// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 31, 2018 Saturday
കൈറോ: വൈദ്യസഹായം നിഷേധിക്കുന്നത് തുടരുകയാണെങ്കിൽ മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസി പീഡനങ്ങളുടെ ഫലമായി പതുക്കെ മരണത്തിലേക്കു നീങ്ങാൻ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യൻ രാഷ്ട്രീയ സംഘടന.
മുർസിക്കുള്ള മരുന്ന് നിഷേധിക്കുന്നത് ഒരു തരത്തിലുള്ള പീഡനമാണെന്ന് ഈജിപ്ഷ്യൻ റെവല്യൂഷണറി കൗൺസിൽ പ്രസിഡന്റ് മഹ അസാം മിഡിൽ ഈസ്റ്റ് മോണിറ്റർ വെബ്സൈറ്റിനോട് പറഞ്ഞു.
അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് മുർസിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഈജിപ്തിലെ കാരാഗൃഹങ്ങളിൽ പീഢനം വ്യവസ്ഥാപിതമാണെന്നും ഇന്നത്തെ ഈജിപ്ഷ്യൻ ഭരണകൂടത്തിനാണ് അതിന്റെ ഉത്തരവാദിത്തമെന്നും അസാം ആരോപിച്ചു.
പ്രമേഹവും ഹൈപ്പർ ടെൻഷനും കരൾ രോഗവും ബാധിച്ച മുർസി കെയ്റോയിലെ ടോറ ജയിലിൽ വളരെ മോശമായ സാഹചര്യത്തിലാണ് കഴിയുന്നത് എന്ന് ചില രാഷ്ടീയ വ്രത്തങ്ങൾ പറയുന്നു.
വിദേശ രാജ്യങ്ങളിലേക്ക് ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ വിധത്തില്‍ രാഷ്ട്രരഹസ്യങ്ങൾ ചോർത്തിക്കൊടുത്തു, 2012-ലെ ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത പ്രക്ഷോഭകരെ വധിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഈജിപ്ഷ്യൻ കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്. തന്റെ ആദ്യ അറസ്റ്റ് മുതൽ മൂന്നു വിചാരണകളിൽ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. നാലാമത്തെ കേസിൽ മരണശിക്ഷക്ക് വിധിച്ചെങ്കിലും 2016 നവംബറിൽ ഉന്നത കോടതി ആ വിധി റദ്ദാക്കി.
ബ്രിട്ടീഷ് എം.പി.മാരും, അഭിഭാഷകരും അടങ്ങിയ ഒരു സമിതിയുടെ റിപ്പോർട്ടില്‍ "ഡോ. മുർസിക്ക് വൈദ്യപരിശോധനയൊന്നും നൽകാത്തപക്ഷം അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനുള്ള ക്ഷതം ശാശ്വതമോ, മാരകമോ ആവാം" എന്ന് പറയുന്നു.