// // // */
ഈയുഗം ന്യൂസ് ബ്യൂറോ
March 06, 2018 Tuesday
അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ തുടങ്ങിയാല്‍ തങ്ങളുടെ ആണവ പരീക്ഷണങ്ങള്‍ മരവിപ്പിക്കാനും ആണവായുധങ്ങള്‍ ഉപേക്ഷിക്കാനും തയ്യാറാണെന്ന് വടക്കന്‍ കൊറിയ അറിയിച്ചു. മുതിര്‍ന്ന തെക്കന്‍ കൊറിയ രാഷ്ട്രീയ നേതാക്കള്‍ വടക്കന്‍ കൊറിയ സന്ദര്‍ശിച്ചപ്പോഴാണ് ഈ അഭിപ്രായ പ്രകടനം വന്നത്.
മേഖലയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ സഹായിക്കുന്നതാണ് വടക്കന്‍ കൊറിയയുടെ ഈ നിലപാട് മാറ്റം.
മാത്രമല്ല വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോണ്‍ ഉണ്‍ അടുത്ത മാസം അവസാനം സൗത്ത് കൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജേ-ഇന്‍മായി ചര്‍ച്ചകള്‍ നടത്തും. ഒരു ദശകത്തിന് ശേഷം ഇതാദ്യമായാണ് ഇരു കൊറിയകളുടെയും നേതാക്കള്‍ പരസ്പരം കണ്ടുമുട്ടുക.
1950-53 ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം കടുത്ത ശത്രുക്കളാണ് ഇരു രാജ്യങ്ങളും.
തെക്കിനെതിരെ ആണവായുധങ്ങളോ മറ്റു പരമ്പരായുധങ്ങളോ ഉപയോഗിക്കില്ലെന്നും തെക്കന്‍ കൊറിയ അറിയിച്ചു. കൊറിയന്‍ മേഖല ആണവായുധമുക്തമാക്കാന്‍ വടക്ക് പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ ഭരണകൂടത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയാല്‍ ആണവായുധം കൈവശം വെക്കേണ്ട കാര്യം അവര്‍ക്കില്ലെന്നും വടക്കന്‍ കൊറിയന്‍ നേതാക്കള്‍ ചര്‍ച്ചകളില്‍ അറിയിച്ചതായി തെക്കന്‍ കൊറിയയിലെ ഒരു ഔദ്യോഗിക വക്താവ് പറഞ്ഞു.
നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് കൊറിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് കാര്യമായ ശ്രമം നടക്കുന്നത്.
സൗത്ത് കൊറിയന്‍ ഔദ്യോഗിക സംഘം നോര്‍ത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി. പുഞ്ചിരിയോടെ ഊഷ്മളമായി സൗത്ത് കൊറിയന്‍ സംഘത്തെ കിം സ്വീകരിക്കുന്ന ഫോട്ടോകളാണ് മാധ്യമങ്ങളില്‍ വന്നത്. കൊറിയന്‍ ഐക്യത്തിന്റെ ഒരു പുതിയ ചരിത്രം രചിക്കാന്‍ കിം ആഗ്രഹിക്കുന്നു എന്ന് വാര്‍ത്ത ഏജന്‍സികള്‍ പറഞ്ഞു.