// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 20, 2018 Tuesday
ഇസ്ലാമാബാദു: പാക് സൈന്യത്തെ സൗദി അറേബ്യയിലേക്ക് അയക്കാനുള്ള നീക്കം പാക്കിസ്ഥാനിൽ വിവാദം ക്ഷണിച്ചു വരുത്തി.
പാർലമെൻറ് അംഗങ്ങളിൽ ഒരു വിഭാഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കയാണ്. പാക് സൈന്യം സൗദിയിൽ എത്തിയാൽ യമനിലെ ഇറാൻ പിന്തുണയുള്ള ഹുതി വിമതർക്കെതിരെ പോരാടേണ്ടി വരുമെന്നാണ് അവരുടെ ആശങ്ക.
എന്നാൽ വളരെ മുമ്പേ ഉണ്ടാക്കിയ ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് സേനയെ അയക്കുന്നതെന്നും അവർ സൗദിയിൽ തന്നെ നിലയുറപ്പിക്കുമെന്നും ആരുമായും ഏറ്റുമുട്ടലല്ല മറിച്ച് സൗദി റോയൽ സേനക്ക് ഉപദേശവും പരിശീലനവും നൽകലാണ് ദൗത്യം എന്നുമാണ് അധികൃതഭാഷ്യം.
എന്നാൽ മിസ്സിൽ ഈസ്റ്റിലെ പ്രത്യേകിച്ച് യമനിലെ ഒരു കുഴപ്പത്തിലും പാക് സേന പങ്കു ചേരില്ലെന്ന പാർലമെൻറ് പ്രമേയം ലംഘിക്കപ്പെടുമോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.
ഈയടുത്ത് പാക്കിസ്ഥാന്റെ കരുത്തനായ സൈന്യാധിപൻ ഖമർ ജാവീദ് ബജ് വയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും തമ്മിൽ റിയാദിൽ നടന്ന കൂടിക്കാഴ്ചയുടെ പിന്നാലെയാണ് സൈന്യത്തെ അയക്കാനുള്ള തീരുമാനം.
പാക്ക് നാവിക സേനയും സൗദി റോയൽ കപ്പൽപ്പടയും അറേബ്യൻ ഗൾഫിൽ ഒരാഴ്ച നടത്തിയ സംയുക്ത സൈനിക അഭ്യാസപ്രകടനങ്ങളുടെ പരിസമാപ്തിയായും ഇത് വിലയിരുത്തപ്പെടുന്നു.
എത്ര പേർ പോകുന്നുണ്ടെന്ന് സേനാ മേധാവികൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ഫുൾ ഡിവിഷൻ പോകുമെന്നാണ് പ്രതിപക്ഷ സെനറ്റർ ഫർഹത്തുല്ല ബാബർ അവകാശപ്പെടുന്നത്.
അതേസമയം ആയിരമോ ഏതാനും പേർ കൂടിയോ അടങ്ങുന്ന ഒരു വ്യൂഹത്തെയാണ് അയക്കുക എന്ന് പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ തുർക്കി ന്യൂസ് ഏജൻസി അനാഡൊലുവിനോട് പറഞ്ഞു.
മുമ്പേ തന്നെ അവിടെ നിലയുറപ്പിച്ചിട്ടുള്ള 1100 സേനാംഗങ്ങളോടൊപ്പം ഇവരും ചേരും. ഇരു രാജ്യവും തമ്മിൽ 1982ൽ ഉണ്ടാക്കിയ സെക്യൂരിറ്റി പ്രോട്ടോക്കോൾ പ്രകാരമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.