ഈയുഗം ന്യൂസ്
November  27, 2025   Thursday   04:28:29pm

news



whatsapp

ദോഹ: പ്രശസ്ത ഇന്ത്യൻ ആർട്ടിസ്റ്റ് എം എഫ് ഹുസൈന്റെ സ്മരണക്കായി ഖത്തർ ഫൗണ്ടേഷൻ നിർമിച്ച മ്യൂസിയം ഈ ആഴ്ച ഔദ്യോഗികമായി തുറക്കും.

'ലഹ് വ ഖലം: എം. എഫ്. ഹുസൈൻ മ്യൂസിയം' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിയം നവംബർ 28 ന് എജ്യുക്കേഷൻ സിറ്റിയിൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.

കുടുംബങ്ങളെയും വിദ്യാർത്ഥികളെയും കലാസ്വാദകരെയും പഠിക്കാനും, ഗവേഷണം നടത്താനും പരസ്പരം ഒത്തുചേരാനും മ്യൂസിയത്തിലേക്ക് ക്ഷണിക്കുന്നതായി മ്യൂസിയം അധികൃതർ അറിയിച്ചു.

എം എഫ് ഹുസൈന് ഖത്തറുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

തൻ്റെ ചില ചിത്രങ്ങളെച്ചൊല്ലി വിവാദങ്ങളും നിയമ വെല്ലുവിളികളും നേരിട്ടതിനെത്തുടർന്ന് 2006 ൽ എം എഫ് ഹുസൈൻ ഇന്ത്യ വിട്ടു. 2010 ൽ ഖത്തർ അദ്ദേഹത്തിന് പൗരത്വം നൽകി.

ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൻ ഷെയ്ഖ മോസ ബിൻത് നാസർ എം എഫ് ഹുസൈന്റെ പ്രവർത്തനങ്ങളുടെ പ്രധാന രക്ഷാധികാരിയായിരുന്നു. ഹുസൈൻ തന്റെ അവസാനത്തെയും ഏറ്റവും വലിയതുമായ പ്രോജക്ടുകൾ ഖത്തറിലാണ് പൂർത്തിയാക്കിയത്. ഇതിൽ 99 പെയിന്റിംഗുകളുള്ള "അറബ് നാഗരികത" പരമ്പരയും ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ പുതിയ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആയ "സീറൂ ഫി അൽ അർദ്" ("ഭൂമിയിൽ നടക്കുക" എന്നർത്ഥം) എന്ന ചിത്രവും ഇതിൽ ഉൾപ്പെടും.

ഹുസൈന്റെ സ്വന്തം രേഖാചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആർക്കിടെക്ട് മാർട്ടാണ്ട് ഖോസ്ല രൂപകൽപ്പന ചെയ്ത കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

"സംസ്കാരത്തിനും സർഗ്ഗാത്മകതയ്ക്കുമുള്ള ഒരു പ്രാദേശിക, ആഗോള കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ പങ്കിനെ മ്യൂസിയം ശക്തിപ്പെടുത്തും. ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു," മ്യൂസിയം അധികൃതർ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള കലാകാരന്മാരിൽ ഒരാളാണ് എം എഫ് ഹുസൈൻ.

Comments


Page 1 of 0