// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 27, 2018 Tuesday
കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നീക്കത്തിന്, പല ഭാഗത്ത് നിന്നും എതിർപ്പുകളുണ്ടായിട്ടും, കുവൈത്ത് ദേശീയ അസംബ്ലിയുടെ ധനകാര്യ സമിതി സമ്മതം മൂളിയതായി സൂചന.
നികുതി ചുമത്താനുള്ള നീക്കത്തിനോട് ഗവണ്മെന്റ് യോജിക്കുന്നതായി ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികൾ അയക്കുന്ന പണത്തിന്മേൽ നികുതി ചുമത്തുന്നത് കുവൈത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വാദം സമിതിയുടെ അദ്ധ്യക്ഷൻ എംപി സലാ ഖുർഷിദ് തള്ളി. പൗരന്മാരുടെയും, പ്രവാസികളുടെയും ഇടയിൽ ഇതുകാരണം വിവേചനമുണ്ടാവുമെന്ന സംശയങ്ങളും അദ്ദേഹം തള്ളി.
നികുതി ചുമുത്താനുള്ള നീക്കത്തെ ന്യായീകരിച്ച് ഖുർഷിദ് പറയുന്നത്, ചില ഗൾഫ് രാജ്യങ്ങൾ സമാനമായ തീരുമാനങ്ങൾ ഇതിനകം കൈക്കൊണ്ടിട്ടുണ്ട് എന്നാണ്. പക്ഷെ അത് ഏതു രാജ്യമാണെന്ന് അദ്ദേഹം പറയുന്നില്ല.
ബഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ അഞ്ച് ഗൾഫ് സഹകരണ കൌൺസിൽ അംഗങ്ങൾ അത്തരത്തിലുള്ള യാതൊരു നികുതിയും ഇത് വരെ ചുമത്തിയിട്ടില്ല.
നികുതികൾ അംഗീകരിക്കപ്പെട്ടാൽ 50 മില്യണ്‍ മുതൽ 60 മില്യണ്‍ കുവൈത്തി ദിനാർ വരെ സർക്കാർ ഖജനാവിന് അധിക വരുമാനം ഉണ്ടാവുമെന്ന് ഖുർഷിദ് പറഞ്ഞു.
കുവൈത്ത് പൗരന്മാരുടെ മേൽ ഇത്തരം നികുതികൾ ഏർപ്പെടുത്താൻ യാതൊരു നിർദ്ദേശവുമില്ലെന്ന് ഖുർഷിദ് പറഞ്ഞു. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന തുകയുടെ അഞ്ച് ശതമാനമാവണം നികുതിയെന്ന് എം പി സഫ അൽ-ഹസീം അഭിപ്രായപ്പെട്ടു. നികുതിയെ പറ്റിയുള്ള പല നിർദ്ദേശങ്ങളിലൊന്നാണിത്.
സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 4 ബില്ല്യണ്‍ കുവൈത്തി ദീനാറാണ് പ്രവാസികൾ സ്വന്തം നാടുകളിലേക്ക് അയച്ചിട്ടുള്ളത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ വിദേശ തൊഴിലാളികൾ അയച്ച തുക 19 ബില്ല്യണ്‍ കുവൈത്തി ദിനാറിനോട് അടുത്ത് വരും.
എണ്ണവില 2014 മദ്ധ്യത്തിൽ ഇടിയാൻ തുടങ്ങിയതോടെ കുവൈത്ത് പ്രവാസികളുടെ മേൽ നിരവധി ഫീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാസികൾ ഉപയോഗിക്കുന്ന വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കും, അവരുടെ മെഡിക്കൽ ഫീസും വർദ്ധിപ്പിച്ചിട്ടുണ്ട്.