// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  09, 2020   Thursday   03:49:53pm

news



whatsapp

ദോഹ: സൗദി രാജകുടുംബത്തിലെ 150 ഓളം പേര്‍ക്ക് കോവിഡ്‌ ബാധിച്ചതായി റിപ്പോര്‍ട്ട്‌. ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ആണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്.

കോവിഡ്‌ ബാധിതരില്‍ റിയാദ് ഗവര്‍ണര്‍ പ്രിന്‍സ്‌ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സൌദും ഉള്‍പ്പെടും. എഴുപത് വയസ്സിലധികം പ്രായമുള്ള പ്രിന്‍സ്‌ ഫൈസല്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണെന്ന് ഡോക്ടര്‍മാരെയും രാജകുടുംബവുമായി അടുപ്പമുള്ളവരെയും ഉദ്ധരിച്ച്കൊണ്ട് ന്യൂ യോര്‍ക്ക്‌ ടൈംസ്‌ പറഞ്ഞു.

കോവിഡ്‌ ബാധിക്കാതിരിക്കാന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സ്വയം ഐസൊലേഷനിലാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

രാജകുടുംബാംഗങ്ങളെ ചികിത്സിക്കുന്ന കിംഗ്‌ ഫൈസല്‍ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കൂടുതല്‍ രോഗികളെ സ്വീകരിക്കാന്‍ 500 കിടക്കകള്‍ കൂടി തയ്യാറാക്കി. "എത്ര കേസുകള്‍ വരുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ ജാഗ്രതയിലാണ്. പക്ഷേ എമര്‍ജന്‍സി കേസുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ," ഹോസ്പിറ്റല്‍ അയച്ച ഒരു സന്ദേശത്തില്‍ പറഞ്ഞു. ഹോസ്പിറ്റലില്‍ രോഗം ബാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ താഴ്ന്ന നിലവാരത്തിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും. രാജകുടുംബാംഗങ്ങള്‍ക്ക് സൌകര്യമൊരുക്കാനാണ് ഇത് എന്നും സന്ദേശത്തില്‍ പറഞ്ഞു.

സൗദ് രാജകുടുംബത്തില്‍ ഏകദേശം 15,000 അംഗങ്ങള്‍ ഉണ്ട്. ഇവരില്‍ പലരും സ്ഥിരമായി അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവരാണ്. പലര്‍ക്കും വിദേശത്ത് നിന്നാണ് വൈറസ്‌ ബാധിച്ചത്.

ഇപ്പോള്‍ രോഗം ബാധിച്ചവരില്‍ കൂടുതല്‍ പേരും രാജകുടുംബത്തിലെ താഴെത്തട്ടിലുള്ളവരാണ്. രോഗം പടര്‍ന്ന ഉടനെ സല്‍മാന്‍ രാജാവ് ജിദ്ദക്കടുത്തുള്ള ഒരു ദ്വീപിലെ കൊട്ടാരത്തിലേക്ക് താമസം മാറി. കിരീടാവകാശി മറ്റൊരു വിദൂര സ്ഥലത്താണ്.

സൗദിയില്‍ ഇതുവരെ 2,932 കോവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച് 41 പേര്‍ മരിച്ചു.

Comments


Page 1 of 0