// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 26, 2018 Monday
'വോഡഫോൺ ഖത്തറി' ലെ സ്വന്തം ഓഹരി, ബിസിനസ്സ് പങ്കാളിയായ ഖത്തർ ഫൗണ്ടേഷന് 301 മില്യൻ യൂറോ (37l മില്യൻ ഡോളർ) വിലക്ക് വിൽക്കുമെന്ന് ബ്രിട്ടീഷ് ടെലികോം ഭീമൻ വോഡഫോൺ പറഞ്ഞതായി റോയിട്ടേഴ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒരു പുതിയ പങ്കാളിത്ത ഉടമ്പടിയിലൂടെ വോഡഫോൺ, ഖത്തറിലെ അതിന്റെ സാന്നിധ്യം തുടരുമെന്നും ഒരു ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഓപറേറ്ററായ വോഡഫോൺ പുതിയ ഒരു ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ചെറിയ ചെറിയ ഓഹരികൾ വിറ്റഴിക്കുകയും പോളണ്ട്, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു കഴിഞ്ഞു.
വോഡഫോണും ഖത്തർ ഫൗണ്ടേഷനും ചേർന്ന ജോയന്റ് വെൻച്വർ വോഡഫോൺ ഖത്തറിന്റെ 45 ശതമാനം ഓഹരി കൈവശം വെക്കുന്നു. ബാക്കി ഗവണ്മെന്റിന്റെയും മറ്റു നിക്ഷേപകരുടെയും കയ്യിലാണെന്ന് റിപ്പോർട്ട് പറയുന്നു. 51 ശതമാനമാണ് ജോയിന്റ് വെൻച്വറിൽ വോഡഫോണിന്റെ ഓഹരി.
ഓഹരി വിൽക്കുമെങ്കിലും, അഞ്ച് വർഷത്തേക്കുള്ള ഒരു പാർട്ണർഷിപ്പ് എഗ്രിമെന്റിലൂടെ വോഡഫോൺ ഖത്തറിൽ തുടരും.
ഖത്തർ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തത്തിലൂടെ വിജയകരായ ഒരു സംയുക്ത സംരംഭം കെട്ടിപ്പടുക്കുന്നതിൽ വോഡഫോൺ വിജയിച്ചുവെന്നും പുതിയ ഒരു ദീർഘകാല പങ്കാളിത്ത ഉടമ്പടിയിലൂടെ ഈ പ്രയാണം തുടരാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും വോഡഫോൺ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ _ പെസിഫിക് മേഖലയുടെ തലവൻ വിവേക് ബദ്രീനാഥിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറയുന്നു.