// // // */
ഈയുഗം ന്യൂസ് ബ്യൂറോ
February 16, 2018 Friday
ഓസ്ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും നാഷണൽ പാർട്ടിയുടെ നേതാവുമായ ബാർനാബി ജോയ്സ്.
മന്ത്രിമാരും അവരുടെ ജോലിക്കാരും തമ്മിൽ ലൈംഗിക ബന്ധം പാടില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ കല്‍പ്പന.
ഓസ്ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും നാഷണൽ പാർട്ടിയുടെ നേതാവുമായ ബാർനാബി ജോയ്സ് നേരിടുന്ന ലൈംഗിക അപവാദത്തെ തുടർന്നാണ് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സിഡ്നിയിലെ ഡെയിലി ടെലിഗ്രാഫ് പത്രം ജോയിസും അദ്ദേഹത്തിന്‍റെ മുൻ ഉദ്യോഗസ്ഥയായ വിക്കി കാമ്പിയനുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചതോടെയാണ് വിവാദങ്ങളുടെ ആരംഭം. ജോയിസിന്‍റെ 24 വർഷം പഴക്കമുള്ള വിവാഹം അവസാനിച്ചിരിക്കുകയാണെന്നും കാമ്പിയൻ ഗര്‍ഭിണിയാണെന്നുമുള്ള കാര്യങ്ങള്‍ ആ ഫോട്ടോയിലൂടെ പുറത്തുവന്നു.
ഉപപ്രധാനമന്ത്രി "ഞെട്ടിക്കുന്ന ഒരു തെറ്റ്" വരുത്തുകയും, തന്‍റെ ജീവിതത്തിലെ സ്ത്രീകൾക്ക് "കഷ്ടം നിറഞ്ഞൊരു ലോകം" സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി ടേൺബുൾ ആരോപിച്ചു. വീണ്ടുവിചാരം നടത്താനും തന്‍റെ മുൻഭാര്യയുടെയും നാല് പെൺമക്കളുടെയും ക്ഷമ നേടുന്നതിനുമായി ജോയിസ് കുറച്ച് ദിവസം അവധി എടുക്കുകയാണെന്നും ടേൺബുൾ പറഞ്ഞു.
“തന്‍റെ പുതിയ പങ്കാളിക്കും അവരുടെ കുട്ടിക്കും വേണ്ടി പുതിയ വീട് ഉണ്ടാക്കാനും” ഈ അവധി ഉപകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.
നടന്ന സംഭവം "ഈ സ്ഥലത്തിന്‍റെയും, പാർലിമെന്റിന്‍റെയും സംസ്കാരത്തെക്കുറിച്ചുള്ള ചില ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തുന്നു” എന്ന് പ്രധാനമന്ത്രി ടേൺബുൾ പറഞ്ഞു. പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിലുള്ള വിള്ളൽ പ്രതിഫലിപ്പിക്കുന്നതായി പ്രസ്‌താവനയെ ചില നിരീക്ഷകര്‍ കണക്കാക്കുന്നു.