നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒന്ന്, സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന റെക്സ് ടില്ലെര്സനെ മാറ്റി പുതുതായി നിയമിച്ച മൈക്ക് പോംപിയോയുടെ നിയമനം സെനറ്റ് അംഗീകരിക്കുന്നത് വരെ ട്രുംപിന് ഒരു വിദേശകാര്യ മന്ത്രിയില്ല. രണ്ടാമതായി, ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രതീക്ഷിച്ച പുരോഗതിയില്ല.
വിദേശ കാര്യ സെക്രട്ടറിയുടെ അഭാവത്തില്‍ ഇപ്പോള്‍ ട്രംപാണ് ചുമതലകൾ നിർവഹിക്കുന്നത്. "മെയ് മാസത്തിൽ ഞങ്ങൾക്ക് വളരെ ടൈറ്റ് ഷെഡൂള്‍ ആണ്. അതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്," ഒരു അമേരിക്കൻ വക്താവ് പറഞ്ഞു.
"ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഗള്‍ഫ് പ്രതിസന്ധിക്ക് ഒരു പരിഹാരം ഉടനെയുണ്ടാവും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ," മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ ഥാനിയുമായി ചൊവ്വാഴ്ചയും സൗദിയിലെ സല്‍മാന്‍ രാജാവുമായി തിങ്കളാഴ്ചയും ട്രമ്പ് ടെലിഫോണ്‍ സംഭാഷണം നടത്തിയതായി വൈറ്റ് ഹൌസ് പറഞ്ഞു. പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ട്രമ്പ് ഇരു നേതാക്കളുമായും സംസാരിച്ചു.
അടുത്തയാഴ്ച ഖത്തര്‍ അമീര്‍ അമേരിക്ക സന്ദര്‍ശിക്കും.