// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  20, 2018   Tuesday  

news



സെല്‍ഫ് ഡ്രൈവിംഗ് കാർ തട്ടി ഒരു കാൽനടയാത്രക്കാരൻ മരിക്കുന്നത് ആദ്യമായാണ് അമേരിക്കയിൽ.

whatsapp

ന്യൂ യോര്‍ക്ക്‌: അമേരിക്കയിലെ അരിസോണയിൽ ഡ്രൈവറില്ലാതെ സ്വയം ഓടുന്ന ഉബർ കാർ ഇടിച്ച് ഒരു സ്ത്രീ മരിച്ചു. സെല്‍ഫ് ഡ്രൈവിംഗ് കാർ തട്ടി ഒരു കാൽനടയാത്രക്കാരൻ മരിക്കുന്നത് ആദ്യമായാണ് അമേരിക്കയിൽ.

സംഭവം നടന്ന സമയത്ത്, കാർ ഓട്ടോ ഡ്രൈവിങ്ങ് സംവിധാനത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പക്ഷെ കാറിനുള്ളിൽ ഇത്തരം വാഹനങ്ങൾ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിദഗ്‌ദ്ധനായ ഒരാൾ ഉണ്ടായിരുന്നു.

സംഭവത്തിൽ ഉബർ ഖേദം പ്രകടിപ്പിച്ചു. “സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ അധികാരികളുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്,” ഒരു വക്താവ് പറഞ്ഞു.

അരിസോണയിലെ പുതിയ അപകടത്തിൽ മരിച്ചതു 49-കാരിയായ എലെയിൻ ഹെർസ്ബെർഗ് എന്ന സ്ത്രീയാന്ന്. സൈക്കിൾ ഉന്തി റോഡിലൂടെ നടന്നിരുന്ന അവരെ ഇടിച്ചത് മണിക്കൂറിൽ 40 മൈലിൽ പോയിരുന്ന ഒരു വോൾവോ എസ്.യു.വി ആണ്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

ഫീനിക്സ്, പിറ്റ്സ്ബർഗ്, സാൻ ഫ്രാൻസിസ്കോ, ടൊറോണ്ടൊ എന്നിവിടങ്ങളിൽ, ഡ്രൈവറുടെ സഹായമില്ലാതെ പൂര്‍ണമായും ഓട്ടോണമസ് സാങ്കേതിക വിദ്യയിൽ പ്രവര്‍ത്തിക്കുന്ന കാറുകൾ ഉപയോഗിച്ചുള്ള ടാക്‌സി സേവനം ഉബർ ഇതിനുശേഷം താൽക്കാലികമായി നിർത്തിവെച്ചു.

ഉബർ അമേരിക്കയിൽ പല ഇടങ്ങളിലും സ്വയം-ഡ്രൈവിംഗ് കാറുകൾ പരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം അരിസോണയിൽ തന്നെ ഉണ്ടായ ഒരു അപകടത്തിന് ശേഷം അവിടെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്നത് കുറച്ച് കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഉബർ കമ്പനി ആദ്യം കാലിഫോർണിയയിൽ സ്വയം ഓടുന്ന കാറുകൾ പരീക്ഷിച്ചു തുടങ്ങിയപ്പോൾ, അവ ചുവന്ന ലൈറ്റിൽ നിര്‍ത്താതെ പോവുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സ്വയം ഡ്രൈവിംഗ് സാങ്കേതിക വിദ്യക്ക് കാൽനടക്കാർ, സൈക്കിൾ യാത്രക്കാർ തുടങ്ങിയവരെ തിരിച്ചറിഞ്ഞ് അപകടങ്ങള്‍ ഒഴിവാക്കാനുള്ള കഴിവ് ഉണ്ടെന്നാണ് വിശ്വാസം. പക്ഷെ ഈ അപകടം സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ശക്തമായ നിയന്ത്രണങ്ങൾ വേണമെന്ന് തെളിയച്ചതായി ചില വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടി.

"റോബോട്ട് കാറുകൾക്ക് മനുഷ്യരുടെ പെരുമാറ്റം കൃത്യമായി പ്രവചിക്കാൻ കഴിയില്ല; മനുഷ്യരും റോബോട്ട് വാഹനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിലാണ് യഥാർത്ഥ പ്രശ്നമുള്ളത്," കൺസ്യൂമർ വാച്ച്ഡോഗ് എന്നാ സംഘടനയുടെ സാങ്കേതിക വിദ്യ പ്രോജക്ട് ഡയറക്ടറായ ജോൺ എം സിംസൺ പറഞ്ഞു.

Comments


Page 1 of 0