// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 08, 2018 Thursday
ദോഹ: അയല്‍ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഖത്തര്‍ എയര്‍വയസ് ഈ വര്‍ഷം ഭീമമായ നഷ്ടം നേരിടുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകേര്‍ പറഞ്ഞതായി അല്‍ ജസീറ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഉപരോധം മൂലം സൌദി അറേബ്യ, യു. എ. ഇ., ബഹറൈന്‍, ഈജിപ്ത് എന്നീ നാല് രാജ്യങ്ങളിലുള്ള പതിനെട്ട് നഗരങ്ങളിലേക്കാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ ഖത്തര്‍ എയര്‍വയസ് സര്‍വിസ് നിര്‍ത്തിവെച്ചത്.
"ഈ മാസം അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷം ഞങ്ങള്‍ ഭീമമായ നഷ്ടം പ്രഖ്യാപിക്കും," കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ അല്‍ ബാകെര്‍ പറഞ്ഞു.
എയര്‍ലൈന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമോ എന്ന ഒരു പത്രക്കാരന്റെ ചോദ്യത്തിന് അക്ബര്‍ അല്‍ ബാകേര്‍ ഇങ്ങിനെ പറഞ്ഞു: "അടുത്ത ഭാവിയില്‍ അങ്ങിനെ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഉപരോധം ദീര്‍ഘകാലം തുടര്‍ന്നാല്‍ ഷെയര്‍ഹോള്‍ടെര്സ് കൂടുതല്‍ പണം ഇറക്കേണ്ടിവരും."
2016 സാമ്പത്തിക വര്‍ഷത്തില്‍ 541 മില്യണ്‍ ഡോളറായിരുന്നു ഖത്തര്‍ എയര്‍വയസിന്റെ ലാഭം.
ബെര്‍ലിനില്‍ നടന്ന ITB ട്രാവല്‍ ഫയരിലാണ് അല്‍ ബാകേര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഉപരോധം മൂലം പതിനെട്ട് നഗരങ്ങളിലേക്കുള്ള സര്‍വിസുകള്‍ നിര്‍ത്തി വെച്ചു എന്ന് മാത്രമല്ല അയല്‍രാജ്യങ്ങള്‍ വ്യോമാതിര്‍ത്തി അടക്കുക വഴി റൂട്ട് മാറ്റി പറക്കേണ്ടി വന്നതിനാല്‍ എയര്‍ലൈനിന്റെ ചെലവ് ഭീമമായി വര്‍ധിച്ചു.