ഈയുഗം ന്യൂസ്
November 20, 2020 Friday 02:35:50pm
ദോഹ: ഖത്തറിൽ 2022 ൽ അരങ്ങേറുന്ന ലോക കപ്പിന് ഇനി രണ്ട് വർഷം മാത്രം ബാക്കിനിൽക്കെ ഖത്തർ എയർവെയ്‌സ് വിമാനം ലോക കപ്പ് നിറങ്ങളിൽ പുറത്തിറങ്ങി.
ബോയിങ് 777 വിമാനത്തിലാണ് ലോഗോ അടക്കം ലിവറി പെയിന്റ് ചെയ്തത്. ഇന്ന് മുതൽ (നവംബർ 20) വിമാനം സർവീസ് തുടങ്ങുമെന്ന് ഖത്തർ എയർവെയ്‌സ് അറിയിച്ചു. 2022 നവംബർ 21 നാണ് വേൾഡ് കപ്പ് കിക്ക് ഓഫ്.
വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങളിൽ ലോക കപ്പ് ലോഗോയും നിറങ്ങളും പെയിന്റ് ചെയ്യുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവ സർവീസ് നടത്തുമെന്നും ഖത്തർ എയർവെയ്‌സ് അറിയിച്ചു.
ഇന്ന് പുറത്തിറക്കിയ വിമാനം ദോഹ-സൂറിക് സെക്ടറിൽ ആണ് സർവീസ് നടത്തുക. സ്വിറ്റ്സർലൻഡിലെ സൂറിക് ഫിഫയുടെ ഹെഡ്കോർട്ടേഴ്‌സ് ആണ്.
"ഒരു വിമാനം മുഴുവൻ ലോക കപ്പ് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയത് രസകരമായ ഒരു കാഴ്ച്ചയാണ്," സുപ്രീം കമ്മിറ്റി ചെയർമാൻ ഹസ്സൻ അൽ സവാദി പറഞ്ഞു.
"ഫിഫയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഇതേ രീതിയിൽ ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," ഖത്തർ എയർവെയ്‌സ് സി.ഇ.ഓ അക്ബർ അൽ ബക്കർ പറഞ്ഞു.