ഈയുഗം ന്യൂസ്
December 02, 2020 Wednesday 12:59:05pm
ദോഹ: ഖത്തറിൽ കൊവിഡ് ഭേദമായവരിൽ വെറും നാല് പേർക്ക് മാത്രമാണ് വീണ്ടും രോഗബാധയുണ്ടായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരെല്ലാവരും യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയാണ് രണ്ട് തവണവും കൊവിഡിനെ അതിജീവിച്ചത്.
അൽ റയാൻ ചാനലിലെ ‘അൽ-സബാ റബാ‘ പരിപാടിയിൽ സംസാരിക്കുകയായിരുന്ന ഡോ. മുന അൽ മസ്ലമനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ സാംക്രമിക രോഗങ്ങൾക്കായുള്ള സെൻററിൻറെ മെഡിക്കൽ ഡയറക്ടറാണ് ഡോ. മുന.
ഖത്തറിൽ നാല് പേർക്ക് കൊവിഡ് രണ്ടാമതും സ്ഥിരീകരിച്ചെന്നും ആദ്യം കൊവിഡ് പോസിറ്റീവായി 45 മുതൽ 87 ദിവസത്തിൻറെ വ്യത്യാസത്തിലാണ് ഇവർക്ക് രണ്ടാമതും കൊവിഡ് ബാധിച്ചതെന്നും ഡോക്ടർ അറിയിച്ചു. രണ്ട് തവണയും രോഗികളിൽ ആർക്കും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല.
വൈറസ് ബാധിതനാവുന്ന രോഗിയുടെ ശരീരത്തിൽ രൂപപ്പെടുന്ന പ്രതിരോധ വലയത്തെപ്പറ്റിയും ഈ ഘട്ടത്തിൽ ശരീരത്തിൽ ഉണ്ടാവുന്ന ആൻറിബോഡി എത്രകാലം വരെ സജീവമായിരിക്കാൻ സാധിക്കുമെന്നതിനെപ്പറ്റിയും കൂടുതൽ പഠനങ്ങൾ നടത്തണമെന്ന് ഡോക്ടർ മുന അഭിപ്രായപ്പെട്ടു.
കൊവിഡ്-19 വാക്സിൻ വികസിപ്പിക്കാൻ സാധ്യതയുള്ള ഒരു സുപ്രധാന അന്താരാഷ്ട്ര നിർമാണ കമ്പനിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം കരാറിലേർപ്പെട്ടു കഴിഞ്ഞു. അനുമതി ലഭിച്ചാലുടനെ വാക്സിൻ ഖത്തറിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും ഡോക്ടർ മുന അറിയിച്ചു.
കൊവിഡ്-19നെ തിരിച്ചറിയാനുള്ള പുതിയൊരു ടെസ്റ്റിനെപ്പറ്റിയും ഡോ.മുന സൂചന നല്കി. ഈ ആൻറിജൻ ടെസ്റ്റിലൂടെ പതിനഞ്ച് മിനിട്ടിനകം ശരീരത്തിലെ വൈറസ് സാന്നിധ്യം അറിയാൻ സാധിക്കും. ഈ ടെസ്റ്റിനുള്ള അനുമതി അടുത്തിടെയാണ് ലഭിച്ചത്. 97 ശതമാനം കൃത്യത ഉറപ്പു തരുന്ന ഈ ടെസ്റ്റ് നടത്താനുള്ള സൌകര്യങ്ങൾ പ്രമുഖ ഹമദ് മെഡിക്കൽ കോർപ്പറേഷൻ വകുപ്പുകളിൽ ഉടൻ ആരംഭിക്കുമെന്നും ഡോക്ടർ അറിയിച്ചു. പി.സി.ആർ പരിശോധന 100 ശതമാനം കൃത്യത ഉറപ്പ് തരുന്നുണ്ടെങ്കിലും ഇതിൻറെ ഫലമറിയാൻ 6 മുതൽ 8 മണിക്കൂർ വരെ കാത്തിരിക്കണമെന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
കൊവിഡ് വൈറസിനെ ചെറുക്കാൻ കെല്പുള്ള വാക്സിനിലൂടെയോ അതിനെതിരായ ചികിത്സാ രീതിയിലൂടെയോ മാത്രമേ കൊവിഡ് മഹാമാരിയെ ലോകത്ത് നിന്ന് തുടച്ചു നീക്കാൻ സാധിക്കുകയുള്ളൂ. മനുഷ്യശരീരത്തിന് കൊവിഡ് വൈറസിനെതിരായ പ്രതിരോധ ശക്തി സ്വാഭാവികമായി ആർജിക്കാൻ സാധിക്കുന്ന കാലത്തും രോഗബാധയിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിച്ചെന്നിരിക്കും.