// // // */
ഈയുഗം ന്യൂസ് ബ്യൂറോ
April 01, 2018 Sunday
ലണ്ടന്‍: നരകം ഇല്ലെന്ന് പോപ്പ് ഫ്രാൻസിസ് ഒരു ഇറ്റാലിയൻ പത്രപ്രവര്‍ത്തകനോട് പറഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി വത്തിക്കാൻ. യൂജിനിയോ സ്കാൽഫാറി താൻ സ്ഥാപിച്ച റിപ്പബ്ളിക്ക് എന്ന പത്രത്തിൽ ഇത്തരത്തിൽ പോപ്പിനെ ഉദ്ധരിച്ചെഴുതിയ ലേഖനം എഴുതിയ വ്യാഖ്യാനം മാത്രമാണെന്നും, പോപ്പിന്‍റെ വാക്കുകളുടെ ശരിയായ പകർപ്പ് അല്ലെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു.
പോപ്പ് ഫ്രാൻസിസുമായി അടുപ്പമുള്ള സ്കാൽഫാറി ഈസ്റ്റർ വാരാന്ത്യത്തിന് മുമ്പ് അദ്ദേഹവുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് വത്തിക്കാൻ സമ്മതിച്ചെങ്കിലും, അഭിമുഖത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞു .
"ചീത്ത ആത്മാക്കൾ" എവിടേക്കാണ് പോവുന്നതെന്ന് കൂടികാഴ്ച്ചയിൽ 93-കാരനായ സ്കാൽഫാറി ചോദിചപ്പോൾ പോപ്പിന്‍റെ മറുപടി ഇങ്ങിനെ ആയിരുന്നവത്രേ: "അവർ ശിക്ഷിക്കപ്പെടുന്നില്ല. പശ്ചാത്തപിക്കുന്നവർ ദൈവത്തിന്‍റെ മാപ്പിന് അര്‍ഹരായി, സർവ്വശക്തനെ ധ്യാനിക്കുന്നവരുടെ ഇടയിൽ സ്ഥാനം പിടിക്കുന്നു. പശ്ചാത്തപിക്കാത്തവർ മാപ്പ് ലഭിക്കാതെ അപ്രത്യക്ഷരാവുന്നു. നരകമെന്ന ഒന്ന് ഇല്ല. പാപികളുടെ ആത്മാവുകൾ അപ്രത്യക്ഷമാവുന്നത് ഉണ്ടുതാനും.”
ലേഖനത്തിലെ ഉദ്ധരണികൾ അദ്ദേഹത്തിന്‍റെ വചനങ്ങളുടെ ശരിയായുള്ള പകര്‍പ്പായി കണക്കാക്കാൻ പറ്റില്ലെന്നും വത്തിക്കാൻ പറഞ്ഞു.
സ്കാൽഫാറി ആദ്യമായല്ല ഇത്തരമൊരു വിവാദത്തിൽ പെടുന്നത്. ഫ്രാൻസിസ് പാപത്തെ ‘നിർത്തലാക്കി’ എന്ന് ഒരു ലേഖനത്തിൽ 2014-ൽ എഴുതിയപ്പോള്‍ വത്തിക്കാൻ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു.