// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 24, 2018 Saturday
കഴിഞ്ഞ വർഷം ജൂണിൽ സൗദി അറേബ്യയും മറ്റു മൂന്ന് രാജ്യങ്ങളും അടിച്ചേല്‍പ്പിച്ച പെരോധത്തെയും സാമ്പത്തിക ബഹിഷ്കരണത്തെയും അതിജീവിച്ച് ഖത്തറിന്റെ ധനക്കമ്മി (fiscal deficit) കുറയുകയാണുണ്ടായതെന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഫിച്ച് പറയുന്നു.
ഖത്തറിലെ ധനക്കമ്മി 2016 ലെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ 5.1% ത്തിൽ നിന്ന് നിന്ന് 2017 യിൽ 2.5% ആയി കുറഞ്ഞിരിക്കുമെന്നാണ് ഫിച്ചിന്റെ കണക്ക് കൂട്ടൽ. ഫിച്ചിന്റെ 2017 കണക്കുകൾ ഇപ്പോഴാണ് പുറത്ത് വിട്ടത്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു. ഐ. എ) യുടെ നിക്ഷേപ വരുമാനവും കൂടി കണക്കിലെടുത്ത ശേഷമാണ് ഈ നിഗമനത്തിൽ ഫിച്ച് എത്തിയിരിക്കുന്നത്.
എണ്ണ, ഗ്യാസ് എന്നിവയുടെ വിലയിലുള്ള വര്‍ദ്ധനയും, അതിനെ തുടര്‍ന്ന് ആഭ്യന്തര ഉത്പാദനത്തിലും, സർക്കാർ വരുമാനത്തിലും ഉണ്ടായ ഉയര്‍ച്ചയുമാണ് ഈ പ്രതീക്ഷക്ക് പിന്നിലുള്ളത്.
ഖത്തർ സെൻട്രൽ ബാങ്കിന്‍റെ പ്രാഥമിക കണക്കുകൾ പ്രകാരം, ക്യു. ഐ. എയുടെ വരുമാനം ഒഴിവാക്കി, 2017ലെ ആദ്യ മൂന്നു പാദങ്ങളിലെ ധനക്കമ്മി 24.7 ബില്ല്യന്‍ റിയാല്‍ (ജിഡിപിയുടെ 5.5 ശതമാനം) ആയിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. വരവിലും, ചെലവിലും 2016 ലെക്കാളും യഥാക്രമം 0.9 ശതമാനം, 1.5 ശതമാനം വര്‍ദ്ധനയും 2017ല്‍ സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.
ഹൈഡ്രോ കാർബൺ വില വര്‍ദ്ധന മൂലം 2017 നാലാം പാദത്തിലെ വരുമാനത്തിൽ കുതിപ്പ് ഉണ്ടായിട്ടുണ്ടാവുമെങ്കിലും, ചെലവുകളും പരമ്പരാഗതമായി ആ പാദത്തിൽ കേന്ദ്രീകരിക്കുന്നതുകൊണ്ട് അതും വളരെ കൂടിയിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഫിച്ച് പറയുന്നു.
ഉപരോധം അതിജീവിച്ച്, രാജ്യത്തെ വാണിജ്യ ബാങ്കുകളിൽ നോൺ-റസിഡന്റ് ഇന്റർബാങ്ക്, ഉപഭോക്തൃ നിക്ഷേപങ്ങളിൽ ഡിസംബറിൽ ആദ്യമായി വര്‍ദ്ധന ഉണ്ടായി. സാമ്പത്തിക അഭിവൃദ്ധിയുടെ സൂചനകളാണ് ഇത് കാണിക്കുന്നതെന്ന് ഫിച്ച് പറഞ്ഞു.