// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 13, 2018 Tuesday
സ്ഥാനചലനം സംഭവിച്ച യു. എസ്. സ്റ്റേറ്റ് സെക്രട്ടരി റെക്സ് ടില്ലേഴ്സന്‍
വാഷിംഗ്‌ടണ്‍: യു. എസ്. സ്റ്റേറ്റ് സെക്രട്ടരി റെക്സ് ടില്ലേഴ്സണെ പ്രസിഡണ്ട് ഡോണൾഡ് ട്രമ്പ് സ്ഥാനത്ത് നിന്നും മാറ്റി.
സി.ഐ.എ. ഡയരക്ടറും കടുത്ത ഇറാൻ വിരുദ്ധനുമായ മൈക്ക് പോംപിയോ ആണ് പുതിയ സ്റ്റേറ്റ് സെക്രട്ടരി.
ഇറാൻ, ഗൾഫ് പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ട്രമ്പിനും ടില്ലേഴ്സണും ഇടയിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഉപരോധത്തെ തുടർന്ന് ഖത്തർ അനുകൂല നിലപാട് സ്വീകരിച്ച ടില്ലേഴ്സണെ സ്ഥാനത്ത് നിന്ന് മാറ്റാൻ ഒരു അമേരിക്കൻ ലോബിങ്ങ് ഗ്രൂപ്പ് വഴി യു.എ.ഇ സമ്മർദ്ദം ചെലുത്തിയതായി വാർത്തയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ സ്ഥാനചലനം ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രമങ്ങളെ സങ്കീർണമാക്കിയേക്കും.
വാഷിങ്ങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രമ്പ് തീരുമാനം ടില്ലേഴ്സനെ അറിയിച്ചത്. സി.ഐ.എ. ഡെപ്യൂട്ടി ഡയരക്ടർ ജീനാ ഹാസ്പൽ ആണ് പുതിയ സി.ഐ.എ. ഡയരക്ടർ . ആദ്യമായാണ് ഒരു വനിത ഈ സ്ഥാനം അലങ്കരിക്കുന്നത്. സ്റ്റേറ്റ് ഡിപാർട്മെന്റിൽ ടില്ലേഴ്സന്റെ പുതിയ സ്ഥാനം എന്തായിരിക്കും എന്ന് വ്യക്തമല്ല.
ടില്ലേഴ്സനെ മാറ്റി പോംപിയോയെ സ്റ്റേറ്റ് സെക്രട്ടരിയാക്കാൻ ട്രമ്പ് ആലോചിക്കുന്നതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.
പ്രമുഖ അമേരിക്കൻ ഓയിൽ കമ്പനിയായ എക്സോൺ മൊബിലിന്റെ മുൻ തലവൻ ആയ ടില്ലേഴ്സൺ കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനാണ് സ്ഥാനം ഏറ്റത്.
ഇറാൻ ആണവ കരാർ, ഗൾഫ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡണ്ടും ടില്ലേഴ്സനും മുഖാമുഖം കണ്ടിരുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു.
ഞങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. പല വിഷയത്തിലും ഞങ്ങൾ ഒരേ പോലെയല്ല ചിന്തിച്ചിരുന്നത്; ട്രമ്പ് വൈറ്റ് ഹൗസിന് പുറത്ത് തടിച്ചുകൂടിയ പത്രക്കാരോട് പറഞ്ഞു.
ഉപരോധ രാജ്യങ്ങളെ വിമർശിച്ച ടില്ലേഴ്സൺ ഉപരോധത്തിന് അയവു വരുത്താൻ ആഹ്വാനം നൽകിയിരുന്നു. ട്രമ്പ് തുടക്കത്തിൽ ഉപരോധത്തിന് അനുകൂലമായി സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരുന്നു ഇത്.
ഇറാൻ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻമാറും എന്ന അഭ്യൂഹങ്ങളെ നിഷധിച്ചു കൊണ്ട് ടില്ലേഴ്സൺ നിരന്തരം പ്രസ്താവന ഇറക്കി. അതേ സമയം "ഏറ്റവും മോശമായ കരാർ" എന്നാണ് ട്രമ്പ് അതിനെ വിശേഷിപ്പിച്ചത്.
നോർത്ത് കൊറിയയുമായി ചർച്ചകൾ തുടങ്ങുന്നതിന് മുമ്പ് ഒരു പുതിയ ടീമിനെ ട്രമ്പിന് ആവശ്യമുണ്ട് എന്ന് അമേരിക്കൻ മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ സ്റ്റേറ്റ് സെക്രട്ടരിയും താനും ഒരേ തരംഗദൈർഘ്യത്തിൽ ചിന്തിക്കുന്നവരാണെന്ന് ട്രമ്പ് പറഞ്ഞു. പോംപിയോ 2010 ൽ അമേരിക്കൻ കോൺഗ്രസ് അംഗമായത് മുതൽ വിവാദപുരുഷനായിരുന്നു.
2013 ൽ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ച് മുസ്ലിംകൾ ഗുരുതരമായ മൗനം അവലംബിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ട് പോംപിയോ വിവാദം സൃഷ്ടിച്ചു.
ഇറാൻ ആണവ കരാറിനെ "ദുരന്തം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വടക്കൻ കൊറിയയുടെ വിഷയത്തിൽ ഏറ്റവും വലിയ കടുംപിടുത്തക്കാരൻ ആയിട്ടാണ് പോംപിയോ അറിയപ്പെടുന്നത്.
ടില്ലേഴ്സനെ മാറ്റിയ വാർത്ത പുറത്ത് വന്നതിനെ തുടർന്ന് അന്തർദേശീയ വിപണിയിൽ എണ്ണ വില നേരിയ തോതിൽ വർദ്ധിച്ചു. ഇറാൻ, ഗൾഫ് വിഷയങ്ങളിൽ അമേരിക്കൻ നിലപാടുകളിലുണ്ടാകാവുന്ന മാറ്റം വിപണിയെ ബാധിക്കും എന്ന ആശങ്കകളെ തുടർന്നാണ് വില വർദ്ധിച്ചത് എന്ന് റോയിട്ടേഴ്സ് ന്യൂസ് ഏജൻസി റിപ്പോര്ട്ട് ചെയ്തു.