// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 25, 2018 Sunday
ദോഹ: ഇറാനെതിരെ അമേരിക്ക നിലപാട് കടുപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്രൂഡോയിൽ വില ഈ ആഴ്ച കഴിഞ്ഞ 8 മാസത്തിനുള്ളിലെ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയെന്നു അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഈ ആഴ്ച 6.6% വർധിച്ച്എണ്ണ വില ഒരു ബാരലിന് കഴിഞ്ഞ വെള്ളിയാഴ്ച 70.58 ഡോളറിലെത്തി. 2017 ജൂലൈ മാസത്തിനു ശേഷംആദ്യമായാണ് ഒരാഴ്ചയിൽ ഇത്രയും കൂടുതൽ എണ്ണവില വർധിക്കുന്നത്.
ബറാക്ക് ഒബാമ ഇറാനുമായിഒപ്പിട്ട സുപ്രധാന ആണവ കരാറിൽ നിന്നും ഡൊണാൾഡ് ട്രംപ് പിൻവാങ്ങാനുള്ള സാധ്യത വർധിച്ചതും, ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം വർധിച്ചതുമാണ് എണ്ണ വിപണിയെ അലോസരപ്പെടുത്തുന്നത്.
മേഖലയിലുള്ള ഏതു സംഘർഷവും എണ്ണവിപണിയെ പ്രതികൂലമായി ബാധിക്കും. ഇറാനുമായി ഒരു ഏറ്റുമുട്ടലിന് തയാറെടുക്കുന്ന സൂചനകളാണ് ട്രംപ് നൽകുന്നത്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്സ്സനെ മാറ്റി മൈക്ക്പോംപിയെ നിയമിച്ചതും ജോൺ ബോൾട്ടനെ സെക്യൂരിറ്റി ഉപദേശകൻ ആക്കിയതും ഇതിന്റെ ഭാഗമാണ്.
ആണവകരാറിൽ നിന്നും അമേരിക്ക പിന്മാറിയാൽ ഇറാന് മേൽ കൂടുതൽ ഉപരോധം അടിച്ചേൽപ്പിക്കാൻ വഴിയൊരുക്കുകയും അത് ഇറാന്റെ എണ്ണ ഉത്പാദനത്തെയും കയറ്റുമതിയെയും കാര്യമായി ബാധിക്കുകയും ചെയ്യും.
മാത്രമല്ല, അമേരിക്ക സൗദി അറേബ്യക്കുള്ള ആയുധ വിൽപ്പനയും വർധിപ്പിച്ചിട്ടുണ്ട്.
വില വര്‍ധിപ്പിക്കാന്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചിരുന്നു. ഇത് തുടരാനാണ് സാധ്യത എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.