// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 20, 2018 Tuesday
സിങ്കപ്പൂരില്‍ 21 വയസ്സ് തികഞ്ഞ എല്ലാ പൌരന്മാര്‍ക്കും അവരവരുടെ വരുമാനം അനുസരിച്ച് 100 മുതല്‍ 300 വരെ സിങ്കപ്പൂര്‍ ഡോളര്‍ ഒറ്റത്തവണ ബോണസ്സായി ലഭിക്കുമെന്ന് സിങ്കപ്പൂര്‍ ധനമന്ത്രി പ്രഖ്യാപിച്ചു.
ഈ നഗര രാജ്യത്തിന്‍റെ 2017 ലെ വാര്‍ഷിക ബജറ്റ് 10 ബില്യന്‍ സിങ്കപ്പൂര്‍ ഡോളറിന്‍റെ (7.6 ബില്യന്‍ അമേരിക്കന്‍ ഡോളര്‍) മിച്ചം കാണിച്ചതിനെ തുടര്‍ന്നാണിത്. പാര്‍ലമെന്റിലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. പ്രസ്തുത ബോണസ് ഒരു “ഹോങ്ങ്ബോ” (പ്രത്യേക അവസരങ്ങളില്‍ നല്‍കുന്ന സാമ്പത്തിക സമ്മാനത്തിന് മന്ദാരിന്‍ ഭാഷയില്‍ പറയുന്ന വാക്ക്.) ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
“സിങ്കപ്പൂരിന്‍റെ വികസന ഫലങ്ങള്‍ സിങ്കപ്പൂര്‍കാരുമായി പങ്കുവയ്ക്കുക എന്ന സര്‍ക്കാരിന്റെ ദീര്‍ഘകാല പ്രതിബദ്ധതയുടെ തെളിവാണ്” ഇതെന്ന് അദ്ദേഹം പറഞ്ഞു – ചാനല്‍ ന്യൂസ് ഏഷ്യ ആണിത് റിപ്പോര്‍ട്ട് ചെയ്തത്.
ഈ ബോണസ് തീരുമാനം വഴി സിങ്കപ്പൂര്‍ സര്‍ക്കാര്‍ മൊത്തം നല്‍കേണ്ടി വരിക 700 മില്യന്‍ സിങ്കപ്പൂര്‍ ഡോളറാണ് (533 മില്യന്‍ അമേരിക്കന്‍ ഡോളര്‍). ജനങ്ങളുടെ കണക്കാക്കാവുന്ന വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ബോണസ് നല്‍കുക. ഏതാണ്ട് 27 ലക്ഷം പേര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. 2018 അവസാനത്തോടെ തുക നല്‍കും.
28,000 സിങ്കപ്പൂര്‍ ഡോളറോ അതില്‍ താഴയോ വരുമാനമുള്ളവര്‍ക്ക് 300ഡോളറും, 28,001-നും ഒരു ലക്ഷത്തിനും ഇടക്ക് വരുമാനമുള്ളവര്‍ക്ക് 200 ഡോളറും, ഒരു ലക്ഷത്തിനു മീതെ വരുമാനമുള്ളവര്‍ക്ക് 100 ഡോളറും ആണ് ലഭിക്കുക.
2017 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റു പ്രകാരം 9.61 ബില്യന്‍ സിങ്കപ്പൂര്‍ ഡോളറാണ് മിച്ചമുള്ളത്. നിയമാനുസൃത സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനവും പ്രതീക്ഷയില്‍ കവിഞ്ഞ സ്വത്തു നികുതിയുമാണ് ഇതിനു കാരണം.
പ്രസ്തുത മിച്ചം മറ്റു രീതിയിലും ഉപയോഗപ്പെടുത്തുമെന്ന് ഹെംഗ് പറഞ്ഞു. സിങ്കപ്പൂര്‍ ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ തീവണ്ടിപ്പാതക്ക് ഉപയോഗിക്കുന്നതിനായി റെയില്‍വേ ഇന്ഫ്രാസ്ട്രക്ട്ചര്‍ ഫണ്ടിലേക്ക് 5 ബില്യന്‍ ഡോളര്‍ നീക്കിവെക്കും. അപ്രകാരം, പ്രധാനപ്പെട്ട സബ്സിഡികള്‍ക്കും, ഗുരുതര വൈകല്യങ്ങളുള്ള മുതിര്‍ന്ന പൌരന്മാരുടെ ദൈനംദിന പരിരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കും മറ്റുമായി വേറൊരു 2 ബില്യന്‍ ചെലവഴിക്കും.